'ആണ്‍പിള്ളേര്‍ പ്രണയം നടിച്ചുചെല്ലും, പെണ്‍കുട്ടി താല്‍പര്യമില്ലെന്ന് പറഞ്ഞാലും പിന്നാലെ നടക്കും; എത്ര പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു? അവന്‍ പ്രാര്‍ത്ഥിക്കാന്‍ പോയതല്ലല്ലോ? ഷാരോണ്‍ കേസില്‍ വധശിക്ഷ പ്രതി 'അവള്‍' ആയതുകൊണ്ട്': ചര്‍ച്ചയായി കമാല്‍ പാഷയുടെ വാക്കുകള്‍

'ആണ്‍പിള്ളേര്‍ പ്രണയം നടിച്ചുചെല്ലും, പെണ്‍കുട്ടി താല്‍പര്യമില്ലെന്ന് പറഞ്ഞാലും പിന്നാലെ നടക്കും

Update: 2025-01-22 01:40 GMT

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് കണ്ടാണ് കോടതി പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ഈ കോടതി വിധിയെ ചുറ്റിപ്പറ്റി പലവിധത്തിലുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇതില്‍ ശ്രദ്ധിക്കപ്പെട്ടതും വിവാദങ്ങള്‍ക്ക് വഴിവെച്ചതുമായ പ്രതികരണം വന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. കമാല്‍പാഷയില്‍ നിന്നുമായിരുന്നു. പൊതുചിന്താധാരയ്ക്ക് എതിരായ അഭിപ്രായമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായതിന്റെ പേരില്‍ വിര്‍ശനവും അദ്ദേഹത്തിനെതിരെ കടുക്കുന്നുണ്ട്.

അതേസമയം കേസില്‍ വധശിക്ഷ നല്‍കേണട് കാര്യമില്ലെന്ന് കമാല്‍പാഷ ആവര്‍ത്തിക്കുന്നു. വധശിക്ഷ നല്‍കേണ്ട കേസല്ലെന്നും പ്രതി 'അവള്‍'ആയതാണ് പ്രശ്‌നമെന്നും കെമാല്‍പാഷ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ആളുകള്‍ അതിവൈകാരികമായാണ് കണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രണ്ടു വര്‍ഷത്തിനിടെ എത്ര പെണ്‍കുട്ടികള്‍ ഇവിടെ ദാരുണമായി കൊല്ലപ്പെട്ടു? സമൂഹം ചിന്തിക്കുന്നുണ്ടോ?' പ്രണയം നിരസിച്ചതിനും വിവാഹം നിഷേധിച്ചതിനും എത്ര പെണ്‍കുട്ടിികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. 'ആണ്‍പിള്ളേര്‍ പ്രണയം നടിച്ചുചെല്ലും, പെണ്‍കുട്ടി താല്‍പര്യമില്ലെന്ന് പറഞ്ഞാലും പിന്നാലെ നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രണയം നിഷേധിച്ചതിന് ഒരുവന്‍ പാറ്റ്‌നയില്‍ പോയി തോക്കുവാങ്ങിവന്ന് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു. റോഡിലിട്ട് പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ഇതെല്ലാം ഇവിടെത്തന്നെയാണ് നടന്നതെന്നും കമാല്‍പാഷ പറഞ്ഞു. ഇത് ചെയ്തവരുടെ പേര് ആരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോയെന്നും കമാല്‍പാഷ ചോദിക്കുന്നു.

