എരുമേലിയില്‍ നിന്നും വാഹനത്തില്‍ മുക്കുഴിയില്‍ എത്തി പാസ് വാങ്ങി; കാറില്‍ പാഞ്ഞ് പമ്പയില്‍ എത്തി അവര്‍ പ്രത്യേക പാസുമായി മല കയറി; 5000 പാസിന് പകരം 22000 പാസ് നല്‍കിയത് വമ്പന്‍ അഴിമതി; പൊളിച്ച് ഹൈക്കോടതി; പിന്‍വലിച്ച് ദേവസ്വം ബോര്‍ഡ്; ശബരിമല ദര്‍ശന മാഫിയ ഒറ്റ ദിവസമുണ്ടാക്കിയത് ലക്ഷങ്ങളോ?
കൊച്ചി: എരുമേലിയില്‍നിന്നുള്ള പരമ്പരാഗത പാത (പെരിയ പാത)യിലൂടെ ശബരിമലയിലേക്ക് വരുന്നവര്‍ക്കായി നല്‍കിയ പ്രത്യേക പാസിലെ ദുരുപയോഗം പോലും മനസ്സിലാകാത്ത തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ്. അതും കണ്ടെത്താന്‍ ഹൈക്കോടതി വേണ്ടി വന്നു. എരുമേലിയില്‍നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി 32 കിലോമീറ്ററോളം കാല്‍നടയായി എത്തുന്നത് കണക്കിലെടുത്താണ് വരിനില്‍ക്കാതെ പതിനെട്ടാംപടി കയറാന്‍ ഫെസിലിറ്റേഷന്‍ കാര്‍ഡ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നത്. ഇത് വ്യാപകമായി ദുരുപയോഗപ്പെടുത്തി. അഞ്ചിരട്ടി പേര്‍ ഈ പാസ് വാങ്ങിയിട്ടും അതിലെ അസ്വാഭാവികത ദേവസ്വം ബോര്‍ഡ് പരിശോധിച്ചതുമില്ല. ഇതിന് പിന്നില്‍ വ്യാപക അഴിമതിയുണ്ടെന്നാണ് സൂചന. ദേവസ്വം ബോര്‍ഡിലെ ചിലരുടെ പിന്തുണയില്‍ 32 കിലോമീറ്റര്‍ നടക്കാത്തവരും ഈ പാസ് കൈക്കലാക്കി.
എരുമേലിയില്‍നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി വരുന്നവരും എത്തുന്നത് പമ്പയിലാണ്. പലരും എരുമേലിയില്‍ എത്തി സ്വാധീനത്തില്‍ പാസ് കൈക്കലാക്കി. അതുമായി പമ്പയില്‍ എത്തി. സാധാരണ ക്യൂ ഒഴിവാക്കി സന്നിധാനത്ത് നേരിട്ടെത്തിയെന്നതാണ് വസ്തുത. ഇത്തരമൊരു പാസ് പല അയ്യപ്പന്മാര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ പരമ്പരാഗത പാതയിലൂടെ വരുന്ന പലരും ഈ പാസിന്റെ ആനുകൂല്യം ഉപയോഗിച്ചുമില്ല. കാനനപാതയിലൂടെ കിലോമീറ്ററോളം നടന്നുവരുന്നവര്‍ക്കാണ് ദേവസ്വംബോര്‍ഡ് പ്രത്യേകപാസ് അനുവദിച്ചിരുന്നത്. മകരവിളക്കുത്സവസമയത്താണ് ഇത് നടപ്പിലാക്കിയത്.ഇവര്‍ക്ക് നേരിട്ട് നടപ്പന്തലിലെത്താമായിരുന്നു. ഈ സൗകര്യം ചിലര്‍ ദുരുപയോഗംചെയ്തു. എരുമേലി കോയിക്കകാവില്‍നിന്ന് പാസ് കൊടുക്കാനാണ് കോടതി അനുമതി നല്‍കിയിരുന്നത്.
