സ്വര്‍ണ്ണം പൊതിഞ്ഞ പാളികളാണ് എല്ലാം എന്ന് അറിഞ്ഞിട്ടും ചെമ്പു പാളികളാക്കിയ 2019; തന്ത്രിയുടെ അനുമതിയില്ലാതെ പുറംപണിക്ക് ഒത്താശ ചെയ്തു; തെളിവുകള്‍ എല്ലാം എതിരായത് മുരാരി ബാബുവിന്റെ അറസ്റ്റായി; ശബരിമല കൊള്ളയില്‍ വമ്പന്‍ സ്രാവുകളും അറസ്റ്റു ഭയത്തില്‍; രണ്ടാമത്തെ അറസ്റ്റ് ഹൈക്കോടതിയുടെ കാര്‍ക്കശ്യം തിരിച്ചറിഞ്ഞ്; അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം

Update: 2025-10-23 05:24 GMT

ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും എന്‍ എസ് എസിന്റേയും പ്രിയങ്കരനായ മുരാരി ബാബു. എന്നിട്ടും മുരാരി ബാബുവിനെ വെറുതെ വിടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുമായിരുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണ കണ്ണുകളായിരുന്നു ഇതിന് കാരണം. ശബരിമല കേസില്‍ അടച്ചിട്ട മുറിയിലെ കോടതി നടപടികള്‍ നിര്‍ണ്ണായകമായിരുന്നു. കോടതിയുടെ കാര്‍ക്കശ്യം ഉദ്യോഗസ്ഥര്‍ നേരിട്ട് മനസ്സിലാക്കി. ഇതോടെയാണ് മുരാരി ബാബുവിനെ അറസ്റ്റു ചെയ്യാന്‍ തീരുമാനമായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ അന്വേഷണം ഒതുക്കാനുള്ള ചിലരുടെ നീക്കം ഇതോടെ പൊളിഞ്ഞു. തെളിവുകള്‍ എല്ലാം മുരാരി ബാബുവിന് എതിരായിരുന്നുവെന്നതാണ് വസ്തുത.

ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന്‍ വീണ്ടും എക്‌സിക്യൂട്ടീവ് ഓഫിസറായി ശബരിമലയില്‍ എത്തി. അപ്പോഴാണ് ദ്വാരപാലക ശില്‍പ്പം വീണ്ടും പുറത്തേക്ക് പോയത്.

2019ല്‍ ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകളിലൂടെയായിരുന്നു. സ്വര്‍ണംനഷ്ടപ്പെട്ട ചെമ്പുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളി. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പോലും സമ്മതിച്ചു. ഇതോടെ മുരാരി ബാബു നിശബ്ദതയിലേക്ക് പോയി. അറസ്റ്റ് ഉറപ്പാകുമെന്ന സ്ഥിതി വന്നപ്പോള്‍ എന്‍ എസ് എസും കൈവിട്ടു. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരുമായി അടുക്കാന്‍ ശ്രമിച്ചതിന് എന്‍ എസ് എസ് പറഞ്ഞ ന്യായങ്ങളെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് മുരാരിയുടെ അറസ്റ്റും സംഭവ വികാസങ്ങളും. മുരാരി അന്വേഷണ സംഘത്തിന് മുന്നില്‍ സത്യം പറഞ്ഞാല്‍ പല വമ്പന്‍ തോക്കുകളും കുടുങ്ങും.

മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുന്നത്. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. സംഭവിച്ചതെല്ലാം മുരാരി ബാബു പറയാന്‍ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. ആരും ഒളിവില്‍ അല്ലെന്നും അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭരണാധികാരികളായിരുന്നവര്‍ക്കെതിരെ അറസ്റ്റുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുരാരി ബാബുവിന്റെ അറസ്റ്റ് അതിനുള്ള സാധ്യതകളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.

സ്വര്‍ണം പൊതിഞ്ഞ ശില്‍പ്പപാളികള്‍ വെറും ചെമ്പുതകിടുകള്‍ എന്ന് മഹസറില്‍ എഴുതി ശുപാര്‍ശ നല്‍കിയത് മുരാരി ബാബുവാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം വേര്‍തിരിച്ചുനല്‍കിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കും അന്വേഷിക്കുകയാണ്. ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. പ്രതി മുരാരി ബാബുവിനെ പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ചിരുന്നു. ആരോപണ വിധേയനായ ആള്‍ വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു രാജി.

Tags:    

Similar News