നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയില്‍ ഏഴു പദ്ധതികള്‍; നാര്‍ഗോവില്‍ മുതല്‍ മംഗളൂരു വരെ മൂന്നാം പാത വരുന്നു; സബ് അര്‍ബന്‍ തീവണ്ടിക്ക് അടക്കം സാധ്യത; മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടി കേരളത്തിലും ഓടും; റെയില്‍ ഗതാഗത ശേഷി കൂട്ടുന്നത് വേഗതയും സാധ്യതകളും കൂട്ടാന്‍; കേരളത്തിലും റെയില്‍വേ മാറ്റത്തിന്

Update: 2026-02-14 00:55 GMT

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴ് റെയില്‍ പദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേകള്‍ക്ക് അനുമതിയായിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ റെയില്‍വേ ഗതാഗതം സാധ്യമാക്കുന്നതിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായുള്ള സര്‍വേകള്‍ക്കാണ് അനുമതി നല്‍കിയത്.

നാഗര്‍കോവിലിനും മംഗളൂരുവിനും ഇടയിലാണ് ഈ ഏഴ് പദ്ധതികള്‍. അതുകൊണ്ട് തന്നെ ഈ പദ്ധതികളിലൂടെ കേരളത്തിനാകെ ഗുണം ലഭിക്കുമെന്ന് മാത്രമല്ല മറിച്ച് കേരളത്തിലെ ട്രെയിന്‍ യാത്രകളുടെ ആകെ സ്വഭാവം തന്നെ മാറും. നാഗര്‍കോവില്‍ - തിരുവനന്തപുരം (71 കിലോമീറ്റര്‍) മൂന്നാം പാതയാണ് പുതിയ പദ്ധതികളില്‍ ഒന്ന്. തിരുവനന്തപുരം - കായംകുളം (105 കിലോമീറ്റര്‍) മൂന്നാം പാത, കായംകുളം - എറണാകുളം (കോട്ടയം വഴി, 115 കിലോമീറ്റര്‍) മൂന്നാം പാത, തുറവൂര്‍ - അമ്പലപ്പുഴ (46 കിലോമീറ്റര്‍) പാത ഇരട്ടിപ്പിക്കല്‍, ഷെര്‍ണ്ണൂര്‍- മംഗളൂരു ( 307 കിലോമീറ്റര്‍ ) മൂന്നും നാലും പാതകള്‍, -കോയമ്പത്തൂര്‍- ഷൊര്‍ണ്ണൂര്‍ മൂന്നും നാലും പാതകള്‍ -(99 കിലോമീറ്റര്‍) ഷൊര്‍ണ്ണൂര്‍- എറണാകുളം മൂന്നാം പാത- 106 കിലോമീറ്റര്‍ എന്നിവയാണ് മറ്റ് പാതകള്‍.

ഇതോടെ കൂടുതല്‍ തീവണ്ടികളും കേരളത്തിന് കിട്ടും. പാതകളുടെ കുറവ് കാരണമാണ് അതിവേഗ തീവണ്ടികള്‍ അടക്കം കേരളത്തില്‍ എത്താത്തിന് കാരണം. സബ് അര്‍ബന്‍ തീവണ്ടികളും ഇതോടെ എത്താന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിത ഗതാഗത സംവിധാനമാണ് റെയില്‍വേ. ഏറ്റവും ചെലവ് കുറഞ്ഞ യാത്ര, ചരക്ക് ഗതാഗതവും ഇതുതന്നെ. ഇന്ത്യന്‍ റെയില്‍വേ വിപലീകരണം രാജ്യത്തിന്റെ തന്നെ മുഖഛായ മാറ്റുന്നതാണ്. നിലവില്‍ അംഗീകരിച്ചിരിക്കുന്ന നാല് പദ്ധതികള്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ ഏഴ് റെയില്‍വേ റൂട്ടുകളുടെ ഭാഗമാണെന്നതും വളരെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാര്‍ഗോയുടെ ഏകദേശം 41 ശതമാനവും, യാത്രാ ഗതാഗതത്തിന്റെ 41 ശതമാനവും ഈ റൂട്ടുകളിലൂടെ് കടന്നുപോകുന്നു.

സംസ്ഥാനത്തുടനീളം റെയില്‍ ഗതാഗത ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞിരുന്നു. കേരളത്തിന് പുതിയ ട്രെയിനുകള്‍ നല്‍കുന്നത് ട്രാക്ക് വികസനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 'കേരളത്തിലെ റെയില്‍വേ ശൃംഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ എങ്ങനെയാണ് ശ്രമിക്കുന്നതെന്ന് ഞാന്‍ പറയാം. 60 വര്‍ഷം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തില്‍ എന്ത് ചെയ്തു? പുതിയ ട്രെയിനുകള്‍ കൊണ്ടുവരണമെങ്കില്‍ റെയില്‍വേ ട്രാക്കുകളുടെ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സര്‍ക്കാര്‍ കേരളത്തിലെ അതിപ്രധാനമായ മുഴുവന്‍ റെയില്‍വേ ശൃംഖലയുടെയും ഡിപിആര്‍ തയ്യാറാക്കല്‍ ഏറ്റെടുത്തിരിക്കുകയാണ്..' അശ്വിനി വൈഷ്ണവ് പറഞ്ഞു.

രാജ്യമെമ്പാടും റെയില്‍വേ വികസനം വേഗത്തിലാണെന്നും 2027 ആകുമ്പോഴേക്കും 500 സ്റ്റേഷനുകള്‍ നവീകരിക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് പിന്നിലെ പ്രേരകശക്തിയായി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്ത്രി പ്രശംസിച്ചു. ഇക്കാലത്ത് 34,000 കിലോമീറ്ററിലധികം റെയില്‍ ട്രാക്കുകള്‍ നിര്‍മിച്ചു. ജര്‍മനി പോലുള്ള ഒരു വികസിത രാജ്യത്തെയും മറികടക്കുന്നതാണ് റെയില്‍വേയുടെ ഈ നേട്ടമെന്നും റെയില്‍വേ പരിഷ്‌കാരങ്ങളിലും പുതിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു.

സ്വാതന്ത്യത്തിനു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി റെയില്‍വേയില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഒരേസമയം 1,062 സ്റ്റേഷനുകള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അതിന്റെ തുടര്‍ച്ചയാണ് 103 അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം. എട്ട് മാസത്തിനുള്ളില്‍ 100 സ്റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയാറാകുമെന്നും അശ്വിന് വൈഷ്ണവ് അറിയിച്ചിരുന്നു. പഴയ ഐസിഎഫ് കോച്ചുകളെ എല്‍എച്ച്ബി കോച്ചുകളാക്കി മാറ്റുന്ന പ്രവൃത്തി ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 42,000 പുതിയ എല്‍എച്ച്ബി കോച്ചുകള്‍ സൃഷ്ടിച്ചതായും റെയില്‍വേ അവകാശപ്പെടുന്നു.

Tags:    

Similar News