'ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക, കുഴിമന്തി തന്നെ വേണമെന്ന് പറയരുത്'; കേക്ക് വിവാദത്തില്‍ മറുപടിയുമായി സാദിഖലി ശിഹാബ് തങ്ങള്‍; തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹമീദ് ഫൈസി അമ്പലക്കടവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജിഫ്രി തങ്ങള്‍ക്ക് കത്ത്

'ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക, കുഴിമന്തി തന്നെ വേണമെന്ന് പറയരുത്'

Update: 2025-01-13 04:57 GMT

മലപ്പുറം: കേക്ക് വിവാദത്തില്‍ എസ്വൈഎസ് നേതാവ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവിന് പരോക്ഷ മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ചുറ്റുമുള്ള ബന്ധങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കണ്ണി പൊട്ടാതെ കാത്തുസൂക്ഷിക്കണം. കാര്യങ്ങളോട് വിവേകത്തോടെ പ്രതികരിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പക്വതയില്ലാത്ത വാക്കുകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കരുതിയിരിക്കണം. ഒരു വാക്ക് പറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിന് ഗുണം ഉണ്ടാകുമോയെന്ന് ചിന്തിക്കണം. അതല്ലാതെ ചാനലുകള്‍ ഏറ്റെടുക്കുമോയെന്ന് നോക്കേണ്ടതില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

'ഇതര മതസ്ഥരോട് സാഹോദര്യം കാത്തുസൂക്ഷിക്കണം. അത് പൂര്‍വ്വികര്‍ കാണിച്ചുതന്നതാണ്. പരിഹാസങ്ങള്‍ കേള്‍ക്കുമ്പോള്‍ നല്ലതിനെന്ന് വിചാരിക്കണം. സുന്നത്ത് ജമാഅത്തിന്റെ വേദിയില്‍ കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്. ദ്വയാര്‍ത്ഥങ്ങള്‍ പ്രയോഗിക്കരുത്. ആരെങ്കിലും ക്ഷണിച്ചാല്‍ പോകുക, തരുന്നത് ഭക്ഷിക്കുക. കുഴിമന്തി തന്നെ വേണം എന്ന് പറയരുത്. ആരെയും വെറുപ്പിക്കേണ്ടതില്ല', എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

നേരത്തെ ക്രിസ്മസ് ദിനത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുമെന്ന് സന്ദര്‍ശനത്തിന് ശേഷം തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായി തങ്ങള്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദര്‍ശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ പ്രതികരണം.

മുസ്ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍ എംഎല്‍എ, ഉമര്‍ പാണ്ടികശാല, പി ഇസ്മായില്‍, ടിപിഎം ജിഷാന്‍, എന്‍ സി അബൂബക്കര്‍ എന്നിവരും സാദിഖലി തങ്ങള്‍ക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇതര മതങ്ങളുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന വിമര്‍ശനവുമായി അബ്ദുല്‍ ഹമീദ് ഫൈസി രംഗത്തെത്തി. ഇതാണ് ചര്‍ച്ചയായത്. ലീഗിന്റെ മുന്‍ നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗവും രംഗത്തെത്തി. ഹമീദ് ഫൈസിയെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി.

പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സമസ്തയിലെ 25 നേതാക്കള്‍ ഒപ്പിട്ട കത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്.

മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കാന്തപുരം വിഭാഗവും സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ചെയ്യുമെന്നും എ.പി. സമസ്ത മുശാവറ അംഗം അബ്ദുള്‍ ജലീല്‍ സഖാഫി പറഞ്ഞു. മറ്റുസമുദായക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് എസ്.കെ.എസ്.എസ്.എഫ്. നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

'മതസൗഹാര്‍ദത്തിന്റെ ഭാഗമായി മറ്റ് മതക്കാരോട് മനുഷ്യരെന്ന നിലയ്ക്ക് ഇടപെടാം. സൗജന്യങ്ങളും സഹായങ്ങളും സഹകരണവുമാവാം. അവര്‍ക്ക് ഭക്ഷണം നല്‍കാം, വസ്ത്രം നല്‍കാം, രോഗചികിത്സയ്ക്ക് സഹായിക്കാം. ഇടപാടില്‍ സഹകരിക്കാം, വ്യക്തിപരമായ വേദികളില്‍ പങ്കെടുക്കാം. അതേസമയം, നൂറ് ശതമാനം ഇസ്ലാമിക വിരുദ്ധമായ മറ്റ് മതക്കാരുടെ മതപരമായ ആചാര- ആഘോഷ അനുഷ്ടാനങ്ങളിലും അവരുടെ ആരാധാനാലയങ്ങളുടെ നിര്‍മാണത്തിനും ദൈവികമായ പ്രതിഷ്ഠകളിലും ഖാസിമാരും മുസ്ലിം പണ്ഡിതരും പങ്കെടുക്കുന്നത് ശരിയല്ല. അത് ഇസ്ലാമികമായി വളരെ അപകടം ചെയ്യും', എന്നായിരുന്നു അബ്ദുള്‍ ജലീല്‍ സഖാഫിയുടെ വാക്കുകള്‍.

ഹമീദ് ഫൈസിയുടെ വിമര്‍ശനത്തിന് പിന്നാലെ സാദിഖലി തങ്ങള്‍ക്ക് പിന്തുണയുമായി എസ്.എസ്.എഫ്. നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും രംഗത്തെത്തിയിരുന്നു. കെയ്ക്ക് ആചാരത്തിന്റെ ഭാഗമായി കഴിച്ചാല്‍ തെറ്റാണെന്നും സൗഹൃദപരമായി കഴിച്ചാല്‍ കുഴപ്പമില്ലെന്നുമായിരുന്നു അബ്ദുസമദ് പൂക്കോട്ടൂരിന്റെ വാദം.

Tags:    

Similar News