'മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...'; പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ പത്രിക തള്ളി; യോഗത്തില്‍ സുരേഷ് കുമാറും സാന്ദ്രാ തോമസും തമ്മില്‍ വാക്കേറ്റം; നിയമപോരാട്ടമെന്ന് സാന്ദ്ര
'മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ...';
കൊച്ചി: പ്രൊഡ്യുസേഴ്‌സ് അസോസിയേഷനിലെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. വരണാധികാരിയുമായി വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് നീക്കം. പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്ക് തര്‍ക്കം ഉണ്ടായത്. ട്രഷറര്‍, എക്‌സിക്യൂട്ടീവ്, പ്രസിഡന്റ് സ്ഥാനത്തേക്കാണ് പത്രിക സമര്‍പ്പിച്ചത്.
ചുരുങ്ങിയത് 3 സിനിമകള്‍ എങ്കിലും നിര്‍മ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ പ്രതികരണത്തോട് അത് അങ്ങനെയല്ലെന്ന് സ്ഥാപിക്കാന്‍ സാന്ദ്ര ശ്രമിച്ചതോടെ പത്രികകളുടെ സൂക്ഷ്മപരിശോധനാ വേദി വാക്‌പോരിന്റേത് കൂടിയായി.
നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. എതിര്‍പ്പ് ഉന്നയിച്ചതോടെ സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാം എന്ന് വരണാധികാരി വ്യക്തമാക്കി. അതിനിടയില്‍ നിര്‍മാതാവ് സുരേഷ് കുമാറും സാന്ദ്രാ തോമസ്സും തമ്മില്‍ വാക്തര്‍ക്കവുമുണ്ടായി. 'മത്സരിച്ചു ജയിച്ച് കാണിക്ക്... പറയാന്‍ ഉള്ളത് മാത്രം പറഞ്ഞാല്‍ മതി... കൈചൂണ്ടി സംസാരിക്കേണ്ട, പറയാനുള്ളതേ പറയുന്നുള്ളൂ... എന്നാണ് സാന്ദ്ര സുരേഷ് കുമാറിനോട് പറഞ്ഞത്.
തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്.
ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു. വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചു.
തനിക്കെതിരെ ഉണ്ടായത് നീതിനിഷേധമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. വരണാധികാരിയുടെ നിലപാടില്‍ പ്രതിഷേധിച്ച് സാന്ദ്ര തോമസ് യോഗത്തില്‍ ബഹളംവെച്ചു. അനധികൃതമായ നിയമനമാണ് വരണാധികാരിയുടേത്. ആസ്ഥാന ഗുണ്ടകളുടെ ഗുണ്ടായിസം എല്ലാവരും കണ്ടു. ഒന്‍പത് സിനിമകള്‍ എന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍ അവരുടെ ആളാണ് എന്നത് വ്യക്തമായി. എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതാണ്. സംഭവത്തെ നിയമപരമായി നേരിടും. പ്രസിഡന്റ് ആയി എന്നെ മത്സരിച്ച് തോല്‍പ്പിച്ച് കാണിക്കട്ടെ. ഏതൊരു റെഗുലര്‍ മെമ്പറിനും മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരിക്കാം എന്നാണ് ബൈലോയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സാന്ദ്രാ തോമസ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയപ്പോള്‍ മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍മ്മാതാക്കളുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് പര്‍ദ്ദയിട്ടാണ് വരുന്നതെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. പര്‍ദ പ്രതിഷേധത്തിന്റെ ഭാഗം ആണെന്നും സിനിമാ നിര്‍മാതാവ് സാന്ദ്ര തോമസ് തോമസ് വ്യക്തമാക്കിയിരുന്നു.
താന്‍ കൊടുത്ത കേസില്‍ പൊലീസ് കുറ്റപത്രം നല്‍കിയിട്ടുണ്ട്. അതില്‍ പ്രതികളായവരാണ് അധികാരത്തില്‍ ഉള്ളത്. ഇവിടെ വരാന്‍ എന്തുകൊണ്ടും ഇതാണ് യോജിച്ച വസ്ത്രം പര്‍ദ്ദയാണ്. നിര്‍മാതാക്കളുടെ സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണം. തനിക്ക് മാറ്റം കൊണ്ടുവരാനാകും. പാനലായി മല്‍സരിക്കുമെന്നാണ് സാന്ദ്ര അവകാശപ്പെട്ടത്.