'ദിവസവും എന്റെ അസ്ഥികള്‍ ഒടിയുന്നു; ഓംലറ്റ് ചവയ്ക്കുമ്പോള്‍ പോലും കൊടിയ വേദന'; കോടികള്‍ കൈയിലുണ്ടായിട്ടും കൊടിയ വേദനയില്‍ നിന്ന് മോചനമില്ലാതെ സല്‍മാന്‍ ഖാന്‍; കൃഷ്ണ മൃഗവേട്ടയുടെ പാപമെന്ന് വിമര്‍ശിച്ച് വിശ്വാസികളും; ബോളിവുഡിലെ ബാഡ് ബോയ് വീണ്ടും വിവാദത്തില്‍
ബോളിവുഡിലെ ബാഡ് ബോയ് വീണ്ടും വിവാദത്തില്‍
മുംബൈ: ബോളിവുഡിലെ ബാഡ് ബോയ് എന്നാണ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ വിലയിരുത്തപ്പെടുന്നത്. വയസ്സ് 59 ആയെങ്കിലും ഇപ്പോഴും ടീനേജറുടെ കുസൃതിയാണ് അദ്ദേഹത്തിന്റെ കരിസ്മ. എന്നും വിവാദങ്ങളുടെ കഴിത്തോഴനുമാണ് സല്‍മാന്‍. അര്‍ധരാത്രി മദ്യപിച്ച് മദോന്മത്തനായി അതിവേഗതയില്‍ കാറോടിച്ച് ഒരാളെ അരച്ചുകളയുകയും നാലുപേരെ വികലാംഗരാക്കുകയും ചെയ്തതും, കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതും അടക്കമുള്ള കേസുകള്‍ സല്‍മാന് നേരെയുണ്ട്. ലോക സുന്ദരിയായ ഐശ്യര്യറായിയെ കാമുകിയായി കിട്ടിയിട്ടും അടിച്ച് തോളെല്ല് പൊട്ടിച്ചതും, പിന്നീട് കാമുകിമാരായ സംഗീത ബിജ്‌ലാനിയും കത്രീന കൈഫിനെയും, സോമി അലിയെയുമെല്ലാം പീഡിപ്പിച്ചതിന്റെ പേരിലും സല്‍മാന്‍ വിവാദങ്ങളില്‍ നിറഞ്ഞു. ടോക്സിക്ക് സൂപ്പര്‍ സ്റ്റാര്‍ എന്ന പേരുദോഷവും, ഇതോടെ സല്‍മാന് വന്നുചേര്‍ന്നു.
മനുഷ്യനെ കൊന്ന കേസില്‍ കോടതിയില്‍ നിന്ന് രക്ഷപ്പെട്ട സല്‍മാന്‍ പക്ഷേ പെട്ടുപോയത് കൃഷ്ണമൃഗത്തെ കൊന്ന കേസിലാണ്. പക്ഷേ ഇപ്പോള്‍ സല്‍മാന്‍ വാര്‍ത്തകളില്‍ നിറയുന്നത് ഒരു രോഗത്തിന്റെ പേരിലാണ്. തീവ്രവേദന അനുഭവിച്ചാണ് ഓരോ ദിവസം താന്‍ തള്ളി നീക്കുന്നതെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറയുന്നത്. പക്ഷേ ഇതും വലിയ വിവാദമായി. സല്‍മാന്‍ ചെയ്ത പാപങ്ങളുടെ തുകയാണ് അയാള്‍ അനുഭവിക്കുന്നത് എന്നും, സാക്ഷികളെ വിലക്കെടുത്ത് കേസില്‍ നിന്ന് ഊരിയപോലെ, ദൈവത്തെ വിലക്കെടുക്കാനാവില്ല എന്നൊക്കെ പറഞ്ഞാണ് സല്‍മാനെതിരെ ഹേറ്റ് കമന്റ്‌സ് ഉയരുന്നത്.
അസുഖം ട്രൈജെമിനല്‍ ന്യൂറാള്‍ജിയ
വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്ന നാഡീ സംബന്ധമായ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍ തുറന്ന് പറയുന്നത് ആമീര്‍ ഖാനുമൊത്ത് 'ടു മച്ച്' എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ്. വേദന കാരണം തനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് ആണെന്നും ശത്രുക്കള്‍ക്ക് പോലും ഈ രോഗം വരല്ലേ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും നടന്‍ പറഞ്ഞു.
