ഗോവര്‍ദ്ധന്‍ ഒരു സാധാരണ സ്വര്‍ണ വ്യാപാരിയല്ല; ചിക്മംഗ്ലൂരുവിലെ സ്വര്‍ണ ഖനികളുമായി ബന്ധമുണ്ട്; ഖനി ഉടമകളുമായി നേരിട്ട് വ്യാപാരം നടത്തുന്നയാള്‍; സ്വര്‍ണം ഇത്രയും നാള്‍ ഉരുപ്പടിയായി മാറ്റാത്തത് ദുരൂഹത; ചെന്നൈയിലെ പുരാവസ്തു വ്യാപാരിയും ഗള്‍ഫിലെ മറ്റൊരു വ്യവസായിയും സംശയത്തില്‍; ചെന്നിത്തലയുടേത് മാസ് നീക്കം

Update: 2025-12-08 02:02 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ രാജ്യാന്തര കള്ളക്കടത്തുബന്ധം ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല സജീവമാകുമ്പോള്‍ ഉയരുന്നത് സിബിഐ അന്വേഷണം എന്ന ആവശ്യം. ചെന്നിത്തല അന്വേഷണസംഘത്തിനു കത്തുനല്‍കിയതോടെ കേസ് വഴിത്തിരിവിലെത്തുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍മാത്രം ഒതുങ്ങിയിരുന്ന അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കേണ്ടിവരും.

ബെള്ളാരിയിലെ ഗോവര്‍ധന്‍ എന്ന സ്വര്‍ണവ്യാപാരിക്കു താന്‍ സ്വര്‍ണം വിറ്റെന്നായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണക്കട്ടി ഉള്‍പ്പെടെ 600ഗ്രാം സ്വര്‍ണം തൊണ്ടിമുതലായി അന്വേഷണസംഘം കണ്ടെടുത്തിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. പുതിയ വെളിപ്പെടുത്തലോടെ ചെന്നൈയിലെ മറ്റൊരു പുരാവസ്തു വ്യാപാരിയും രാജ്യാന്തരതലത്തില്‍ ഈ വ്യാപാരത്തെ നിയന്ത്രിക്കുന്ന ഗള്‍ഫിലെ മറ്റൊരു വ്യവസായിയും അന്വേഷണപരിധിയിലേക്കു വരുമെന്നാണു സൂചന. രമേശ് ചെന്നിത്തലയോട് ഇക്കാര്യം വെളിപ്പെടുത്തിയത് മലയാളിയായ വ്യവസായിയാണ്. ഇയാളുടെ ഫോണ്‍ സംഭാഷണം അടക്കം ചെന്നിത്തല കൈമാറും.

യുബി ഗ്രൂപ്പ് 1998ല്‍ പൊതിഞ്ഞ സ്വര്‍ണം തന്നെയാണോ ബെള്ളാരിയില്‍നിന്നു കണ്ടെടുത്തത് എന്നതിന്റെയും ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളയിലും ഇപ്പോള്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണവും യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോയെന്നതിന്റെയും പരിശോധന തിരുവനന്തപുരത്ത് വിഎസ്എസ്സി ലാബില്‍ നടക്കുകയാണ്. അടുത്തയാഴ്ച വരുന്ന ഈ പരിശോധനാ ഫലം വരും. ബെള്ളാരിയില്‍നിന്നു കണ്ടെടുത്ത സ്വര്‍ണം ശബരിമലയിലേത് അല്ലെങ്കില്‍ കഥമാറും. ചെമ്പു പാളിയും പരിശോധിക്കുന്നുണ്ട്. ചെമ്പു പാളിയുടെ കാലപ്പഴക്കം കുറവാണെങ്കില്‍ യഥാര്‍ഥ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്ന നിഗമനത്തിലെത്തും.

