ഡോളര്‍ കിട്ടാനില്ല! മാലദ്വീപില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച് എസ്.ബി.ഐ; ഒരു മാസം അയക്കാവുന്ന പരമാവധി തുക 150 ഡോളര്‍ മാത്രം; നാട്ടിലേക്ക് പണം അയയ്ക്കാന്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കുമ്പോള്‍ ഭീമമായ നഷ്ടം; കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഇന്ത്യന്‍ പ്രവാസികള്‍

മാലദ്വീപില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച് എസ്.ബി.ഐ

Update: 2025-10-15 12:15 GMT

തിരുവനന്തപുരം: മാലദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച എസ്.ബി.ഐ നടപടിയില്‍ വലഞ്ഞ് പ്രവാസികള്‍. പണമയക്കാനുള്ള പരിധി 400 ഡോളറില്‍ നിന്നും 150 ഡോളറായാണ് കുറച്ചത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പണമയക്കാന്‍ സ്വകാര്യ ഏജന്റുമാരെ ആശ്രയിക്കുന്നതു കൊണ്ട് കമ്മീഷന്‍ തുകയായി വന്‍തുക നഷ്ടപ്പെടുന്നതായും നികുതി സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതായും പ്രവാസികള്‍ പരാതിപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ പരിഹാരം കാണാനാകൂയെന്നും പ്രവാസികള്‍ പറഞ്ഞു.

പ്രശ്നം പരിഹരിക്കാന്‍ ബാങ്ക് അധികൃതരോട് നിരന്തരമായി അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു അനുകൂല നടപടിയും ഉണ്ടാകുന്നില്ലെന്ന് മാലദ്വീപില്‍ മീമു അത്തോള്‍ മഡുവാരി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി അജിത് ശിവദാസന്‍ പരാതിപ്പെടുന്നു. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഡോളറിന്റെ ലഭ്യതക്കുറവാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മാലദ്വീപ് മോണിറ്ററിങ് അതോറിറ്റിയുടെ (എം.എംഎ) നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് അവര്‍ അഭിപ്രായപ്പെട്ടതായും അജിത് പറയുന്നു.

മാലദ്വീപില്‍ വിവിധ മേഖലകളിലായി ഏകദേശം 6,000 ത്തോളം ഇന്ത്യന്‍ പ്രവാസികള്‍ (അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍, മറ്റു മേഖലകളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ) ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗംപേരും പണമിടപാടുകള്‍ക്കായി ആശ്രയിക്കുന്നത് മാളേയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയാണ്. മുന്‍പ് പരിധിയില്ലാതെ പണമയക്കാന്‍ കഴിയുമായിരുന്നു. 2014 ല്‍ ഇത് 500 ഡോളറായി എസ്.ബി.ഐ കുറച്ചു. തുടര്‍ന്ന് 400 ഡോളറായും ഇപ്പോള്‍ 150 ഡോളറായും കുറക്കുകയായിരുന്നു. അത്യാവശ്യകാര്യങ്ങള്‍ക്ക്് കുടുതല്‍ തുക നാട്ടിലേക്ക് അയക്കാന്‍ സ്വകാര്യ ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്.

ഏജന്റുമാര്‍ വഴി പണമയക്കുമ്പോള്‍ ഭീമമായ നഷ്ടം സംഭവിക്കുന്നു. ഉദാഹരണത്തിന്, 10,000 മാല്‍ദീവിയന്‍ റുഫിയ അയക്കുമ്പോള്‍ ഏകദേശം 12,000 രൂപയില്‍ അധികം നഷ്ടം വരുന്നുണ്ട്. ബാങ്ക് വഴിയും ബ്ലാക്ക് മാര്‍ക്കറ്റ് വഴിയുമുള്ള വിനിമയ നിരക്കുകളിലെ അന്തരം പ്രവാസികളുടെ വരുമാനത്തിന്റെ മൂല്യം കുറയ്ക്കുന്നു. കൂടാതെ, നികുതി പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ഒരു മാലദ്വീപ് റുഫിയക്ക് 5.8 ഇന്ത്യന്‍ രൂപയുടെ മൂല്യം ബാങ്ക് വഴി അയക്കുമ്പോള്‍ ലഭിക്കും. എന്നാല്‍ ബ്ലാക്ക് മാര്‍ക്കറ്റ് വഴി അയക്കുമ്പോള്‍ 4.50 ഇന്ത്യന്‍ രൂപയുടെ മൂല്യം മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ഒരുമാസം പണമയക്കുമ്പോള്‍ ബാങ്ക് വിവിധ ഇനങ്ങളില്‍ കമ്മീഷനായി പത്തു ഡോളറില്‍ അധികം ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ് വിനിമയ പരിധി വെട്ടിച്ചുരുക്കി പ്രവാസികളെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുന്നതെന്നും പ്രവാസികള്‍ ആരോപിക്കുന്നു.

Tags:    

Similar News