കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം; ധോണിക്ക് ശേഷം ദീര്‍ഘകാല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന ലക്ഷ്യവും; സഞ്ജുവിനെ ടീമിലെത്തിക്കുമ്പോള്‍ ചെന്നൈ മുന്നില്‍ കാണുന്ന പദ്ധതികള്‍ നിരവധി; ഐപിഎല്‍ കണ്ട ഏറ്റവും വലിയ കൈമാറ്റത്തെ വിശദീകരിച്ച് ചേതേശ്വര്‍ പൂജാരയും

സഞ്ജുവിനെ ടീമിലെത്തിക്കുമ്പോള്‍ ചെന്നൈ മുന്നില്‍ കാണുന്ന പദ്ധതികള്‍ നിരവധി

Update: 2025-11-15 13:19 GMT

ചെന്നൈ: ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ കൈമാറ്റമാണ് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവ്.കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ ഇത്തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും സഞ്ജുവിനെ വിട്ടുനല്‍കണമെങ്കില്‍ രാജസ്ഥാന്‍ മുന്നോട്ടുവച്ച ഉടമ്പടികള്‍ മറ്റ് ടീമുകള്‍ക്ക് അത്രകണ്ട് സ്വീകാര്യമായിരുന്നില്ല. അതിനാല്‍ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നതല്ലാതെ ഇതിനൊരു ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുമുന്നെയാണ് സഞ്ജു ചെന്നൈയിലേക്ക് തന്നെ എത്തുമെന്നും പകരം രവീന്ദ്ര ജഡേജയെയും മറ്റൊരു താരത്തെയും വിട്ടുനല്‍കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നത്. ഇന്ന് രാവിലെയോടെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇത് പുറത്തുവിടുകയും ചെയ്തു.

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമ്പോള്‍ സൂപ്പര്‍താരം രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ മുന്‍നിര താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സിന് നല്‍കുന്നത്.സഞ്ജുവിന്റെ വരവ് വീഡിയോകളിലൂടെയും പോസ്റ്ററുകളിലൂടെയമൊക്കെ ചെന്നൈ ആഘോഷിക്കുമ്പോള്‍ വികാര നിര്‍ഭരമായാണ് രാജസ്ഥാന്‍ സഞ്ജുവിന് യാത്രയയപ്പ് നല്‍കുന്നത്. രവീന്ദ്രജഡേജയെപ്പോലെ ഒരു ഓള്‍റൗണ്ടറെ നല്‍കി സഞ്ജൂവിനെ ടീമിലെടുക്കുന്നതിലെ യുക്തിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്.എന്നാല്‍ ചേതേശ്വര്‍ പൂജാര നല്‍കിയ മറുപടിയില്‍ ചെന്നൈയുടെ ലക്ഷ്യം വ്യക്തമാണ്.

സഞ്ജുവിന്റെ വരവ് ഒന്നല്ല രണ്ട് രീതിയില്‍ ചെന്നൈക്ക് ഗുണകരമാവും എന്നാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായി ചേതേശ്വര്‍ പൂജാര പറയുന്നത്.കഴിഞ്ഞ രണ്ട് സീസണുകളിലായി പ്ലേ ഓഫ് പോലും എത്താതെ പാതിവഴിയില്‍ വീണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സഞ്ജുവിന്റെ വരവ് നല്ല രീതിയില്‍ ഗുണം ചെയ്യുമെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് ചേതേശ്വര്‍ പൂജാര. ചെന്നൈ അനുഭവിക്കുന്ന ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബാറ്ററുടെ അഭാവം എത്രത്തോളമാണെന്ന് കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്ന് വ്യക്തമാണ്. അവിടേക്കാണ് സഞ്ജു സാംസണ്‍ വന്നെത്തുന്നത്.



