സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു 'സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍' എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു 'സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?

Update: 2025-10-17 03:03 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസു, എ. പത്മകുമാര്‍ പ്രസിഡന്റുസ്ഥാനത്തുനിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് വാസു. സ്ത്രീ പ്രവേശന സമയത്ത് അടക്കം വാസു സര്‍ക്കാരിന് വേണ്ടി നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വാസുവിനെ കേസില്‍ പ്രതിയാക്കാതിരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം. അതിനാല്‍ ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പ്രതിസന്ധിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് അറിയാം. ഇതുകൊണ്ടാണ് വാസുവിനെ അടക്കം ചോദ്യം ചെയ്യാനുള്ള തീരുമാനം.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ചെമ്പുപാളികള്‍ എന്നെഴുതി സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതനുസരിച്ച രേഖകള്‍ എസ്‌ഐടി ദേവസ്വം ബോര്‍ഡ് ഓഫീസിലും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസിലുമെത്തി പരിശോധിച്ചു. കട്ടിളപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ 'സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍' എന്നാണ് എഴുതിയിരുന്നതെങ്കില്‍ കമ്മീഷണറായിരുന്ന വാസു, ഫെബ്രുവരി 26നു ബോര്‍ഡിനു നല്‍കിയ ശിപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി 'ചെമ്പ് പാളികള്‍' എന്നു മാത്രമാക്കിയെന്നാണ് കണ്ടെത്തല്‍. ഇത് അംഗീകരിച്ചാണ് മാര്‍ച്ച് 19ന് ദേവസ്വം ബോര്‍ഡ് തീരുമാനം വന്നത്.

കമ്മീഷണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും വാസുവിന് ശബരിമലയില്‍ അടക്കം എല്ലാ വിധ സ്വാധീനവുമുണ്ടായിരുന്നു. സര്‍ക്കാരിന്റെ വിശ്വസ്തന്‍ എന്ന നിലയിലായിരുന്നു ഇത്. മുമ്പ് കുളനട പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസു, സിപിഎം നേതാവുമായിരുന്നു. വാസുവിന്റെ വിശ്വസ്തനായിരുന്നു സുധീഷ് കുമാര്‍. അഴിമതി കേസുകളില്‍ അടക്കം സുധീഷ് കുമാര്‍ കുടുങ്ങിയിരുന്നു. അന്ന് സുധീഷിന് പിന്തുണ നല്‍കിയതും വാസുവാണ്. വാസു പ്രസിഡന്റായപ്പോള്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സുധീഷിനെ തന്റെ പി ആക്കിയും മാറ്റി. ഇതിലൂടെ സര്‍ക്കാരിനും തനിക്കും വേണ്ടപ്പെട്ടവനാണ് സുധീഷ് എന്ന സന്ദേശവും നല്‍കി. പിന്നീട് സുധീഷ് വിരമിക്കുകയും ചെയ്തു. വിവാദമായ രണ്ടു ഇടപാടുകളിലും സുധീഷും പ്രതിപട്ടികയിലുണ്ട്. എന്‍. വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിലും പിന്നീട് അദ്ദേഹം പ്രസിഡന്റായപ്പോഴും നടന്നിട്ടുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ദേവസ്വം കമ്മീഷണറായിരിക്കെ സ്ത്രീ പ്രവേശന വിധിയില്‍ അടക്കം വാസു നിര്‍ണ്ണായക ഇടപെടല്‍ നടത്തിയിരുന്നു. അന്ന് ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിന് ഒന്നും അറിയില്ലായിരുന്നു. ഇതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമായി അന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ച വാസു പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. ഈ സമയത്താണ് ചില അഴിമതി കേസുകളില്‍ പെട്ട് സുധീഷ് കുമാര്‍ പ്രതിസന്ധിയിലാകുന്നത്. അന്ന് സുധീഷിന് എല്ലാ പിന്തുണയും വാസു നല്‍കി. തന്റെ പിഎയായി നിയമിക്കുകയും ചെയ്തു. ഇതോടെ എല്ലാ ദേവസ്വം ബോര്‍ഡ് ഫയലുകളും കാണുന്ന ഉദ്യോഗസ്ഥനായി സുധീഷ് മാറുകയും ചെയ്തു. അന്ന് ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സുധീഷ് കുമാര്‍.

വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ അനുബന്ധ റിപ്പോര്‍ട്ടിലും വാസുവിന്റെ ഭരണകാലത്തുണ്ടായ നടപടികള്‍ അക്കമിട്ടു നിരത്തിയിരുന്നു. സ്വര്‍ണ്ണത്തില്‍ അധികമായി കിട്ടിയത് എന്തു ചെയ്യണമെന്ന ചോദ്യം ഉണ്ണികൃഷ്ണന്‍ പോറ്റി ഇമെയിലിലൂടെ ചോദിച്ചതും വാസവിനോടാണ്. ഇത് ഞെട്ടിക്കുന്ന സംഭവമായി ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ശബരിമല സന്നിധാനത്ത് എസ്‌ഐടി പരിശോധന ഇനിയും തുടരും. കഴിഞ്ഞദിവസങ്ങളിലെ പരിശോധനയ്ക്കുശേഷം മടങ്ങിയ എസ്‌ഐടി ഇന്നലെ വീണ്ടും സന്നിധാനത്തെത്തി. 2019ലെ രേഖകള്‍ എക്‌സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം ഇന്നലെ പരിശോധിച്ചു.

എസപി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ദേവസ്വം വിജിലന്‍സിന്റെ പരിശോധനയും എക്‌സിക്യൂട്ടീവ് ഓഫീസില്‍ മുമ്പ് നടന്നിരുന്നു. ദേവസ്വം കമ്മീഷണര്‍ മുതല്‍ തിരുവാഭരണ കമ്മീഷണര്‍ വരെ ഒപ്പിട്ട രേഖകളും മഹസറുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.

Tags:    

Similar News