ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; 'സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്'; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐ

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍;

Update: 2025-10-23 10:18 GMT

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സമരത്തില്‍ എസ്ഡിപിഐക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ചു നേതാക്കള്‍ രംഗത്ത്. ആക്രമണങ്ങളുടെ ഉത്തരവാദികള്‍ പൂര്‍ണമായും ഡി.വൈ.എഫ്.ഐക്കാരാണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. 'സമരത്തില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കി എന്ന് സി.പി.എം പറഞ്ഞത് ശരിയാണ്. പക്ഷേ ആ ക്രിമിനലുകള്‍ എസ്ഡിപിഐക്കാരല്ല, ഡിവൈഎഫ്‌ഐക്കാരാണ്. ഡിവൈഎഫ്‌ഐക്കാരാണ് നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കിയത്' -എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'സി.പി.എമ്മിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ജനകീയ സമരം നടന്ന പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ പല പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് ലീഗിലേക്കും കോണ്‍ഗ്രസിലേക്കും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്കും പോയിക്കൊണ്ടിരിക്കുന്നു. വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശങ്ങളില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സി.പി.എമ്മിന് വന്നു ചേര്‍ന്നിരിക്കുകയാണ്.

ഇതുതന്നെയാണ് കട്ടിപ്പാറ പഞ്ചായത്തിലും പുതുപ്പാടി പഞ്ചായത്തിലും താമരശ്ശേരി പഞ്ചായത്തിലും ഓമശ്ശേരി പഞ്ചായത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാര്‍ക്ക് ഈ ഫ്രഷ് കട്ടുമായിട്ടുള്ള ബന്ധങ്ങള്‍ അവിടുത്തെ സമരസമിതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ കമ്പനിയില്‍നിന്ന് എന്തെങ്കിലും വാങ്ങിയെടുക്കാന്‍ ഉണ്ടെങ്കില്‍ അത്തരം സംഗതികള്‍ക്കാണ് അവര്‍ മുന്‍തൂക്കം കൊടുക്കുന്നത്. അതിന് മറ സൃഷ്ടിക്കാനാണ് എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളെ പഴിചാരുന്നത്.

ഈ ജനകീയ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും ഒക്കെ മനുഷ്യ മറയാക്കിക്കൊണ്ട് ആസൂത്രിതമായ അക്രമം അവിടെ നടന്നിട്ടുണ്ട്. അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത് എന്ന് ആ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകും. അതായത് പോലീസ് ടിയര്‍ ഗ്യാസ് എറിയുന്ന അതേ സമയത്ത് തന്നെ അക്രമം ഉണ്ടാകുന്നു. ചില ഛിദ്രശക്തികള്‍ ഇതില്‍ ഇടപെട്ടു എന്നത് വസ്തുതയാണ്.

അത് അന്വേഷിക്കണം. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ആരാണ് എന്ന് വസ്തുനിഷ്ഠമായി അന്വേഷിച്ച് പ്രതികളെ രംഗത്ത് കൊണ്ടുവരണം. അതിന് ആദ്യം തന്നെ വിധി പ്രസ്താവന നടത്തരുത്. സിപിഎം ഇന്ന് എത്തി നില്‍ക്കുന്ന ജീര്‍ണ്ണതയാണ് ഇതിന് പിന്നില്‍. സാമ്പത്തിക താല്പര്യവും അല്ലാത്തതും ഒക്കെ ഇതില്‍ പ്രവൃത്തിച്ചിട്ടുണ്ട്. അതില്‍ നിന്നൊക്കെ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള പ്രചാരണം മാത്രമാണ് സി.പി.എം നടത്തുന്നത്.

വടകരയില്‍ രസകരമായ ഒരു ചൊല്ലുണ്ട്. ''വടകരയില്‍ കടലാക്രമണം; ആഭ്യന്തര മന്ത്രി രാജി വെക്കണം' എന്ന്. ഇത് പോലെയാണ് എസ്.ഡി.പി.ഐക്കെതിരായ ആരോപണവും. ഇതില്‍ മാത്രമല്ലല്ലോ, എവിടെയാണ് എസ്ഡിപിഐയെ ആരോപിക്കാത്തത്? ആവിക്കല്‍ത്തോട് പ്രക്ഷോഭം ഉണ്ടായപ്പോള്‍ അതിലും എസ്ഡിപിഐയെ ആരോപിച്ചു. ജനങ്ങള്‍ മൊത്തം എല്ലാ വിഭാഗീയതകളും മാറ്റിവെച്ചുകൊണ്ട് സമരസജ്ജമായി രംഗത്ത് വന്നപ്പോള്‍ അതിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് പറയുന്നു. ഗെയില്‍ പൈപ്പ്‌ലൈന്‍ സമരത്തിന് പിന്നിലും എസ്ഡിപിഐ ആണെന്ന് പറഞ്ഞു.

ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐക്കാരാണ് എന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ സെക്രട്ടറി എം. മെഹബൂബും ആരോപിക്കുന്നത്. ഫ്രഷ്‌കട്ട് സമരം സംബന്ധിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവന വായിച്ചാല്‍ മാത്രം അതിന്റെ പിന്നില്‍ എന്താണ്, ആരാണ്, ഉദ്ദേശം എന്താണ് എന്ന് മനസ്സിലാകും. തങ്ങള്‍ നട്ടപ്പാതിരക്ക് പകലാണെന്ന് പറഞ്ഞാല്‍ പകലാണ്, ഉച്ചനേരത്ത് രാത്രിയാണെന്ന് പറഞ്ഞാല്‍ രാത്രിയാണ് എന്ന് ജനങ്ങള്‍ കരുതിക്കൊള്ളും എന്ന തെറ്റിദ്ധാരണയാണ് സി.പി.എമ്മിനുള്ളത്. എല്ലാ ജനകീയ സമരങ്ങളെയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ പാര്‍ട്ടിയെ സമരരംഗങ്ങളില്‍ പിന്തിരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഇവിടെ നടക്കുന്നുണ്ട്. അത് അതിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍.

ഏതാണ്ട് ആയിരക്കണക്കിന് ആളുകള്‍ അധിവസിക്കുന്ന ഒരു പ്രദേശത്ത് കഴിഞ്ഞ ആറു വര്‍ഷക്കാലമായി ജനത സമരത്തിലാണ്. ഈ പ്ലാന്റില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം കാരണം വളരെ പ്രയാസകരമായ അവസ്ഥയാണ് പ്രദേശത്ത്. അവിടുത്തെ ജനകീയ കൂട്ടായ്മയാണ് സമരം ചെയ്യുന്നത്. അതില്‍ സിപിഎമ്മുകാരുണ്ട്, അവരുടെ കേഡര്‍മാരും അനുഭാവികളുമുണ്ട്, മുസ്‌ലിം ലീഗുമായും കോണ്‍ഗ്രസുമായും ബന്ധപ്പെട്ട ആളുകളുണ്ട്, വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലും മതസംഘടനയില്‍പെട്ട ആളുകള്‍, മതമില്ലാത്ത ആളുകള്‍ എല്ലാം ഈ സമരമുഖത്തുണ്ട്. എന്നിരിക്കെ ബോധപൂര്‍വ്വമായാണ് എസ്ഡിപിഐയെ പറയുന്നത്. എസ്ഡിപിഐയെ സംശയമില്ലെന്ന് സമരസമിതിയുടെ ആളുകള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഫ്രഷ് കട്ടിന്റെ മാനേജ്‌മെന്റുമായി ചേര്‍ന്ന് പൊലീസും ഭരണകൂടവും നടത്തിയ ആസൂത്രണമായ ഇടപെടലാണ് അന്ന് നടന്നത്.

കൃത്യമായ അന്വേഷണം നടത്തി അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കിയവരെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നത്. അറവുമാലിന്യ കേന്ദ്രം ഈ ജനവാസ മേഖലയില്‍ നിന്ന് മാറ്റി ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റുകയും ചെയ്യണം' -എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ ഫ്രഷ്‌കട്ട് സമരത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐ തന്നെയെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബും ആരോപണം ആവര്‍ത്തിച്ചു കൊണ്ട് രംഗത്തുവന്നു. സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എം മെഹബൂബ് പറഞ്ഞു.

സംഭവം വളരെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രദേശത്തെ നാലോളം പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. സമരത്തിന് വേറെ രാഷ്ട്രീയമുഖമൊന്നും നല്‍കിയിട്ടില്ല. സിപിഐഎം അനുഭാവികളായ കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കണമെന്നതാണ് പാര്‍ട്ടിയുടെ സമീപനം. ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് ഈ പ്രവര്‍ത്തി നടത്തിയത്. സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും മെഹബൂബ് പറഞ്ഞു.

കട്ടിപ്പാറയിലുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ചില ഛിദ്രശക്തികള്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയും പറഞ്ഞിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.

എന്നാല്‍ സിപിഎഎം പ്രാദേശിക നേതൃത്വം ഇത്തരം ആരോപണങ്ങളെ തള്ളിയിരുന്നു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.സംഘര്‍ഷത്തില്‍ 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ആകെ എട്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News