ഒരുപക്ഷേ, ഇന്ത്യന്‍ ടീമില്‍ നിഷേധിക്കപ്പെട്ട ഓപ്പണിംഗ് സ്ലോട്ട് സഞ്ജുവിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.ഈ ഇടപാട് കൊണ്ട് സിഎസ്‌കെയ്ക്ക് രണ്ട് തരത്തില്‍ ആയിരിക്കും നേട്ടമുണ്ടാവുക. ഒന്ന്, കഴിഞ്ഞ ഐപിഎല്ലില്‍ അവരുടെ ടോപ്പ് ഓര്‍ഡറിന് അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സഞ്ജു ടോപ്പ് ഓര്‍ഡറില്‍ വന്നാല്‍ അവര്‍ക്ക് ആ പൊസിഷനില്‍ നല്ല സ്ഥിരത ലഭിക്കുമെന്നാണ് ചേതേശ്വര്‍ പൂജാര ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ച്വറി അന്താരാഷ്ട്ര ടി20 യില്‍ നേടിയ ആള്‍ കൂടിയാണ് സഞ്ജു.

രണ്ടാമതായി, ആകാശ് ചോപ്ര പറഞ്ഞതിനെക്കുറിച്ച്, അവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുകയാണ്.മഹി ഭായ് (ധോണി) എപ്പോള്‍ പോകുമെന്ന് നമുക്കറിയില്ല.അതുകൊണ്ട് തന്നെ മഹി ഭായ്ക്ക് ശേഷം അവര്‍ക്ക് ആവശ്യമായ ദീര്‍ഘകാല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന കാര്യം അവര്‍ സഞ്ജു സാംസണില്‍ കാണുന്നു എന്നതാണ് കാര്യമെന്നും പൂജാര പറയുന്നു.എങ്കിലും സിഎസ്‌കെ നായക പദവിയില്‍ സഞ്ജുവിന് ഇനിയും സമയം നല്‍കണം എന്നാണ് പൂജാര അഭിപ്രായപ്പെടുന്നത്. 'ഋതുരാജ് നയിച്ച രീതി കാരണം അദ്ദേഹം ക്യാപ്റ്റനായി തുടരുമെന്ന് എനിക്ക് തോന്നുന്നു. ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നില്ല.

മഹി ഭായ്, രവീന്ദ്ര ജഡേജ, മറ്റ് നിരവധി മുതിര്‍ന്ന കളിക്കാര്‍ എന്നിവര്‍ ടീമിലുള്ളപ്പോള്‍ ആ കളിക്കാരെയെല്ലാം ഒപ്പം കൊണ്ടുപോയി ക്യാപ്റ്റന്‍സി ചെയ്യുന്നത് അത്ര എളുപ്പമല്ല'; പൂജാര കൂട്ടിച്ചേര്‍ത്തു.ചെന്നൈ സൂപ്പര്‍ കിങ്സിലും ക്യാപ്റ്റന്‍ ആരാകുമെന്നതില്‍ ആകാംഷയുണ്ട്. നിലവില്‍ റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈയുടെ ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ പരിക്കിനെ തുടര്‍ന്ന് റുതുരാജ് സീസണ്‍ പകുതിക്ക് വെച്ച് പിന്മാറിയിരുന്നു. പിന്നീട് ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റന്‍.



അതേസമയം, രാജസ്ഥാന്‍ റോയല്‍സില്‍ ഒന്നിലധികം സീസണുകളില്‍ നായകനായി കളിച്ച സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ചില കളികള്‍ നഷ്ടപെടുത്തിയിരുന്നു. ഇത് ടീമിന്റെ മൊത്തം പ്രകടനത്തെയാണ് ബാധിച്ചത്.നിലവില്‍ സിഎസ്‌കെയില്‍ താരത്തിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനിടയില്ലെന്നാണ് സൂചന. ഒരു ബാറ്റര്‍-വിക്കറ്റ് കീപ്പര്‍ എന്ന നിലയിലാവും സഞ്ജുവിന്റെ ചുമതലകള്‍.എന്തായാലും സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു നല്ല നീക്കമാണെന്ന് തന്നെയാണ് വിലയിരുത്തല്‍. പ്രത്യേകിച്ച് വരും വര്‍ഷങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണി എന്ന അതികായന്‍ ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ മഞ്ഞക്കുപ്പായത്തില്‍ ചെന്നൈ ടീമിനെ നയിക്കാനും ഗ്ലൗ അണിയാനും ഏറ്റവും യോഗ്യനാവും സഞ്ജു സാംസണ്‍.

കഴിഞ്ഞ സീസണില്‍ ചെന്നൈ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. റുതുരാജ് ക്യാപ്റ്റനായിരുന്ന 2024ലെ സീസണിലും ചെന്നൈയുടെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.

Tags:    

Similar News