തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് തിരിച്ചടി; വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില്‍ റിലയന്‍സ് പവറിന് മൂന്ന് വര്‍ഷത്തെ വിലക്ക്; നിയമപരമായി നീങ്ങുമെന്ന് വിശദീകരണം; പാപ്പരായിട്ടും തളര്‍ത്തു തുടങ്ങിയ പഴയ ശതകോടീശ്വന്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് തിരിച്ചടി

Update: 2024-11-08 17:34 GMT

മുംബൈ: ഒരുകാലത്ത് ഇന്ത്യയുടെ ബിസിനസ് ലോകത്ത് നിറഞ്ഞു നിന്നത്, ശതകോടീശ്വരനില്‍നിന്ന് പാപ്പരായ, ധീരുഭായ് അംബാനിയുടെ ഇളയമകനും, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സഹോദരനുമായ അനില്‍ അംബാനിയുടെ പരാജയ കഥകള്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ആ അവസ്ഥ പൂര്‍ണ്ണമായും മാറി. തന്റെ പ്രധാനപ്പെട്ട കമ്പനികളെയെല്ലാം അനില്‍ ഋണ വിമുക്തമാക്കി. അദ്ദേഹത്തിന്റെ മക്കളുടെ പല ബിസിനസുകളും നന്നായി പോവുന്നുണ്ട്. ഇതോടെ അനില്‍ അംബാനി തിരിച്ചുവരുന്നു എന്ന് ബിസിനസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. പക്ഷേ ഇപ്പോഴിതാ അപ്രതീക്ഷിതമായി ഒരു തിരിച്ചടി അനില്‍ നേരിട്ടിരിക്കയാണ്.

ടെന്‍ഡറുകളുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, അനിലിന്റെ റിലയന്‍സ് പവറിനേയും, ഈ കമ്പനിക്ക് കീഴിലുള്ള റിലയന്‍സ് എന്‍.യു ബെസ്സ് അടക്കമുള്ള സബ്‌സിഡിയറി കമ്പനികളെയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇസിഐ )ടെന്‍ഡറുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരിക്കയാണ്. കഴിഞ്ഞ ജൂണില്‍ നടന്ന ടെന്‍ഡറില്‍ വ്യാജ ബാങ്ക് ഗ്യാരണ്ടി വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്ഇസിഐഅറിയിച്ചു.

കമ്പനി സമര്‍പ്പിച്ച രേഖകളില്‍ ബാങ്ക് ഗ്യാരണ്ടി സംബന്ധിച്ച നിക്ഷേപം വ്യാജമാണെന്നാണ് കണ്ടെത്തിയത്. നാഷണല്‍ സോാളാര്‍ മിഷന്‍ സംബന്ധിച്ച പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്. കരാര്‍ പുരോഗമിക്കുന്നതിനിടെ റിലയന്‍സ് എന്‍.യു ബെസ്സ് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തി വെക്കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടറാണ് വ്യാജ ബാങ്ക് ഗ്യാരണ്ടി നല്‍കിയതെന്നാണ് കമ്പനി നിലപാടെടുത്തത്. എന്നാല്‍ അത്തരമൊരു തേര്‍ഡ് പാര്‍ട്ടിയില്ലെന്ന് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തില്‍ പറയുന്നു.

എന്നാല്‍ സാളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയെ അനാവശ്യമെന്ന് വിശേഷിപ്പിച്ച റിലയന്‍സ് പവര്‍, ഇതിനെതിരെ നിയമപരമായി നീങ്ങുമെന്നും അറിയിച്ചു. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുടെ ഇരയാണ് കമ്പനിയെന്നും, ഈ വിഷയത്തില്‍ ഡല്‍ഹി പോലീസില്‍ ഒക്ടോബറില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും റിലയന്‍സ് പവര്‍ അറിയിച്ചു.

തിരിച്ചുവരവിന്റെ വഴിയില്‍ പക്ഷേ..

സാങ്കേതികമായി എന്ത് ന്യായീകരണം പറഞ്ഞാലും ഇതുപോലെ ഒരു വിലക്കുണ്ടായത്, അനില്‍അംബാനിയുടെ മൊത്തം ക്രഡിബിലിറ്റിയെ ബാധിച്ചിട്ടുണ്ട്. റിലയന്‍സ് പവര്‍ കടം വീട്ടി കയറിവരുന്ന സമയമാണ്. റിലയന്‍സ് പവറിന്റെ ഉപസ്ഥാപനമായ റോസ പവര്‍ സപ്ലൈ കമ്പനിയാണ് 485 കോടി രൂപയുടെ വായ്പ മുന്‍കൂറായി അടച്ചത് കഴിഞ്ഞ ദിവസമാണ്. സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള ലെന്‍ഡര്‍ വാര്‍ഡെ പാര്‍ട്ണേഴ്സിന് 485 കോടി രൂപ അടച്ചതോടെ കമ്പനി കടരഹിതമായത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിനടുത്തുള്ള റോസ ഗ്രാമത്തിലാണ് റോസ പവര്‍ എന്ന 1,200 മെഗാവാട്ട് കല്‍ക്കരി അധിഷ്ഠിത താപവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കുന്നത്.

