കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് തള്ളിവിട്ട് പടിയിറങ്ങിയ ഋഷി സുനക്കിനു ഒരു മിനിറ്റില്‍ ലഭിക്കുന്നത് 50,000 രൂപ; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അദാനി ചാനലായ എന്‍ഡിടിവിയുടെ അഞ്ച് മണിക്കൂര്‍ പരിപാടിക്ക് ലഭിച്ചത് ഒന്നരക്കോടി പ്രതിഫലം

എന്‍ഡിടിവിയുടെ അഞ്ച് മണിക്കൂര്‍ പരിപാടിക്ക് ലഭിച്ചത് ഒന്നരക്കോടി പ്രതിഫലം

Update: 2025-10-27 04:39 GMT

ലണ്ടന്‍: കഴിഞ്ഞയാഴ്ച ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നത് ഋഷി സുനക് മേയ്‌ഫെയറില്‍ പുതിയൊരു വീട് വാങ്ങി എന്നാണ്. ലണ്ടനില്‍ ഇനി ഇവരുടെ വസതി ഇതായിരിക്കും. ഇതിന്‍- പുറമെ ഋഷിക്കും ഭാര്യ അക്ഷതയ്ക്കും കൂടി യോര്‍ക്ക്ഷയറില്‍ ഒരു വലിയ വീടുണ്ട്. അമേരിക്കയിലെ സാന്റാ മോണിക്കയില്‍ ഒരു ഫ്‌ലാറ്റും. റിച്ച്‌മോണ്ടില്‍ നിന്നുള്ള എം പി എന്ന നിലയിലുള്ള വരുമാനം മാത്രം മതിയാകുമോ ഇത് വാങ്ങുവാന്‍ എന്ന സംശയം ഉണ്ടാവുക സ്വാഭാവികം മാത്രം.

അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള വ്യക്തിയാണ് ഋഷി സുനകിന്റെ പത്‌നി അക്ഷത മൂര്‍ത്തി എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. എന്നാല്‍, അതുമാത്രമല്ല, ഈ പുതിയ വീട് വാങ്ങുന്നതിലെ സാമ്പത്തിക സ്രോതസ്സ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിലെ ഏറ്റവും മോശപ്പെട്ട പരാജയത്തിലേക്ക് നയിച്ചതിന് ശേഷം ഋഷി സുനക് ഏറ്റെടുത്ത പുതിയ ചുമതലകള്‍ അദ്ദേഹത്തിന് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്. ഒരു കോര്‍പ്പറേറ്റ് എന്ന നിലയിലും ഒരു ആഫ്റ്റര്‍ ഡിന്നര്‍ സ്പീക്കര്‍ എന്ന നിലയിലും അദ്ദേഹം തിളങ്ങുകയാണ്.

ഒരു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രഭാഷകനായി ലഭിക്കുന്നത് ഏതൊരു സ്ഥാപനത്തിനും ലഭിക്കാവുന്ന അപൂര്‍വ്വ ബഹുമതി തന്നെയാണ്. അതുകൊണ്ടു തന്നെ, അതിനായി എത്ര പണം ചെലവഴിക്കാനും സംഘാടകര്‍ മടിക്കില്ല. ഈ മാസം അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍ ഡി ടി വി, ഋഷി സുനകിന്റെ അഞ്ച് മണിക്കൂര്‍ പരിപാടിക്ക് നല്‍കിയത് 1,41,000 പൗണ്ട് ആണെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. അതായത്, ഇപ്പോള്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ശമ്പളം മണിക്കൂറില്‍ 470 പൗണ്ട്.

ഡീപ് സ്റ്റേറ്റ് നോട്ടമിട്ടിരിക്കുന്നു എന്ന പറയപ്പെടുന്ന വ്യവസായിയാണ് ഗൗതം അദാനി. ഹിണ്ടന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉള്‍പ്പടെ, അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തെ തകര്‍ക്കാനായി , അന്താരാഷ്ട്ര തലത്തില്‍ വരെ നിരവധി ശ്രമങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഇന്ത്യയ്ക്കകത്തും പല വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരമൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചാനലിലാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പരിപാടി അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

നേരത്തേയും ചില പരിപാടികള്‍ക്ക് ഋഷി സുനക് വന്‍ തുകകള്‍ കൈപ്പറ്റിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബെയ്ന്‍ ക്യാപിറ്റലിനായി മൂന്ന് മണിക്കൂര്‍ പ്രഭാഷണത്തിന് ഋഷി സുനക് കൈപറ്റിയത് 1,60,000 പൗണ്ട് ആയിരുന്നെങ്കില്‍, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു ക്യാപിറ്റല്‍ മാനേജ്‌മെന്റ് സ്ഥാപനമായ മകേനയിലെ രണ്ടര മണിക്കൂര്‍ പരിപാടിക്ക് അദ്ദേഹം കൈപ്പറ്റിയത് 1,56,000 പൗണ്ട് ആയിരുന്നു. സമാനമായ രീതിയില്‍, ദക്ഷിണ കൊറിയയിലെ ഒരു മാധ്യമസ്ഥപനത്തില്‍ നിന്നും നാല് മണിക്കൂര്‍ പരിപാടിക്ക് അദ്ദേഹം 1,88,000 പൗണ്ട് ഈടാക്കിയിരുന്നു.

മുന്‍ രാഷ്ട്ര തലവന്മാര്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഷിംഗ്ടണ്‍ സ്പീക്കേഴ്സ് ബ്യൂറോ വഴിയാണ് ഋഷിയ്ക്ക് പരിപാടികള്‍ ലഭിക്കുന്നത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയമടഞ്ഞെങ്കിലും, ഋഷിയുടെ സെക്കന്‍ഡ് ഇന്നിംഗ്‌സ് അതി ഗംഭീരമായി മുന്നോട്ട് പോവുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

Tags:    

Similar News