വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാന്‍; 'ഡോര്‍ തുറന്ന് വെള്ളാപ്പള്ളിയാണ് കാറില്‍ കയറിയത്';പ്രായമുള്ള ആളല്ലേ, നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും.. അതില്‍ എന്താണ് തെറ്റ്? സമുദായ സംഘടനകളുമായി സിപിഎമ്മിന് നല്ല ബന്ധം; മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും മന്ത്രിയുടെ വിമര്‍ശനം

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാന്‍

Update: 2025-12-16 06:40 GMT

ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. ഡോര്‍ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറില്‍ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതില്‍ എന്താണ് തെറ്റ്. മാധ്യമങ്ങള്‍ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

പ്രതിപക്ഷം മാധ്യമങ്ങളുമായി ചേര്‍ന്ന് നുണ പ്രചരണം നടത്തുകയാണ്. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ല. അതു യാദൃശ്ചികമായി സംഭവിച്ചതാണ്. എസ്എന്‍ഡിപിയുമായി മാത്രമല്ല, എന്‍എസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് ന്യൂനപക്ഷ വീടുകളില്‍ ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളില്‍ ന്യൂനപക്ഷ വര്‍ഗീയത ആയിരുന്നു പ്രചരണം. എല്‍ഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയില്‍ തിരിച്ചടി ഉണ്ടായിട്ടില്ല. കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടില്‍ മാത്രമാണ്. കുട്ടനാട്ടിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. എല്‍ഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്‌നം പരിഹരിക്കുമെന്നും ജില്ലയില്‍ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.

നേരത്തെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ വാഹനത്തില്‍ പോയതിനെ ചിലര്‍ പരിഹസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയോടൊപ്പം ഇരിക്കാതിരിക്കാന്‍ തനിക്കെന്താ അയിത്തമുണ്ടോ എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ കാറിനേക്കാള്‍ വലിയ കാറുള്ളവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കൂട്ടുകെട്ട് എല്‍.ഡി.എഫിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിമര്‍ശനങ്ങളോട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഗോള അയ്യപ്പ സംഗമത്തെ എസ്.എന്‍.ഡി.പി യോഗം മാത്രമല്ല എന്‍.എസ്.എസും പിന്തുണച്ചിരുന്നു. അവരും പ്രതിനിധിയെ അയച്ചിരുന്നു. അതില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെ മാത്രം കുറ്റപ്പെടുത്തുന്നതു മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് എന്‍.എന്‍.എസിനെ കുറ്റപ്പെടുത്താത്തത്? പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ എന്നെമാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത്?

മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്ലിം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ് -വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News