കേസ് ആദ്യം അന്വേഷിച്ച ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നും പുതിയ ചെമ്പുപാളിയില്‍ സ്വര്‍ണം പൂശിയതാണെന്നുമുള്ള സംശയമുന്നയിച്ചിരുന്നു. യഥാര്‍ഥപാളികള്‍ വിദേശത്ത് വിലയേറിയ പുരാവസ്തുക്കള്‍ വാങ്ങുന്ന വ്യവസായികളിലേക്ക് എത്തിയെന്ന ചില വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിരുന്നെങ്കിലും തെളിവു കിട്ടിയിരുന്നില്ല. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് വരുന്നതോടെ എല്ലാം വ്യക്തമാകും.

ശബരിമല സ്വര്‍ണ കൊള്ളയ്ക്ക് പിന്നില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോവര്‍ദ്ധന്‍ ഒരു സാധാരണ സ്വര്‍ണ വ്യാപാരിയല്ല. ചിക്മംഗ്ലൂരുവിലെ സ്വര്‍ണ ഖനികളുമായി അയാള്‍ക്ക് ബന്ധമുണ്ട്. ഖനി ഉടമകളുമായി നേരിട്ട് വ്യാപാരം നടത്തുന്നയാളാണ്. 2020ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് വഴി സ്വന്തമാക്കിയ സ്വര്‍ണം ഇത്രയും നാള്‍ ഉരുപ്പടിയായി മാറ്റാതെ എന്തുകൊണ്ട് ഇയാള്‍ സൂക്ഷിച്ചുവെച്ചു എന്നതും സംശയത്തിന് ഇടനല്‍കുന്നു. ആധ്യാത്മിക മൂല്യമാണ് കാരണമെങ്കില്‍ അത് പൂജാമുറിയില്‍ പവിത്രമായി സൂക്ഷിക്കേണ്ടതാണ്. ഇതൊന്നുമല്ലാതെ നേരിട്ട് ജുവലറിയില്‍ നിന്നും സ്വര്‍ണം കൈമാറിയപ്പോഴേ എസ്ഐടി ഇയാളെ നിരീക്ഷണ വലയത്തിലാക്കിയിരുന്നുവെന്നാണ് ജന്മഭൂമി പറയുന്നത്.

ഹൈദരാബാദ് സ്വദേശിയെന്ന് കരുതുന്ന നാഗേഷിനെ എസ്ഐടി ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ല. ഇദ്ദേഹത്തിന് ലോഹസാധനങ്ങള്‍ നിര്‍മിക്കുന്ന വര്‍ക്ഷോപ്പ് ഹൈദരാബാദില്‍ ഉണ്ട്. ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്നും ആദ്യം ബെംഗളൂരുവിലേക്കും തുടര്‍ന്ന് ഹൈദരാബാദിലേക്കും കൊണ്ടു പോയതായാണ് സൂചന. അത് കല്‍പേഷിന്റെ വര്‍ക്ഷോപ്പിലേക്കാണെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇവിടെ വെച്ച് ദ്വാരപാലക ശില്‍പ പാളികളുടെ മോള്‍ഡ് തയാറാക്കി പുതിയ പാളികള്‍ നിര്‍മിച്ച ശേഷം യഥാര്‍ത്ഥ പാളികള്‍ സ്വര്‍ണം സഹിതം കടല്‍കടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജന്മഭൂമിയുടെ ഈ വെളിപ്പെടുത്തലും ഏറെ നിര്‍ണ്ണായകമാണ്.

ഹൈദരാബാദില്‍ നിന്നും പാളികള്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ പക്കല്‍ ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നും സ്വര്‍ണം വേര്‍തിരിക്കുന്ന സാങ്കേതിക വിദ്യ സ്മാര്‍ട് ക്രിയേഷന്‍സിന് ഇല്ലെന്നുമുള്ള സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യവെളിപ്പെടുത്തല്‍ പിന്നീട് മാറ്റിയതും സംശയം ബലപ്പെടുത്തുന്നു.

Tags:    

Similar News