ശബരിമല നില്‍ക്കുന്ന റാന്നി പെരുന്നാട് പഞ്ചായത്തും സന്നിധാനമുള്ള വാര്‍ഡും എല്‍ഡിഎഫ് നേടി; പന്തളം നഗരസഭ ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചുവെന്ന് ദേശാഭിമാനി; അയ്യപ്പന്‍ സിപിഎമ്മിനൊപ്പമെന്ന് വരുത്താന്‍ പുതിയ ക്യാപ്‌സ്യൂള്‍ റെഡി; പോറ്റി കോണ്‍ഗ്രസുകാരനോ? പത്മകുമാറിനേയും വാസുവിനേയും സിപിഎം മറക്കുമ്പോള്‍

Update: 2025-12-16 12:29 GMT

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പം, സ്വര്‍ണപാളി കേസുകളിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോണ്‍ഗ്രസ് ബന്ധം വീണ്ടും ചര്‍ച്ചയാകി ദേശാഭിമാനി.ഇൗ ബന്ധം മൂടിവെച്ചാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെ വന്‍ കള്ളം പ്രപരിപ്പിപ്പിച്ചത്. നാല് വോട്ടിനുവേണ്ടി വിശ്വാസികളെ വൈകാരികമായി വരുതിയിലാക്കാനുള്ള ആ ശ്രമം വിജയിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ശബരിമല നില്‍ക്കുന്ന റാന്നി പെരുന്നാട് പഞ്ചായത്തും സന്നിധാനമുള്ള വാര്‍ഡും എല്‍ഡിഎഫ് നേടി. പന്തളം നഗരസഭ ബിജെപിയില്‍നിന്ന് തിരിച്ചുപിടിച്ചുവെന്ന് ദേശാഭിമാനി പറയുന്നു.

സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന പടങ്ങള്‍ പുറത്തുവന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം പുറത്തുവന്നതെന്ന് ദേശാഭിമാനി പറയുന്നു. ഡല്‍ഹിയില്‍ എത്തിയാണ് അദ്ദേഹം സോണിയയയെ കണ്ടത്. സേണിയക്ക് ഉപഹാരവും കൈമാറി. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി, യുഡിഎഫ് കണ്‍വീനര്‍ കൂടിയായ അടൂര്‍ പ്രകാശ് എംപി എന്നവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇൗ ചിത്രങ്ങള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസിന്റെ മറവില്‍ എല്‍ഡിഎഫിനെതിരെ കള്ളകഥ പ്രചരിപ്പിച്ച യുഡിഎഫ് നേതൃത്വം ഇതോടെ വെട്ടിലായി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പം നേരത്തേയും പുറത്തുവന്നിരുന്നുവെന്നാണ് ദേശാഭിമാനി ഓണ്‍ലൈനിലെ വാര്‍ത്ത. തദ്ദേശത്തില്‍ സിപിഎം തോറ്റ ശേഷം ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുമായും പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പോറ്റിയെ പ്രകീര്‍ത്തിക്കുന്ന കടകംപള്ളിയുടെ പ്രസംഗവുമുണ്ട്. എന്നാല്‍ ഇതൊന്നും ദേശാഭിമാനി അറിഞ്ഞിട്ടില്ല.

സേണിയാ ഗാന്ധിയെപോലെ അതീവ സുരക്ഷയുള്ള വ്യക്തിയെ സന്ദര്‍ശിക്കണമെങ്കില്‍ വലിയ തരത്തിലുള്ള ഇടപെടല്‍ വേണം. ശബരിമല കേന്ദ്രീകരിച്ച് വഴിവിട്ട പല ഇടപാടുകളും നടത്തിയ പോറ്റിക്ക് പത്തനംതിട്ട എംപിയായ ആന്റേ ആന്റണിയുമായി അടുത്ത ബന്ധമാണുള്ളത്. നേരത്തെ കോന്നി എഎംഎല്‍യും മന്ത്രിയുമായിരുന്ന അടൂര്‍ പ്രകാശുമായും അടുപ്പമുണ്ട്. ഇൗ ബന്ധം ഉപയോഗിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയയെ സന്ദര്‍ശിച്ചത്. 2004ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്ത്രിയുടെ പരികര്‍മിയായത്. യുഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെയായിരുന്നു ഇത്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റെ സഹായവും അക്കാലത്ത് പോറ്റിക്ക് ലഭിച്ചതായി ആരോപണമുണ്ടായിരുന്നു. ഇടക്കാലത്ത് വിവാദങ്ങളെ തുടര്‍ന്ന് പരികര്‍മി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതോടെ ബംഗളൂരുവായി പോറ്റിയുടെ കേന്ദ്രം. അവിടെയും കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പം സ്ഥാപിച്ചു. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു അതിന് പാലമായതെന്നും ദേശാഭിമാനി പറയുന്നു. ശബരിമലയുടെ ,സ്വാധീനം തദ്ദേശ തെരഞ്ഞെടു്്പില്‍ പ്രതിഫലിച്ചില്ലെന്ന് വരുത്താനാണ് ഈ ദേശാഭിമാനി ക്യാപ്‌സ്യൂള്‍.

ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഇതുവരെ അകത്തായവരില്‍ പ്രധാനികളെല്ലാം സിപിഎമ്മുകാരാണ്. ദേവസ്വം ബോര്‍ഡിന്റെ രണ്ട് മുന്‍ പ്രസിഡന്റുമാര്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. എ പത്മകുമാറും വാസുവും. ഇതിനെ കുറിച്ചൊന്നും ദേശാഭിമാനിയിലെ പുതിയ വാര്‍ത്തയില്‍ പറയുന്നുമില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്ന ദിവസം കൂടിയാണ് ഇന്ന്. ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ആവര്‍ത്തിച്ച് കോടതി. ഇത് സ്ഥിരീകരിക്കാനാവശ്യമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ എസ്‌ഐടിക്കോ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി സര്‍ക്കാര്‍ നടപടികളെ സര്‍ക്കാര്‍ നടപടികളെ ചോദ്യംചെയ്തത്.

ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആണ് ചോദ്യം. ചെമ്പ് പൊതിഞ്ഞതെന്ന് ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസു ജാമ്യപേക്ഷയില്‍ പറഞ്ഞിരുന്നു. കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും രേഖയില്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു.

കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയില്‍ വരുന്ന കാര്യമെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജി വിധി പറയാന്‍ മാറ്റി. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആയിരുന്ന എന്‍. വാസു ജയിലില്‍ കഴിയുന്നത്. തെളിവുകളുടെ അഭാവത്തില്‍ കട്ടിളപ്പാളി നേരത്തെ സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് എന്‍. വാസുവിന്റെ അഭിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്.

എഫ്‌ഐആറില്‍ കട്ടിളപ്പാളി മാത്രമാണ് കോടതി പരാമര്‍ശിച്ചതെങ്കിലും ശിവരൂപം, ആര്‍ച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉള്‍പ്പെട്ടതാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയിലോ വിജിലന്‍സ് കോടതിയിലോ നല്‍കിയിട്ടില്ലെന്നും നിലവില്‍ എഫ്‌ഐആര്‍ പ്രകാരം കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News