സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട വിവരാവകാശ കമ്മീഷണര്‍; ഇംഗിതത്തിന് വഴങ്ങാതെ വന്നതോടെ ഔദ്യോഗിക വാഹനവും നിഷേധിച്ച് സര്‍ക്കാര്‍; രാജാവിനേക്കാള്‍ വലിയ രാജഭക്തി മൂത്തവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചതെന്ന് തുറന്നു പറഞ്ഞ് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കീം പടിയിറങ്ങി

വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുള്‍ ഹക്കീം പടിയിറങ്ങി

Update: 2025-08-04 15:40 GMT

ആലപ്പുഴ: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അധികാരത്തിന്റെ രീതികളെല്ലാം ഇരുമ്പു മറകളിലേക്ക് നീങ്ങിയെന്ന ആക്ഷേപം ശക്തമായിരുന്നു. വിവരാവകാശ നിയമത്തോട് താല്‍പ്പര്യമില്ലാത്തതിനാല്‍ വിവരാവകാശ കമ്മീഷണറെ നിര്‍ജീവമാക്കിയെന്ന ആക്ഷേപവും സര്‍ക്കാറിനെതിരെ ഉയരുന്നുണ്ട്. സ്വതന്ത്ര നിലപാടുള്ള വിവരാവകാശ കമ്മീഷണനെ വരുതിയില്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് വിവരാവകാശ കമ്മീഷണര്‍ ഡോ.എ.അബ്ദുല്‍ ഹക്കീമിന്റെ ഇടപെടല്‍ കൊണ്ടാണ്.

ഇങ്ങനെ ധീരമായ നിലപാട് സ്വീകരിച്ചു മലയാള ചലച്ചിത്ര മേഖലയില്‍ ശുദ്ധികലശത്തിന് വഴിതെളിച്ച ഡോ.എ.അബ്ദുള്‍ഹക്കീം ഇന്ന് കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം സര്‍വീസില്‍ നിന്നും പിടിയിറങ്ങിയത്. സര്‍ക്കാറിന് താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതു കൊണ്ട് അദ്ദേഹത്തിന് ഔദ്യോഗിക വാഹനം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി.

വിവരാവകാശം,സാമൂഹിക നീതി എന്നിവ വ്യക്തമാക്കുന്നതായിരുന്നു അബ്ദുള്‍ ഹക്കീമിന്റെ ഇടപെടലുകള്‍. കുടുംബശ്രീ, കേരള ബാങ്കും സ്വാശ്രയ മേഖലയും, സ്‌കൂള്‍ പി .ടി.എ,പ്രാക്ടിക്കല്‍ പരീക്ഷാ മാര്‍ക്ക് വിഭജിച്ച സ്‌കോര്‍ ഷീറ്റുകള്‍ ലഭ്യമാക്കിയത്, വ്യാപാരശാലകളില്‍ പരിശോധനയ്ക്ക് മുമ്പും ശേഷവും ഉദ്യോഗസ്ഥര്‍ രേഖകള്‍ വ്യാപാരിയെ കാണിക്കണമെന്നത്,ഓഫീസര്‍ വിടുതലാകുമ്പോള്‍ പിന്‍ഗാമിക്ക് നല്‍കുന്ന കുറിപ്പ് വിവരരേഖയാക്കിയതും വിവരം ലഭിക്കാത്ത പലര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കിയതുമൊക്കെ അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ പ്രധാനപ്പെട്ടവയാണ്.

പിഎസ്സി മാന്വല്‍ രഹസ്യരേഖയല്ല, പിഎസ്സി ഇന്‍്രവ്യൂവില്‍ മാര്‍ക്ക് ഇനം തിരിച്ച് എഴുതണം, ഫയല്‍ കാണാനില്ല എന്ന മറുപടി പാടില്ല തുടങ്ങി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഉത്തരവു വരെ നിര്‍ണ്ണായകവും സുപ്രധാനവുമായ വിധികള്‍ പ്രസ്താവിച്ച വിവരാവകാശ കമ്മിഷണറാണ് ഹക്കിം. ഇതില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ടാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതും.

അന്ന് സര്‍ക്കാര്‍ തലത്തിലെ ചിലരുടെ എതിര്‍പ്പ് മറികടന്നാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വിട പറയുന്ന വേളയില്‍ സാംസ്‌കാരിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും അദ്ദേഹം രംഗത്തുവന്നു. രാജാവിനെക്കാള്‍ വലിയ രാജഭക്തി ചില ഉദ്യോഗസ്ഥര്‍ കാണിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഡോ. എ അബ്ദുല്‍ ഹക്കീം ആരോപിച്ചു.

വിവരാവകാശ കമ്മീഷന് വായിക്കാന്‍ പോലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തരാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് നിയമപ്രകാരം സിവില്‍ കോടതിയുടെ അധികാരം പ്രയോഗിക്കേണ്ടി വന്നു. അതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നും ഡോ.എ.അബ്ദുല്‍ ഹക്കീം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ സര്‍ക്കാരിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സര്‍ക്കാര്‍ തന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണ ഉണ്ടായി.

കമ്മിഷനില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ പലപ്പോഴും ലഭിച്ചില്ല. റിട്ടയറിങ് മൂഡില്‍ പോകുന്ന ഒരു സംവിധാനത്തെ സജീവമാക്കി. അതിന്റേതായ പ്രശ്‌നങ്ങള്‍ ആയിരിക്കും. പുതിയ ഔദ്യോഗിക വാഹനം അനുവദിച്ചെങ്കിലും അതില്‍ യാത്ര ചെയ്യാനായില്ലെന്നും എ.അബ്ദുല്‍ ഹക്കീം വ്യക്തമാക്കി. കാര്‍ ഓഫിസില്‍ വരെ എത്തിയെങ്കിലും പിന്നീട് കണ്ടില്ലെന്നും സ്ഥാനമൊഴിഞ്ഞാലും വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഡോ. എ അബ്ദുല്‍ ഹക്കീം പറഞ്ഞു.

എഴുത്തുകാരനും പ്രഭാഷകനുമായ അബ്ദുല്‍ ഹക്കീം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. വിവിധ പത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസം മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനവും നേടിയിട്ടുണ്ട്. മൂന്ന് തവണ സര്‍ക്കാരില്‍ നിന്ന് ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു. 'മോഹങ്ങള്‍ മരവിച്ചവര്‍', 'അറബികളുടെ ചരിത്രം', 'ശബരിമല സേവന രൂപം' എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Tags:    

Similar News