പരമാവധി നാലായിരം പേര്‍മാത്രമേ ഇത്രയുംദൂരം നടന്നുവരാറുള്ളൂ. എന്നാല്‍ പാസ് വന്നതോടെ ഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി. കോയിക്കല്‍ക്കടവിന് പകരം മുക്കുഴിവരെ വാഹനത്തില്‍വന്ന് അവിടെനിന്ന് പാസ് സംഘടിപ്പിച്ച് 16 കിലോമീറ്റര്‍ മാത്രം നടന്നുവരാനും തുടങ്ങി. പാസ് കിട്ടിയ ശേഷം മുക്കുഴിയില്‍ നിന്നും വാഹനത്തില്‍ പമ്പയില്‍ എത്തിവരും ഉണ്ട്. ഇങ്ങനെ ധാരാളം പേര്‍ എത്തിയതോടെ അത് ശരംകുത്തിവഴിവരുന്നവരുടെ ക്യൂവിനേയും ബാധിച്ചു. മാത്രമല്ല, പ്രത്യേകപാസ് മറ്റെവിടെയെങ്കിലും അടിച്ചിറക്കുന്നുണ്ടോ എന്ന സംശയവും അധികൃതര്‍ക്കുണ്ടായി. ഇതിന് പുറമേ മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ കാട്ടിനുള്ളിലൂടെ വരുന്നവരുമുണ്ട്. ഇവരെ തടയാന്‍ ചൊവ്വാഴ്ച അവിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരുലക്ഷത്തിലേറേ ഭക്തര്‍ മലചവിട്ടി. ബുധനാഴ്ചയോടെ തിരക്ക് നിയന്ത്രണവിധേയമായതായി പോലീസ് പറഞ്ഞു. ഈ സാഹചര്യം മനസ്സിലാക്കിയാണ് ഹൈക്കോടതി ഇടപെട്ടത്. ദിവസം 5000 പ്രത്യേക പാസുകളേ നല്‍കാവൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വരിനില്‍ക്കാതെ പതിനെട്ടാംപടി കയറുന്നതിനായി നല്‍കുന്ന പാസ് നിയന്ത്രിക്കാനാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ഇതോടെ പാസ് തന്നെ ദേവസ്വം ബോര്‍ഡ് നിര്‍ത്തി. അതായത് കാനന പാതയിലൂടെ വരുന്നവര്‍ക്കും ഇപ്പോള്‍ ഈ ആനുകൂല്യമില്ല. ഇഷ്ടക്കാര്‍ ദുരുപയോഗം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് ഈ പാസ് വേണ്ടെന്ന വച്ചതെന്നും സൂചനയുണ്ട്.
പരമ്പരാഗതപാതയിലൂടെ കൂടുതല്‍പേര്‍ പാസുമായി വന്നത് തിരക്ക് നിയന്ത്രിക്കുന്നതിന് തടസ്സമായെന്നും നടപ്പന്തലില്‍ വരിനില്‍ക്കുന്നവരുടെ എതിര്‍പ്പിന് ഇടയാക്കിയെന്നും സ്പെഷ്യല്‍ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് തടസ്സമായാല്‍ ഈ സൗകര്യം പിന്‍വലിക്കുന്നത് പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എരുമേലിയില്‍നിന്ന് അഴുതക്കടവ്, മുക്കുഴി, ചെറിയാനവട്ടം വഴി 32 കിലോമീറ്ററോളം കാല്‍നടയായി എത്തുന്നത് കണക്കിലെടുത്താണ് വരിനില്‍ക്കാതെ പതിനെട്ടാംപടി കയറാന്‍ ഫെസിലിറ്റേഷന്‍ കാര്‍ഡ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിത്. എന്നാല്‍, അഞ്ചരിട്ടി പേര്‍ പാസുമായി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി. തിരക്ക് നിയന്ത്രിക്കാന്‍ നിലയ്ക്കല്‍വഴിയുള്ള സ്പോട്ട് ബുക്കിങ്ങിലും നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും എന്നാല്‍ ഭക്തരെ അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഈ ഉത്തരവിന് പിന്നാലെ കാനനപാത വഴി കാല്‍നടയായി വരുന്ന ശബരിമല തീര്‍ഥാടര്‍ക്ക് മുക്കുഴിയില്‍ വച്ച് പ്രത്യേക പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്‌പോട്ട് ബുക്കിങ് ആയും വരുന്ന തീര്‍ഥാടകര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അറിയിച്ചു. 5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ കാനനപാത വഴി വരുന്ന തീര്‍ഥാടകരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.
എരുമേലിയില്‍നിന്നു നല്‍കേണ്ടിയിരുന്ന പാസുകള്‍ മുക്കുഴിയില്‍ നല്‍കിയതു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിലെത്തിയ തീര്‍ഥാടകരും പാസ് സംഘടിപ്പിച്ചെന്നും പാസ് തരപ്പെടുത്തി നല്‍കാന്‍ ചില ഏജന്റുമാര്‍ തമ്പടിച്ചതായും സംശയമുണ്ടെന്നും സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സ്‌പെഷല്‍ പാസുകള്‍ നിര്‍ത്തിയതറിയാതെ ഇന്നലെ രാവിലെ എണ്ണായിരത്തോളം തീര്‍ഥാടകരാണ് മുക്കുഴിയില്‍ എത്തിയത്. ഇവര്‍ പ്രതിഷേധിച്ചു. ജില്ലാ പൊലീസ് മേധാവിയും വനം അധികൃതരും ഉള്‍പ്പെടെയാണു ശാന്തമാക്കിയതെന്നു സര്‍ക്കാര്‍ അറിയിച്ചു. ഈ പ്രത്യേക പാസിലൂടെ ഒരു ദിവസം കൊണ്ടു തന്നെ പല ഇടനിലക്കാരും ലക്ഷങ്ങളുണ്ടാക്കിയെന്നാണ് സൂചന.