പഞ്ചലോഹംത്തിലും വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മ്മിച്ച വിഗ്രഹങ്ങളുമായി മലകയറി എത്തി സന്നിധാനത്ത് സമര്‍പ്പിക്കുന്നത് ഓരോ സീസണിലും നിരവധി ഭക്തര്‍; ഭക്തിപൂര്‍വ്വം നല്‍കുന്ന ഈ വിഗ്രഹങ്ങള്‍ക്ക് പലരും ബില്‍ ചോദിക്കാറില്ല; 'ഡയമണ്ട് മണി' ലക്ഷ്യമിട്ടത് ഈ വിഗ്രഹങ്ങളോ? 1998ല്‍ മല്യ സ്വര്‍ണ്ണം പൂശിയത് ഒന്നേമുക്കാല്‍ കോടിയ്ക്ക്

Update: 2025-12-25 04:13 GMT

തിരുവനന്തപുരം: ശബരിമലയില്‍ പഞ്ചലോഹ വിഗ്രഹങ്ങളില്ലെന്ന ചിലരുടെ വാദം വെറും പച്ചക്കള്ളമാണെന്ന് തെളിയുന്നു. സന്നിധാനത്തെ 4 വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നും ഇത് ചെന്നൈ സ്വദേശി ഡി. മണി എന്ന അന്താരാഷ്ട്ര വിഗ്രഹക്കടത്തുകാരന്‍ വാങ്ങിയെന്നുമുള്ള മൊഴിയില്‍ നടുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. ഓരോ മണ്ഡലകാലത്തും ഭക്തര്‍ വഴിപാടായി നല്‍കുന്ന അമൂല്യമായ വിഗ്രഹങ്ങള്‍ എവിടെപ്പോകുന്നു എന്ന ചോദ്യത്തിന് മുന്നില്‍ ദേവസ്വം അധികൃതര്‍ വിയര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ചില സിപിഎം നേതാകള്‍ ശബരിമലയില്‍ പഞ്ചലോഹവിഗ്രഹം ഇല്ലെന്നു പറഞ്ഞിരുന്നു. ഇത് ശരിയല്ല.

പഞ്ചലോഹം, വെള്ളി, സ്വര്‍ണം എന്നിവയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളുമായി മലകയറി സന്നിധാനത്ത് സമര്‍പ്പിക്കുന്ന നിരവധി ഭക്തരുണ്ട്. ഇവ സ്വീകരിച്ച് ബില്ല് നല്‍കേണ്ടത് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസാണ്. എന്നാല്‍, പലപ്പോഴും ഭക്തര്‍ ഭക്തിപൂര്‍വ്വം നല്‍കുന്ന ഈ വിഗ്രഹങ്ങള്‍ക്ക് കൃത്യമായ ബില്ല് നല്‍കാറില്ലെന്നും ഇത്തരത്തില്‍ രേഖകളില്‍ പെടാത്ത അമൂല്യ വിഗ്രഹങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തുകയുമാണെന്നാണ് സൂചന. പലരും ബില്‍ ചോദിക്കാറുമില്ല. ഇങ്ങനെ കിട്ടുന്നതൊന്നും കണക്കില്‍ പെടാറുമില്ല. വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ ലേലത്തില്‍ വെക്കാറില്ലെന്ന് ദേവസ്വം പറയുമ്പോഴും, ഈ വിഗ്രഹശേഖരം എങ്ങോട്ട് പോകുന്നു എന്നതില്‍ ദുരൂഹതയേറുകയാണ്. ഈ വിഗ്രഹങ്ങളാണോ 'ഡമയണ്ട് മണി' എന്ന ഡി മണി ലക്ഷ്യമിട്ടതെന്ന സംശയമാണ് ഉയരുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുമ്പോട്ട് പോവുകയാണ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു വിദേശ വ്യവസായിയും വെളിപ്പെടുത്തിയ 'ഡി മണി' എന്ന വ്യക്തിയെ ചെന്നൈയില്‍ കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. 'ദാവൂദ് മണി' എന്നും അറിയപ്പെടുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് മറ്റൊന്നാണെന്ന് എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഡി മണി ഒരു വിഗ്രഹ വ്യാപാരിയാണെന്നും ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് താന്‍ സാക്ഷിയാണെന്നും വിദേശ വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ ഇടപാടുകള്‍ ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഡി മണിയെന്നാല്‍ ഡയമണ്ട് മണി എന്നും സൂചനകളുണ്ട്.

കോവിഡ് കാലത്ത് ആക്രി വില്‍പ്പന നടത്തിയിരുന്നു. ഇതിന്റെ മറവില്‍ പലതും ശബരിമലയില്‍ നിന്നും കൊണ്ടു പോയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ 1998-ലെ യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയുടെ സ്വര്‍ണ്ണം പൊതിയല്‍ രേഖകള്‍ കണ്ടെത്തിയതോടെ പ്രതികള്‍ വെട്ടിലായിരിക്കുകയാണ്. 31 കിലോയിലധികം സ്വര്‍ണ്ണം ഉപയോഗിച്ച് ശ്രീകോവില്‍ പൊതിഞ്ഞതിന്റെ കൃത്യമായ രേഖകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. സ്വര്‍ണ്ണപ്പാളികള്‍ കൈമാറിയപ്പോള്‍ അത് 'ചെമ്പാണെന്ന്' രേഖകളില്‍ തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് അന്നത്തെ ഉന്നത ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ ഗൂഢാലോചനയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനും മുന്‍ കമ്മീഷണര്‍ എന്‍. വാസുവിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഭയന്ന് പാര്‍ട്ടി നേതാക്കളെയും ഉന്നത ഉദ്യോഗസ്ഥരെയും രക്ഷിക്കാന്‍ ജാമ്യത്തിനായുള്ള തത്രപ്പാടിലാണ് ഒരു വിഭാഗം. എന്നാല്‍, ഭക്തര്‍ സമര്‍പ്പിച്ച വിഗ്രഹങ്ങള്‍ പോലും വിദേശ വിപണിയിലെത്തിക്കുന്ന ഈ മാഫിയയുടെ വേരുകള്‍ ഇതിനിടെ രക്ഷപ്പെടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വിജയ്മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ ഒക്ടോബര്‍ 31നു ദേവസ്വം ആസ്ഥാനത്തു കണ്ടെത്തിയിരുന്നു. 420 പേജുള്ള ഫയലില്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിയാന്‍ വിജയ് മല്യയ്ക്കു ഹൈക്കോടതി നല്‍കിയ അനുമതി, ദേവസ്വം ബോര്‍ഡിന്റെ ഉത്തരവുകള്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നു 22 കാരറ്റ് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ രേഖകള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഉണ്ട്.

ഫോട്ടോകോപ്പി എടുത്ത ശേഷമാണു പ്രത്യേക അന്വേഷണ സംഘത്തിനു ദേവസ്വം ചീഫ് എന്‍ജിനീയര്‍ രേഖകള്‍ കൈമാറിയത്. വിജിലന്‍സും ചില ഉയര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരും രേഖകള്‍ പരിശോധിച്ചതായാണു വിവരം. ആകെ 31.2528 കിലോ ഗ്രാം സ്വര്‍ണവും 22 ഗേജിലുള്ള 1904 കിലോഗ്രാം ചെമ്പു പാളികളും ഉപയോഗിച്ചു വിജയ് മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞെന്നാണ് രേഖ. ആകെ ചെലവ് 1,75,21,153 രൂപയാണെന്നും രേഖകളിലുണ്ട്.

Tags:    

Similar News