ഇതോടെ റിലയന്‍സ് പവറിന്റെ ഓഹരി വിലയും വര്‍ധിച്ചിരുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലന്‍സ് പവറിന് നേരത്തെ ഏകദേശം 800 കോടി രൂപയുടെ കടബാധ്യതയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന കുടിശികകളെല്ലാം അടച്ചു കഴിഞ്ഞു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഡിബിഎസ്, ഐഡിബിഐ ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളുമായി കമ്പനി നിരവധി ഡെബ്റ്റ് സെറ്റില്‍മെന്റ് കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരമുള്ള മുഴുവന്‍ ബാധ്യതകളും തീര്‍ത്തതോടെയാണ് കമ്പനി കടരഹിതമായിരിക്കുന്നത്.

ഇതിന് പിന്നാലെ വമ്പന്‍ നിക്ഷേപപദ്ധതികളും അനില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ടുമായി അനില്‍ അംബാനി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അനില്‍ അംബാനി ഗ്രൂപ്പിലെ മുന്‍നിര സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പുതിയ പ്രതിരോധ പദ്ധതിക്കു പിന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപ ഈ പ്രോജക്ടിന്റെ ഭാഗമായി നിക്ഷേപിക്കാനാണ് കമ്പനി തീരുമാനം.

സ്‌ഫോടകവസ്തുക്കള്‍, വെടിമരുന്ന്, ചെറു ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പദ്ധതി കമ്പനി സ്ഥാപിക്കും. ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി (ഡിഎഡിസി) വികസിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വട്ടാഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കമ്പനിക്ക് 1,000 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇക്കണോമിക്ക് ടൈംസ് പറയുന്നു.

ധീരുഭായ് അംബാനി ഡിഫന്‍സ് സിറ്റി ഇന്ത്യയിലെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായ ടാറ്റ ഗ്രൂപ്പ്, അദാനി, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നിവയുടെ നിരയിലേയ്ക്കാണ് റിലയന്‍സ് ഇന്‍ഫ്ര ഉയരുന്നത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപനം.

നിലവില്‍ 10,073 കോടി രൂപ വിപണി മൂല്യമുള്ള റിലയന്‍സ് ഇന്‍ഫ്ര, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ഇതോടകം 1,000 കോടിയിലധികം രൂപ മൂല്യം വരുന്ന പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. റിലയന്‍സ് ഇന്‍ഫ്രയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായ ജയ് ആര്‍മമെന്റ്‌സ് ലിമിറ്റഡ്, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്നിവ ഇതിനകം ആയുധങ്ങളും, വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ള കമ്പനികളാണ്.

അതുപോലെ അയല്‍ രാജ്യമായ ഭൂട്ടാനിലും കോടികളുടെ പദ്ധതിയാണ് അനില്‍ നടത്തുന്നത്. ഭൂട്ടാനില്‍ 1270 മെഗാവാട്ട് സോളാര്‍, ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് ഗ്രൂപ്പ്. ഭൂട്ടാന്‍ റോയല്‍ ഗവണ്‍മെന്റിന്റെ വാണിജ്യ, നിക്ഷേപ വിഭാഗമായ ഡ്രക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡുമായാണ് (ഡിഎച്ച്‌ഐ) റിലയന്‍സ് തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പും ഡ്രക്ക് ഹോള്‍ഡിംഗും തമ്മിലുള്ള കരാര്‍ ഹരിത ഊര്‍ജ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും.

സൗരോര്‍ജ്ജ, ജലവൈദ്യുത സംരംഭങ്ങള്‍, നൂതനമായ ഹരിത സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുക എന്നതും കരാറിന്റെ ഭാഗമാണ്.റിലയന്‍സ് പവറും ഡ്രക്ക് ഹോള്‍ഡിംഗും സംയുക്തമായി 770 മെഗാവാട്ട് ചംഖാര്‍ച്ചു-1 ജലവൈദ്യുത പദ്ധതി വികസിപ്പിക്കും. ഭൂട്ടാന്‍ ഗവണ്‍മെന്റ് നയത്തിന് അനുസൃതമായി ഒരു കണ്‍സഷന്‍ മോഡലിന് കീഴിലാണ് പദ്ധതിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ വളര്‍ന്നുവരുന്ന ഒരു സാഹചര്യത്തിലാണ് ഇപ്പോള്‍ അനിലിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. പക്ഷേ ഇത്് കോടതിയില്‍പോയി നേരിടും എന്നാണ് അനില്‍ അംബാനി പറയുന്നത്.

Tags:    

Similar News