'എനിക്ക് ട്രൈജെമിനല്‍ ന്യൂറാള്‍ജിയ എന്ന രോഗം ഉണ്ട്.ഏറ്റവും വലിയ ശത്രുവിന് പോലും ഈ രോഗം വരരുതേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2007-ല്‍ 'പാര്‍ട്ണര്‍' എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് ആദ്യമായി കടുത്ത വേദന അനുഭവപ്പെട്ടത്. ഒപ്പം അഭിനയിക്കുന്ന ലാറ ദത്ത എന്റെ മുഖത്തെ ഒരു മുടിയിഴ നീക്കിയപ്പോള്‍ കഠിനമായ വേദന അനുഭവപ്പെട്ടു. അതൊരു തുടര്‍ച്ചയായ വൈദ്യുതാഘാതമായിരുന്നു. സംസാരിക്കുമ്പോള്‍ പെട്ടെന്നുള്ള, ശക്തമായ വേദനയാണ് അനുഭവപ്പെടുക. പൊടുന്നനെയാണ് വേദന ഉണ്ടാവുക. പ്രഭാതഭക്ഷണം കഴിക്കാന്‍ ഒന്നര മണിക്കൂറെടുക്കുമായിരുന്നു. ഓംലെറ്റ് ചവയ്ക്കുമ്പോള്‍ പോലും വേദനിക്കുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ട് നേരിട്ട അവസ്ഥയായിരുന്നു. ആദ്യം വിചാരിച്ചത് ദന്തസംബന്ധമായ പ്രശ്നമാണ് കാരണമെന്നാണ്. വേദനസംഹാരികള്‍ പതിവായി കഴിക്കുമായിരുന്നു.
ഏഴര വര്‍ഷത്തോളം ഈ വേദനയിലൂടെ കടന്നുപോയി. അതുമായി പൊരുത്തപ്പെട്ട് ജീവിക്കേണ്ടതുണ്ട്. ബൈപാസ് സര്‍ജറിയും, ഹൃദയ സംബന്ധമായ പ്രശ്നങ്ങളും, മറ്റ് പല രോഗങ്ങളുമായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. എനിക്ക് വന്നത് ഇതാണ്. ദിവസവും എന്റെ അസ്ഥികള്‍ ഒടിയുന്ന വേദനയുമായി ഞാന്‍ ഇവിടെയുണ്ട്. ട്രൈജെമിനല്‍ ന്യൂറാള്‍ജിയ ഉണ്ടായിട്ടും ഞാന്‍ ജോലി ചെയ്യുന്നു. എന്റെ തലച്ചോറില്‍ ഒരു അന്യൂറിസം ഉണ്ട്, എന്നിട്ടും ഞാന്‍ ജോലി ചെയ്യുന്നു. കൂടാതെ എവി മാല്‍ഫോര്‍മേഷനും ഉണ്ട് ഇതെല്ലാം വച്ചുകൊണ്ട് ഞാന്‍ എന്റെ ജോലി തുടരുകയാണ്''- സല്‍മാന്‍ ഖാന്‍ പറയുന്നു.
എല്ലാം പാപത്തിന്റെ തിരിച്ചടി
അതേസമയം സല്‍മാന്റെ വാര്‍ത്ത കീഴില്‍ നിറയെ ഹേറ്റ്കമന്‍സാണ് ഉയരുന്നത്. സല്‍മാന്‍ഖാന്റെ ജീവിത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്ന, ഹിറ്റ് ആന്‍ഡ് റണ്‍ കേസ് അടക്കം എടുത്തിട്ടാണ് വിമര്‍ശനം. 2002 സപ്തംബര്‍ 28ന് രാത്രി പാര്‍ട്ടികഴിഞ്ഞ് നന്നായി മദ്യപിച്ച്
മുംബൈ ബാന്ദ്രയില്‍ ബേക്കറിക്കുമുമ്പില്‍ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് സല്‍മാന്‍ കാര്‍ ഓടിച്ചുകയറ്റുകയായിരുന്നുന്നൊണ് കേസ്്. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരുടെ കാലുകള്‍ അറ്റുപോയി. സല്‍മാന്‍ഖാന്‍ കാറില്‍ നിന്നിറങ്ങി ഓടുന്നത് കണ്ടതായി ചില സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വഴിയില്‍ ഉറങ്ങി കിടന്ന ആളുകളുടെ ദേഹത്തു കൂടി വണ്ടി ഓടിച്ചു കയറ്റിയത് സല്‍മാന്‍ ഖാന്‍ തന്നെയാണെന്ന് സാക്ഷികള്‍ പറഞ്ഞു. ഇത് കണക്കിലെടുത്തായിരുന്നു കീഴ് കോടതി വിധി. എന്നാല്‍ ഇത് പണം വീശിയെറിഞ്ഞ് മേല്‍ കോടതിയില്‍നിന്ന് താരം അനുകൂല വിധി നേടി.
