തോമസ് കെ തോമസിനോടും മാത്യു ടി തോമസിനോടും ലയിക്കാന്‍ സിപിഎം നിര്‍ദ്ദേശം; ഇല്ലെങ്കില്‍ ശ്രേയാംസിന്റെ ഗതി വരുമെന്നും മുന്നറിയിപ്പ്; രണ്ടു പാര്‍ട്ടികളും കേരളത്തില്‍ എല്‍.ഡി.എഫിനും കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കുമൊപ്പമെന്ന പേരുദോഷം മാറ്റാന്‍ പിണറായി വക ഒറ്റമൂലി; കേരളത്തില്‍ വീണ്ടും ലയന ചര്‍ച്ച; ആര്‍ജെഡിയ്ക്ക് ഇടതില്‍ വലിയ പരിഗണന കിട്ടില്ല
ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളായ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ സാധ്യത. ഇതു സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തി. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച. രണ്ടു പാര്‍ട്ടികളും കേരളത്തില്‍ എല്‍.ഡി.എഫിനും കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്കുമൊപ്പമെന്ന പേരുദോഷം മാറ്റാനായിരുന്നു ഈ നീക്കം. നേരത്തെ ജനതാദള്ളുമായി ലയിക്കാന്‍ ശ്രേയംസ് കുമാറിന്റെ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ശ്രേയംസ് ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പിന്നാലെ ആര്‍ജെഡിയില്‍ അവര്‍ ലയിച്ചു. ഇത് സിപിഎമ്മിന് പ്രകോപനമായിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദ(ഐ.എസ്.ജെ.ഡി)ളും എന്‍.സി.പിയും ലയിച്ച് ഒരു പാര്‍ട്ടിയാകാന്‍ നിര്‍ദ്ദേശിച്ചത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ സീറ്റ് നല്‍കലില്‍ അടക്കം സിപിഎം രണ്ടു പാര്‍ട്ടികളോടും കടുത്ത നിലപാടുകള്‍ എടുക്കും.
എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എം.എല്‍.എയും ഐ.എസ്.ജെ ഡി. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എയുമായാണ് ചര്‍ച്ച നടത്തിയത്. ഇരുകക്ഷികളുടെയും മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച തുടരും. നിലവില്‍ എന്‍.സി.പിക്ക് കുട്ടനാട്, എലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും ഐ.എസ്.ജെ.ഡിക്ക് ചിറ്റൂര്‍, തിരുവല്ല മണ്ഡലങ്ങളില്‍നിന്നുമാണ് എം.എല്‍.എമാരുള്ളത്. ലയനം യാഥാര്‍ഥ്യമായാല്‍ ഏഴ് സീറ്റുകള്‍ മത്സരിക്കുന്ന പാര്‍ട്ടിയായി മാറാന്‍ കഴിയും. ഐ.എസ്.ജെ.ഡിയുടെ മുന്‍രൂപമായ ജനതാദള്‍ (എസ്) കഴിഞ്ഞ തവണ നാല് സീറ്റുകളിലാണ് മത്സരിച്ചത്. തിരുവല്ല, ചിറ്റൂര്‍, കോവളം, അങ്കമാലി എന്നിവയായിരുന്നു അത്. ഇത്തവണ ഓരോ സീറ്റ് കൂടുതലായി വേണമെന്ന് ഇരുകക്ഷികളും ആവശ്യമുന്നയിച്ചപ്പോഴാണ് ലയന നിര്‍ദേശം സി.പി.എം മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്.
കോവളം സീറ്റില്‍ മറ്റൊരു ഘടകകക്ഷിയായ ആര്‍.ജെ.ഡി. അവകാശവാദമുന്നയിച്ചതോടെ പുതിയ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. ദേശീയനേതൃത്വം എന്‍.ഡി.എ. പാളയത്തിലെത്തിയതോടെയാണ് ജനതാദള്‍ (എസ്) കേരള ഘടകം കഴിഞ്ഞ മാസം കൊച്ചിയില്‍ ലയന സമ്മേളനം നടത്തി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേര് സ്വീകരിച്ചത്. ഇതോടെ ജനതാദള്ളുമായുള്ള ബന്ധവും തീര്‍ന്നു. കേരളത്തിലെ പൊതു സാഹചര്യത്തിന് അനുയോജ്യമായ ഇടതു നിലപാടുകള്‍ ഉയര്‍ത്തി പിടിക്കാന്‍ അവര്‍ക്ക് കഴിയും. എന്‍സിപിയിലും ഇതേ പ്രതിസന്ധിയുണ്ട്. ശരത് പവാറിനൊപ്പമാണ് കേരളത്തിലെ ഘടകം എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അജിത് പവാറിന്റെ മരണത്തോടെ രണ്ടു എന്‍സിപികളും ലയിച്ച് ബിജെപിക്കൊപ്പം ചേരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍സിപിയുടെ കേരളത്തിലെ നേതാക്കളോടു ലയിക്കാന്‍ സിപിഎം നിര്‍ദ്ദേശിക്കുന്നത്. സിപിഎം ആവശ്യം എന്‍സിപിയും അനുസരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസും ഐ.എസ്.ജെ.ഡി പ്രസിഡന്റ് മാത്യു ടി. തോമസും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ലയനത്തിന് വഴങ്ങിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്ന ഭീഷണി സി.പി.എം ഉയര്‍ത്തിക്കഴിഞ്ഞു. നിലവില്‍ ഏഴ് സീറ്റുകള്‍ വരെ ലക്ഷ്യമിടുന്ന ഈ രണ്ട് പാര്‍ട്ടികളും ലയിച്ചാല്‍ മുന്നണിയിലെ കരുത്തരായ ഒരു ബ്ലോക്കായി മാറാമെങ്കിലും അസ്തിത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് അണികള്‍. ദേശീയ തലത്തില്‍ അജിത് പവാര്‍ ബി.ജെ.പി പാളയത്തിലെത്തിയതോടെ എന്‍.സി.പി കേരള ഘടകം വലിയ പ്രതിസന്ധിയിലാണ്. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എന്‍.സി.പിയിലെ ഇരുവിഭാഗങ്ങളും ലയിച്ച് പൂര്‍ണ്ണമായും ബി.ജെ.പി പക്ഷത്തേക്ക് നീങ്ങിയാല്‍ കേരളത്തിലെ എല്‍.ഡി.എഫ് ഘടകകക്ഷിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിന് സി.പി.എം നല്‍കുന്ന ഉത്തരമാണ് ഈ ലയനം.
ജനതാദള്‍ (എസ്) ദേശീയ നേതൃത്വം എന്‍.ഡി.എയില്‍ ചേര്‍ന്നതോടെയാണ് ഐ.എസ്.ജെ.ഡി എന്ന പുതിയ പേര് സ്വീകരിച്ച് മാത്യു ടി. തോമസും സംഘവും അസ്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളുടെയും 'ദേശീയ' ബന്ധം സി.പി.എമ്മിന് എന്നും തലവേദനയാണ്. ശ്രേയംസിനോട് പറഞ്ഞത് കേട്ടില്ല. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് മുന്നണിയില്‍ ഇപ്പോള്‍ ഒരു പരിഗണനയും നല്‍കാത്തത്. ഈ സാഹചര്യത്തില്‍ എന്‍സിപിയും മാത്യു ടി തോമസിന്റെ പാര്‍ട്ടിയും എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ആര്‍ ജെ ഡിയ്ക്ക് വലിയ പരിഗണന നല്‍കില്ലെന്ന നിലപാടിലാണ് സിപിഎം.
