ഓട്ടോ ഡ്രൈവറായ ഭാര്യാ പിതാവ് മംഗളൂരുവിനടുത്ത ആരാധനാ കേന്ദ്രത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടു; അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞതെന്ന് മൊഴി; എല്ലാം കള്ളമോ? ടിജെ ജോസഫിന്റെ കൈവട്ട് കേസില്‍ പോപ്പര്‍ഫ്രണ്ടിലേക്ക് അന്വേഷണം; സവാദിന്റെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമെന്ന് എന്‍ഐഎ
കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് എന്‍ഐഎ. കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫ് കൈവെട്ട് കേസില്‍ ഗൂഢാലോചനയിലാകും ഇനി വിശദമായ അന്വേഷണം നടത്തുക. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. 14 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വര്‍ഷം ഒളിവില്‍ തുടരാന്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്. ഈ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വേരുകളിലേക്ക് അന്വേഷണം നീളും. 2019ലാണ് പ്രൊഫസര്‍ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം കിട്ടി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എന്‍ഐഎ കോടതിയെ എന്‍ഐഎ കഴിഞ്ഞ ദിവസം അറിയിച്ചു. സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ മനപ്പൂര്‍വമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയില്‍ നിലപാട് എടുത്തു. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.
ജോസഫിനെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് എന്‍ഐഎ വാദം. കൈവെട്ട് കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്‍പ്പെടെ വലിയ കൂട്ടം തന്നെ പ്രവര്‍ത്തിച്ചു എന്നുമാണ് എന്‍ഐഎ നിലപാട്. ഇത്തരം വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ തുടരന്വേണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഐഎ വ്യാഴാഴ്ച അപേക്ഷ നല്‍കിയത്. എന്‍ഐഎയുടെ അപേക്ഷ കോടതി സ്വീകരിച്ചു.
2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സവാദ് ആയിരുന്നു അധ്യാപകന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സവാദ് 2024 ജനുവരി പത്തിന് കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. ഷാജഹാന്‍ എന്ന വ്യാജപേരില്‍ ആയിരുന്നു ഇയാള്‍ ഇവിടെ കഴിഞ്ഞിരുന്നത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഫര്‍ സി എന്നയാളാണ് സവാദിന് കണ്ണൂരില്‍ സംരക്ഷണം ഒരുക്കിയത് എന്നും എന്‍ഐഎ പറയുന്നു. 2020 മുതല്‍ അറസ്റ്റിലാകും വരെ കണ്ണൂരിലെ ചാക്കാട്, മട്ടന്നൂര്‍ പ്രദേശങ്ങളില്‍ സവാദ് ഒളിവില്‍ കഴിഞ്ഞു. കൈവെട്ട് കേസിലെ 55-ാം പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സവാദിനെ സഹായിച്ച സഫര്‍.
സവാദിന് ഒളിവില്‍ കഴിയാന്‍ സഹായം പലരുടേയും ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. സംഘം വിശ്വസിക്കുന്നത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍ വച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടര്‍ച്ചയായ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവര്‍ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാന്‍ എന്നപേരില്‍ തന്നെയാണ് വിവാഹം കഴിച്ചതും. തന്നെ തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാന്‍ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു.
2016ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വര്‍ഷം മുമ്പ് മകളെ വിവാഹം കഴിച്ച് നല്‍കിയതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് കണ്ണൂരിലെത്തി, വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂര്‍ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. വിവരങ്ങള്‍ മറച്ചുവച്ചു. വാടകവീടെടുക്കാന്‍ നല്‍കിയത് ഭാര്യയുടെ രേഖകളും വിലാസവും. ഗര്‍ഭിണിയായി ബേരത്ത് എത്തിയപ്പോള്‍ ആശ വര്‍ക്കര്‍മാര്‍ക്കും പൂര്‍ണ വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറി. ഷാജഹാന്‍ തന്നയാണോ സവാദെന്ന് എന്‍ഐഎ ഉറപ്പിക്കുന്നത് ഇളയ കുഞ്ഞിന്റെ ജനന രേഖയില്‍ നിന്നാണെന്നാണ് വിവരം.
മരപ്പണി പഠിച്ചെടുത്തത് കണ്ണൂരില്‍ നിന്നാണ്. വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരെന്ന് എന്‍ഐഎക്ക് വ്യക്തമായിട്ടുണ്ട്. സവാദിനെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് മരപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