1998-ല്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ് വിവാദമായ കൃഷ്ണമൃഗ വേട്ട നടന്നത്. ഈ സമയത്ത് സല്‍മാന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനില്‍ ഉണ്ടായിരുന്നു. കൃഷ്ണ മൃഗങ്ങളെയും രണ്ട് ചിങ്കാരമാനുകളെയും കൊന്നുവെന്ന കേസുകളാണ് സല്‍മാന് മേല്‍ ചുമത്തപ്പെട്ടത്. സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, സോണാലി ബാന്ധ്രെ, നീലം, തബു എന്നിവര്‍ ചേര്‍ന്നാണ് വേട്ട നടത്തിയത്. കങ്കണി ഗ്രാമത്തില്‍ വേട്ട നടത്തിയതിനും അനധികൃതമായി ആയുധം കൈയില്‍വച്ചതിനുമാണ് കേസ്. ഈ കേസില്‍ ജാമ്യത്തിലിരിക്കവേയാണ് ബിഷ്ണോയി സംഘം സല്‍മാനെതിരെ തിരിഞ്ഞത്.
ഇന്നും ക്രോണിക്ക് ബാച്ചിലര്‍ ആയ സല്‍മാന്‍, പ്രണയബന്ധങ്ങളുടെ പേരിലും വിവാദനായകനാണ്. സല്‍മാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സല്‍മാനും ഐശ്വര്യ റായും തമ്മിലുള്ള പ്രണയം. 2002-ല്‍ അത് വേര്‍പിരിഞ്ഞു. പക്ഷേ സല്‍മാന്‍ കുലുങ്ങില്ല. ഉടന്‍ തന്നെ അടുത്ത ബന്ധത്തിലേക്ക് കടന്നു. സല്‍മാന്‍ അതിനിടക്ക് ഐശര്യറായിയെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ പുറത്തുവരികയും പോലീസ് കേസ് ആവുകയും ചെയ്തു. ഈ ബന്ധം ശരിക്കും ടോക്സിക്ക് എന്നായിരുന്നു ഐശ്വര്യറായി പറഞ്ഞത്.
കല്യാണക്കത്ത് അടിച്ചതിനുശേഷം വിവാഹം മുടങ്ങിപ്പോയ കഥയും സല്‍മാന്റെ ജീവിത്തിലുണ്ട്. നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു നടി സംഗീത ബിജ്‌ലാനിയും സല്‍മാനും തമ്മില്‍. വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ തന്റെ സുഹൃത്തും നടിയുമായ സോമി അലിയുമായി സല്‍മാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് മുംബൈ പത്രങ്ങള്‍ പറയുന്നത്. സല്‍മാനില്‍ നിന്ന് വേര്‍പിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചു.
അതിനുശേഷം കത്രീന കെയ്ഫിന്റെ പേരാണ് സല്‍മാനൊപ്പം കേട്ടത്. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുമെന്ന് കേട്ടെങ്കിലും അതും വൈകാതെ പൊളിഞ്ഞു.റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍പോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഈ പ്രണയങ്ങള്‍ ഒക്കെ പൊട്ടുന്നതിനുള്ള പ്രധാന കാരണം സല്‍മാന്റെ സ്വഭാവദൂഷ്യവും ദേഷ്യവും തന്നെ ആയിരുന്നു. ഇപ്പോള്‍ ഈ പാപങ്ങള്‍ക്കെല്ലാമുള്ള ശമ്പളം ഒറ്റയടിക്ക് സല്‍മാന് കിട്ടുകയാണെന്നാണ് വിമര്‍ശനം. 5000 കോടിയോളം ആസ്തിയുണ്ടായിട്ടും, സല്‍മാന് വേദനയില്‍നിന്ന് മോചനമില്ലാത്തത് കാലത്തിന്റെ കാവ്യനീതിയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.