ഷാബാ ഷരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷം ഒമ്പത് മാസവും തടവു ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചു കോടതി; മൃതദേഹം ലഭിക്കാതെ പ്രതികളെ കൊലക്കേസില്‍ ശിക്ഷിക്കുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്ന്; വഴിത്തിരിവായത് മുടിയുടെ ഡിഎന്‍എ ഫലം; ആ ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തത് വൈദ്യന്റെ ജീവനെടുത്തു
മലപ്പുറം: ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തതിൽ തുടങ്ങിയ പകയിൽ വൈദ്യൻ അനുഭവിച്ചത് കൊടിയ പീഡനം. ഒടുവിൽ അറിഞ്ഞത് സിനിമയെ വെല്ലും കഥയാണ്. കേരളത്തെ തന്നെ നടുക്കിയ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിയുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ വിടുകയും ചെയ്തു.
2022 ഏപ്രിൽ 23-ന് ഏതാനുംപേർ തന്റെ വീട്ടിൽ കയറി തന്നെ മർദിച്ചുവെന്ന ഷൈബിൻ അഷ്റഫിന്റെ പരാതിയാണ് ഷാബാ ഷെരീഫ് കൊലപാതകക്കേസ് പുറത്തുക്കൊണ്ടുവന്നത്. ഇയാളെ അക്രമിച്ച കേസിലെ അഞ്ചുപ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുൻപിൽ തീ കൊളുത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഷാബാ ഷെരീഫ് കൊലപാതകമടക്കമുള്ള ഷൈബിന്റെ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
2019 ഓഗസ്റ്റിൽ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒന്നരവർഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡി.എൻ.എ. പരിശോധനാഫലമാണ് കേസിൽ നിർണായകമായത്.
മൂലക്കുരു ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂർ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിൻ അഷ്റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം.
നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെടുകയായിരുന്നു.