ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം; ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കണം; ദ്വാരപാലക ശില്പങ്ങള്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം ബോര്‍ഡ് ബോധപൂര്‍വ്വം ശ്രമിച്ചു; താഴെത്തട്ടില്‍ മാത്രമല്ല മുകള്‍തട്ടിലെ ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരണം; അന്വേഷണത്തില്‍ തൃപ്തി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെ

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെ

Update: 2025-10-21 13:59 GMT

കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മിനിറ്റ്‌സ് ബുക്ക് പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതിയുടെ നടപടി. മിനിറ്റ്‌സ് ബുക്കിന്റെ പകര്‍പ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

ദേവസ്വം ഉദ്യോഗസ്ഥരാണ് മഹസറില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതിന് ഉത്തരവാദികളെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ദേവസ്വം നേതൃത്വം ബോധപൂര്‍വം ശ്രമിച്ചെന്നും, ഇത് ദേവസ്വം മാനുവല്‍ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നിര്‍ദ്ദേശം നല്‍കി. കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തെ കോടതി അഭിനന്ദിച്ചു. സ്വര്‍ണ്ണം പൂശിയ ശേഷം നിറം മങ്ങിയപ്പോള്‍ ടെണ്ടര്‍ പോലും വിളിക്കാതെ പോറ്റിയെ ഏല്‍പ്പിച്ചത് ദുരൂഹതയുളവാക്കുന്നു. 2019ല്‍ സ്വര്‍ണ്ണം പൂശി കൊണ്ടുവന്നപ്പോള്‍ തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണപാളികളും വശങ്ങളിലെ പാളികളും കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ മാത്രം ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വരണമെന്നും കോടതി ഊന്നല്‍ നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ തിരുവാഭരണം കമ്മീഷണര്‍ നിലപാട് മാറ്റിയത് സംശയമുളവാക്കുന്നുവെന്നും ഇതിന് പിന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണെന്നും കോടതി നിരീക്ഷിച്ചു. സ്മാര്‍ട്ട് ക്രിയേഷന്‍സിന് പൂശിയ സ്വര്‍ണ്ണത്തിന് വീണ്ടും സ്വര്‍ണ്ണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നായിരുന്നു തിരുവാഭരണം കമ്മീഷണറുടെ ആദ്യ റിപ്പോര്‍ട്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

അടച്ചിട്ട കോടതി മുറിയില്‍ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചത്. അന്വേഷണ വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ സര്‍ക്കാരിനെയും, ദേവസ്വം ബോര്‍ഡിനെയും, ദേവസ്വം വിജിലന്‍സിനെയും എതിര്‍കക്ഷികളാക്കി സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതും, ചെന്നൈയിലും ബെംഗളൂരുവിലുമടക്കം ശബരിമലയിലെ സ്വര്‍ണ്ണം പോയ വഴികള്‍ കേന്ദ്രീകരിച്ചുള്ള വിവരങ്ങളുമാണ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ കൂടുതല്‍ കണ്ടെത്തലുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും നടപടികള്‍ സംശയകരമാണെന്ന് ഹൈക്കോടതി മുന്‍പ് നിരീക്ഷിച്ചിരുന്നു. 2019-ല്‍ ബോര്‍ഡ് പ്രസിഡന്റ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി നിലപാടെടുത്തത് നിസ്സാരമായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയ ഹര്‍ജി ഫയലില്‍ സ്വീകരിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.


Tags:    

Similar News