അധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്? കുരിശുമാലയും കുങ്കുമവും ഏലസുമൊക്കെ നിരോധിക്കുമോ? പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരെ ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത
അധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്ക്?
തൃശൂര്‍: സ്‌കൂളിലെ യൂണിഫോം കോഡ് തെറ്റിച്ച് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എസ്ഡിപിഐക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ നിയമലംഘകര്‍ക്ക് അനുകൂല നിലപാടുമായി ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. അധ്യാപകര്‍ക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികള്‍ക്കെന്ന് ചോദിച്ച അദ്ദേഹം കഴുത്തിലെ കുരിശുമാല, നെറ്റിയില്‍ കുങ്കുമം, കൈയിലെ ഏലസ് ഇതൊക്കെ നിരോധിക്കുമോ എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
പള്ളുരുത്തി സെന്റ് റീത്താസ് പബ്‌ളിക് സ്‌കൂളിലാണ് യൂണിഫോം മാനദണ്ഡം ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിയുെ വിഷയം പ്രശ്‌നമായി മാറിയത്. ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. നാല് മാസമായ സ്‌കൂള്‍ യൂണിഫോം നിയമം പാലിച്ചെത്തിയ പെണ്‍കുട്ടി പെട്ടന്നൊരു ദിവസം ഹിജാബ് ധരിച്ചെത്തുകയായിരുന്നു.
അതേസമയം, സ്‌കൂളിലെ യൂനിഫോം കോഡ് എല്ലാവര്‍ക്കും ബാധകമാണെന്നും ഇക്കാര്യം പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതാണെന്നും സ്‌കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപകരും അനധ്യാപകരും മാനസിക സമര്‍ദത്താല്‍ അവധിയെടുത്തതിനാല്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കിയെന്നും പൊലീസ് സംരക്ഷണം തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കൊച്ചിയില്‍ ശിരോവസ്ത്ര അനുമതി വിലക്കിയത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ട സംഭവത്തില്‍ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ മാനേജ്‌മെന്റ് കൂടുതല്‍ പക്വതയോടെ പെരുമാറണമായിരുന്നു. കുട്ടികളെ പറഞ്ഞുവിടുന്നതും സ്‌കൂള്‍ പൂട്ടിയിടുന്നതും അംഗീകരിക്കാന്‍ കഴിയില്ല.
സ്‌കൂളുകളില്‍ യൂനിഫോം മറക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂനിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മാനേജ്‌മെന്റ് ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യണം. മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പരിശോധിക്കാന്‍ എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.