താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ; ഡിവൈഎഫ്‌ഐ നേതാവ് ശ്രമിച്ചത് സംഘര്‍ഷം ഒഴിവാക്കാന്‍; ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് അക്രമ പ്രവര്‍ത്തി നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയവരെ തേടി വീടുകളില്‍ പോലീസ് പരിശോധന
താമരശ്ശേരി സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെ
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് സമരത്തിന് നേതൃത്വം നല്‍കിയത് എസ്ഡിപിഐ തന്നെയെന്ന വാദത്തില്‍ ഉറച്ച് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബും ആരോപണം ആവര്‍ത്തിച്ചു കൊണ്ട് രംഗത്തുവന്നു. സമരത്തിലേക്കുള്ള എസ്ഡിപിഐ നുഴഞ്ഞുകയറ്റം അന്വേഷിക്കണമെന്നും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും എം മെഹബൂബ് പറഞ്ഞു.
സംഭവം വളരെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തെ എസ്ഡിപിഐയും പ്രദേശത്തെ നാലോളം പ്രാദേശിക ലീഗ് നേതാക്കളുമാണ് നയിച്ചത്. സമരത്തിന് വേറെ രാഷ്ട്രീയമുഖമൊന്നും നല്‍കിയിട്ടില്ല. സിപിഐഎം അനുഭാവികളായ കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കണമെന്നതാണ് പാര്‍ട്ടിയുടെ സമീപനം. ക്രിമിനല്‍ സ്വഭാവമുള്ള ചിലരാണ് ഈ പ്രവര്‍ത്തി നടത്തിയത്. സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും മെഹബൂബ് പറഞ്ഞു.
കട്ടിപ്പാറയിലുണ്ടായ ആക്രമണം യാദൃശ്ചികമല്ലെന്നും ചില ഛിദ്രശക്തികള്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ജനകീയ സമരത്തില്‍ നുഴഞ്ഞുകയറിയെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയും പറഞ്ഞിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.
എന്നാല്‍ സിപിഎഎം പ്രാദേശിക നേതൃത്വം ഇത്തരം ആരോപണങ്ങളെ തള്ളിയിരുന്നു. സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി.സംഘര്‍ഷത്തില്‍ 500 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം, കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ആകെ എട്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ പ്രതികളെ തിരഞ്ഞ് പ്രദേശത്തെ വീടുകളില്‍ രാത്രിയിലടക്കം പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭയന്നാണ് കഴിയുന്നതെന്നും അനധികൃതമായി നടത്തുന്ന പൊലീസ് റെയ്ഡ് അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അക്രമ ശേഷം ഒളിവില്‍ പോയവരെ തേടിയാണ് പോലീസ് പരിശോധന നടത്തിയത്. വീട്ടുടമയുടെ പേരും വീട്ടുപേരും വീട്ടുനമ്പരും മറ്റ് വിശദാംശങ്ങളും പൊലീസുകാര്‍ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുകയാണ് ഉണ്ടായത്.
ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞുകയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാന്റ് ആക്രമിച്ചിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നും സമരസമിതി ചെയര്‍മാനായ ബാബു കുടുക്കി വ്യക്തമാക്കി.
ഫ്രഷ് കട്ടിന്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും അദ്ദേഹം തള്ളി. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷത്തില്‍ പൊലീസിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ചായിരുന്നു സമരം.
ഇതേ കാരണങ്ങളുന്നയിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കി. റൂറല്‍ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുള്‍പ്പടെ നിരവധി പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കമ്പനിക്ക് അഞ്ച് കോടിയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്.