ഇവിടെ പ്രതി പെണ്‍കുട്ടി ആയപ്പോള്‍ സമൂഹത്തിന് സഹിക്കുന്നില്ല.' ഇതിനര്‍ഥം ഗ്രീഷ്മയെ ന്യായീകരിക്കുന്നുവെന്നല്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. 'ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഗ്രീഷ്മ ചെയ്തത്, അങ്ങേയറ്റത്തെ തോന്ന്യാസം. ഒരേതരം കുറ്റങ്ങളെ രണ്ടുകണ്ണുകൊണ്ട് കാണരുത് എന്നാണ് ഞാന്‍ പറയുന്നത്. അവള്‍ പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാണെന്ന് പറയുന്നു, കാണുന്നോര്‍ക്കെല്ലാം അവള്‍ കഷായം കൊടുക്കുന്നുണ്ടോ? ഈ പെണ്‍കുട്ടിയുടെ അടുത്തുപോയ പയ്യന്‍ കഷായം കുടിക്കാനോ പ്രാര്‍ത്ഥിക്കാനോ അല്ലല്ലോ പോയത്, പുണ്യപ്രവര്‍ത്തിക്ക് പോയ ഒരാളെ കൊലപ്പെടുത്തി എന്ന തരത്തിലാണ് സമൂഹം കാണുന്നത്, അത് വൈകാരിക പ്രതികരണമാണ്. അത് പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

'ആ പെണ്‍കുട്ടിയുടേത് ചെറിയ പ്രായമാണ്, അത് പരിഗണിക്കണം. മനംമാറ്റത്തിനും നല്ല നടപ്പിനും സാധ്യതയുണ്ടോയെന്ന് വധശിക്ഷ വിധിക്കുംമുന്‍പ് പരിഗണിക്കണമായിരുന്നു. കൊലപ്പെടുത്താന്‍ ഒരുക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിധിയില്‍ പറയുന്നു. അവനെ ഒരാളെ ലക്ഷ്യമിട്ടല്ലേ ഇത് ചെയ്തത്? മറ്റാരെയും ലക്ഷ്യമിട്ടില്ല. ഇതൊന്നും ചിന്തിക്കാതെയാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഗ്രീഷ്മയ്ക്ക് ജീവപര്യന്തം തടവുശിക്ഷ തന്നെ കൊടുക്കണമായിരുന്നു, പഴയതുപോലെയല്ല, ഇളവ് (കിട്ടാന്‍ ബുദ്ധിമുട്ടുള്ള കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ. കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി പാറശാല മുര്യങ്കര ജെ.പി.ഹൗസില്‍ ഷാരോണ്‍ രാജിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്കു (24) നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ വധശിക്ഷ വിധിച്ചത്.

ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മലകുമാരന്‍ നായര്‍ക്കു മൂന്നു വര്‍ഷം തടവുശിക്ഷയും വിധിച്ചു. തെളിവു നശിപ്പിച്ചെന്നതാണു നിര്‍മലകുമാരന്‍ നായര്‍ക്കെതിരായ കുറ്റം. ഗ്രീഷ്മ ചെയ്തതു സമര്‍ഥമായ കൊലപാതകമാണ്.

ആന്തരികാവയവങ്ങള്‍ അഴുകിയാണു ഷാരോണ്‍ മരിച്ചത്. പ്രായക്കുറവ്, മികച്ച വിദ്യാഭ്യാസം തുടങ്ങിയവ പ്രതിക്കു പരമാവധി ശിക്ഷ നല്‍കാതിരിക്കാന്‍ തടസ്സമല്ലെന്നും കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്.

വിധി കേള്‍ക്കാന്‍ എത്തിച്ചപ്പോള്‍ ഗ്രീഷ്മ ആദ്യം കരഞ്ഞെങ്കിലും വധശിക്ഷ വിധിച്ചപ്പോള്‍ നിര്‍വികാരമായാണു കേട്ടുനിന്നത്. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ച പൈശാചിക മനസ്സായിരുന്നു ഗ്രീഷ്മയ്‌ക്കെന്നു കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെ അതേപടി അംഗീകരിക്കുന്നതായിരുന്നു വിധിപ്രസ്താവം. ഗ്രീഷ്മ നടത്തിയതു വിശ്വാസവഞ്ചനയാണ്. മരണക്കിടക്കയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോണ്‍ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോണ്‍ ആഗ്രഹിച്ചതെന്നും 586 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News