എന്റെ അച്ചന്‍ മരിച്ചതല്ല, എന്റെ അച്ഛന്‍ സമാധിയായതാണ്; കോടതിയെയും നിയമങ്ങളെയും എല്ലാം ഞാന്‍ മാനിക്കുന്നുണ്ടെങ്കിലും വിധി പൂര്‍ണമായി അംഗീകരിക്കുന്നില്ല; പരാതി ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്താന്‍; സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടെ ഇളയമകന്റെ മറുപടി ഇങ്ങനെ

സമാധി വിവാദത്തില്‍ ഗോപന്‍ സ്വാമിയുടെ ഇളയമകന്റെ മറുപടി ഇങ്ങനെ

Update: 2025-01-15 10:28 GMT

തിരുവനന്തപുരം: അച്ഛന്റേത് മരണമല്ല സമാധിയെന്ന മറുപടി ആവര്‍ത്തിച്ച് നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ഇളയ മകന്‍ സനന്ദന്‍. ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സനന്ദന്‍: സമാധാനപരമായിട്ട് പോകുന്ന ശിവന്റെ അമ്പലത്തെ കളങ്കപ്പെടുത്തിയതിന്റെ ഉത്തരം കൂടി എനിക്കറിയണം. മറ്റുള്ളവര്‍ എന്തിനാണ് ഭഗവാന്‍ ശിവശങ്കരന്റെ അമ്പലത്തെ കളങ്കപ്പെടുത്താനായിട്ട് വന്നത്.? അതൊരു മുറിവേല്‍പ്പിക്കും പോലെയല്ലേ ആയത്. ഹിന്ദു ആചാരമനുസരിച്ച് ഹിന്ദു സന്യാസി ആകാന്‍ ആഗ്രഹിച്ച എന്റെ അച്ഛന്‍ സമാധിയായ സ്ഥലത്ത് വന്ന് ഹിന്ദുത്വത്തെ വ്രണപ്പെടുത്തുകയാണ് അവര് ചെയ്തിട്ടുള്ളത്.

കോടതിയെയും നിയമങ്ങളെയും എല്ലാം ഞാന്‍ മാനിക്കുന്നുണ്ട്. വളരെയധികം ബഹുമാനത്തോടെ തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. മാധ്യമങ്ങളോട് ഞാനും, സഹോദരനും അമ്മയും സത്യസന്ധമായ വാക്കുകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അത് മീഡിയ ഫുള്ളായിട്ട് ലൈവായിട്ട് വിട്ടിട്ടില്ല. എഡിറ്റ് ചെയ്ത് കാണിച്ചു.

റിപ്പോര്‍ട്ടര്‍മാര്‍: മരണ സര്‍ട്ടിഫിക്കറ്റുണ്ടോ?

ഓരോരുത്തര്‍ക്കും ഓരോ പ്രശ്‌നം വരുമ്പോഴേ അറിയാന്‍ പറ്റുകയുള്ളു.

നാടിന്റെ നിയമം നമ്മള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരല്ലേ? മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ ബാധ്യസ്ഥമല്ലേ?

എന്റെ അച്ഛന്റെ മരണമല്ല അത്, എന്റെ അച്ഛന്റേത് സമാധിയാണ്. അച്ഛനെന്ന് പറഞ്ഞാല്‍ ഹിന്ദു ആചാരമനുസരിച്ച് സമാധിയായതാണ്. എന്റെ അച്ചന്‍ മരിച്ചതല്ല, എന്റെ അച്ഛന്‍ സമാധിയായതാണ്. നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ, സാധാരണ വീട്ടിലുള്ള ഒരാള്‍, സമാധിയായെന്ന് പറഞ്ഞ് ഒരിടത്ത് കൊണ്ടിരുത്തി കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് വിശ്വസിക്കാം. പക്ഷേ ഇതെന്ന് പറഞ്ഞാല്‍, ഈ ക്ഷേത്രം ഇവിടെ വന്നിട്ട് 30 വര്‍ഷത്തോളം കഴിഞ്ഞു. പറയുന്നത് മനസ്സിലാക്കണം.

സമാധിയാവട്ടെ, മരണമാവട്ടെ, ഒരാളെ കാണാനില്ല. അക്കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അത് എവിടെ എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. നിങ്ങള്‍ പറയുന്നു കാണാനില്ല എന്നുപറയുന്ന ആള്‍ സമാധിയായെന്ന്. അപ്പോള്‍ അദ്ദേഹം ഉണ്ടോ എന്താണ് സംഭവിച്ചതെന്ന് അറിയണ്ടേ? പൊലീസുമായി സഹകരിക്കണ്ടേ എന്നാണ് കോടതി ചോദിച്ചത്.

ഇതിപ്പോ ആളെ കാണാനില്ലെന്ന് പറഞ്ഞു. ഇത് കാണാനില്ലെന്ന് പറഞ്ഞ ആളുടെ പേരെന്താ?

ഗോപന്‍ സ്വാമി

തന്നല്ലോ..പരാതി നല്‍കിയതാരാ? ഈ ഹിന്ദു അമ്പലത്തെ, വ്രണപ്പെടുത്താനാണ് തീരുമാനിച്ചുകൊണ്ടിരിക്കുന്നത്.

മതമല്ല, ആളു മിസിങ്ങാണ് എന്നാണ് കേസ്, സമാധിയോ മരണപ്പെട്ടതോ ആകട്ടെ, മരണ സര്‍ട്ടിഫിക്കറ്റുണ്ടോ എന്നതാണ് കോടതിയുടെ ചോദ്യം

ആള് മിസ്സിങ് ആണെങ്കില്‍ എന്തെല്ലാം ടൂളുണ്ട്. സ്‌കാനറുണ്ട്. തീര്‍ച്ചായായും കണ്ടെത്താന്‍ പറ്റും. കോടതി വിധി പൂര്‍ണമായി അംഗീകരിക്കാന്‍ സാധ്യമല്ല. പൊലീസ് അന്വേഷിക്കട്ടെ. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകള്‍ മക്കള്‍ അനുസരിച്ച് നടപ്പാക്കി.

ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്നാണ് ഹൈക്കോടതി വിധിച്ചത്. 'സമാധിപീഠം' പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.

ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമം എന്നും കോടതി പറഞ്ഞു. നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടി കൊണ്ട് പോകാനോ ആവില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി പരിഗണിക്കുന്ന അടുത്ത ആഴ്ചത്തേക്ക് മാറ്റി. എന്തിനാണ് പേടിയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു

Tags:    

Similar News