വിഗ്രഹങ്ങള്‍ വാങ്ങിയ ഡി മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ച്; പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറാന്‍ 'ദാവൂദ്' വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തി; പണം വാങ്ങിയത് ഭരണരംഗത്തെ ഉന്നതന്‍; ദുബായ് മണിയുണ്ടെന്ന് ഉറപ്പിച്ചു എസ് ഐ ടി ചെന്നൈയില്‍; ശബരിമല കൊള്ളയ്ക്ക് പണം വാങ്ങിയത് ആര്?
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലീകരിക്കുന്നു. വിദേശ വ്യവസായി ചെന്നിത്തലയോട് വെളിപ്പെടുത്തിയ 'ഡി. മണി' എന്ന വ്യക്തിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു. വിവാദമായ ഈ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എസ്‌ഐടിക്കുള്ളില്‍ തന്നെ ഒരു പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചെന്നൈയിലെത്തി. ചെന്നൈ നഗരം കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ കൈമാറിയ രഹസ്യ വിവരങ്ങളെല്ലാം വിശദമായിത്തന്നെ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലെ വിഗ്രഹങ്ങള്‍ കടത്തിയെന്ന വിദേശ വ്യവസായിയുടെ വെളിപ്പെടുത്തലിലെ 'ഡി. മണി' എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശരിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. വ്യവസായിയുടെ മൊഴിയില്‍ സൂചിപ്പിച്ച ചെന്നൈ സ്വദേശിയായ ഡി. മണിയുടെ സംഘത്തിലുള്ളവരുമായി എസ്‌ഐടി ഉദ്യോഗസ്ഥര്‍ ഫോണില്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തെളിവുകള്‍ രേഖപ്പെടുത്തുന്നതിനുമായി അന്വേഷണ സംഘം ഇപ്പോള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും അവ ഡി. മണി എന്ന ചെന്നൈ സ്വദേശിയാണ് കൈപ്പറ്റിയെന്നുമാണ് ദുബായിലെ വ്യവസായി നല്‍കിയ മൊഴിയില്‍ പറയുന്നത്.
ദുബായിലെ ഈ വ്യവസായിക്ക് വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ അറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രേഖാമൂലം അറിയിച്ചതിനെത്തുടര്‍ന്നാണ് എസ്‌ഐടി ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. 2019-20 കാലഘട്ടത്തിലാണ് വിഗ്രഹങ്ങള്‍ കടത്തിയതെന്നും ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതനാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. രാജ്യാന്തര ബന്ധങ്ങളുള്ള ഒരു സംഘമാണ് ഈ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി എന്നയാളാണ് ഇതിന് ഇടനിലക്കാരനായി നിന്നതെന്നും മൊഴിയിലുണ്ട്.
2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹങ്ങള്‍ക്കായുള്ള പണം കൈമാറിയതെന്നും ഈ കൂടിക്കാഴ്ചയില്‍ ഡി. മണിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഭരണരംഗത്തെ ഉന്നതനും മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ ലഭിച്ച ഈ മൊഴികള്‍ എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ പ്രാഥമികമായ പരിശോധനകള്‍ നടത്തിവരികയാണ് പ്രത്യേക അന്വേഷണ സംഘം. എന്നാല്‍ മണിയുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് പോറ്റി പറയുന്നത്. ഡി മണിയെന്നാല്‍ ദാവൂദ് മണിയാണെന്നും ദുബായ് മണിയാണെന്നും വിളിപ്പേരുണ്ട്. വിഗ്രഹങ്ങള്‍ വിറ്റഴിച്ചതിലൂടെ ലഭിച്ച വന്‍ തുക കൈപ്പറ്റിയത് ശബരിമല ഭരണസമിതിയുമായി അടുത്ത ബന്ധമുള്ള ഒരു ഉന്നതനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിഗ്രഹങ്ങള്‍ വാങ്ങിയ ഡി. മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ചാണെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറിയതെന്നും, ഇതിനായി മണി വിമാനമാര്‍ഗ്ഗം തലസ്ഥാനത്ത് എത്തിയതായും മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസില്‍ അറസ്റ്റ് ഭയന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എ. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ഭരണസമിതി അംഗങ്ങളായിരുന്നു ഇരുവരും. ഇതിനൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിലും ശങ്കര്‍ദാസ് ഹര്‍ജി നല്‍കി.
വിഗ്രഹക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ശങ്കര്‍ദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീളാത്തതിനെതിരെ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി വിമര്‍ശനത്തിന് പിന്നാലെ തങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ഇരുനേതാക്കളും കോടതിയെ സമീപിച്ചത്.
