പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീട്ടിലേക്കു മടങ്ങുന്നതിനിടെ കൈയ്യില്‍ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞു; പേരു പറയാന്‍ നിര്‍ബന്ധിച്ചു; പോക്സോ കേസില്‍ കുരുങ്ങിയ 35കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ; 'ഐ ലവ് യു' എന്ന് പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി; പിന്നാലെ മോചനം
'ഐ ലവ് യു' എന്ന് പറയുന്നത് ലൈംഗികാതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: ഒരു വ്യക്തിയോട് ഇഷ്ടമാണ് എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റെ നിര്‍ണായക വിധി. 2015ല്‍ 17 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വഴിയില്‍വച്ച് കയ്യില്‍ പിടിച്ച് 'ഐ ലവ് യു' എന്ന് പറഞ്ഞതിന് പീഡനം ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ കേസില്‍ യുവാവ് ശിക്ഷിക്കപ്പെട്ട സംഭവത്തിലാണ് കോടതി വിധി. മൂന്ന് വര്‍ഷം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കേസില്‍ നിന്ന് ഒഴിവാക്കി.
ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശമായി കണക്കാക്കാന്‍ സാധിക്കില്ല എന്നാണ് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍കെയുടെ അധ്യക്ഷതയിലുളള ബെഞ്ച് ചൂണ്ടിക്കാണിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സ്പര്‍ശിക്കുക, മോശമായി സംസാരിക്കുക, ആംഗ്യങ്ങള്‍ കാണിക്കുക എന്നിവയൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നവയാണ്. എന്നാല്‍ ഇഷ്ടമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാളെ പീഡനക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ഐ ലവ് യു എന്ന് പറയുന്നതിനപ്പുറം ഒരാളുടെ ലൈംഗിക ഉദ്ദേശം വ്യക്തമാക്കുന്ന രീതിയില്‍ മറ്റ് കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്കെതിരെ ലൈംഗിക പീഡനത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. പറയുന്ന വാക്കുകള്‍ക്ക് പിന്നില്‍ ലൈംഗിക ഉദ്ദേശ്യമില്ലെങ്കില്‍ 'ഐ ലവ് യു' എന്ന് പറയുന്നത് നിയമത്തില്‍ പറയുന്ന പോലെ ലൈംഗികപീഡന കുറ്റമാകില്ലെന്ന് കോടതി പറഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റെതാണ് വിധി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് 'ഐ ലവ് യു' എന്ന പറഞ്ഞ യുവാവിനെതിരായ കേസിലാണ് കോടതിയുടെ നിര്‍ണായക വിധി. പോക്സോ നിയമപ്രകാരം നാഗ്പുര്‍ സെഷന്‍സ് കോടതി ഇയാള്‍ക്ക് മൂന്ന് വര്‍ഷം തടവ് വിധിച്ചിരുന്നു. സ്‌കൂള്‍ വിട്ട വരുന്ന 17 വയസുള്ള പെണ്‍കുട്ടിയെ കൈയ്യില്‍ പിടിച്ചതിന് ശേഷമാണ് ഇയാള്‍ ഐ ലവ് യു എന്ന് പറഞ്ഞത്. സംഭവം കുട്ടി വീട്ടില്‍ പറയുകയും അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രോസിക്യൂഷന്‍ കേസ് പ്രകാരം, 2015 ഒക്ടോബര്‍ 23ന് പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഇരയുടെ കുടുംബം പരാതി നല്‍കിയിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടി വീട്ടിലേക്കു മടങ്ങുന്നതിനിടെ പ്രതി 'ഐ ലവ് യു' എന്ന് പറയുകയും പേരു പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.