ഷെഫീക്കിനെ പിതാവ് ഉപദ്രവിച്ചത് ആദ്യഭാര്യ ഉപേക്ഷിച്ച് പോയതിന്റെ ദേഷ്യം തീര്‍ക്കുന്നതിന്; ക്രൂരത നടത്തിയത് മൂന്ന് വര്‍ഷം; 150ലധികം മുറിവുകള്‍: തലച്ചോറിലെ മുറിവുകള്‍ തെളഞ്ഞത് സ്‌കാനിങ്ങില്‍; സംശയം തോന്നിയ ആശുപത്രി ആധികൃതര്‍ ചൈല്‍ഡ്‌ലൈനിലും പൊലീസിലും വിവരമറിയിച്ചു; പുറത്ത് വന്നത് ക്രൂര പീഡനത്തിന്റെ കഥ

Update: 2024-12-21 04:49 GMT

തൊടുപുഴ: കുമളിയില്‍ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന ഉപദ്രവിച്ചത് ആദ്യഭാര്യ ഉപേക്ഷിച്ചതിന്റെ രോഷം. ഷെരീഫിന്റെ ആദ്യഭാര്യയിലുള്ള രണ്ടു കുട്ടികളെയും അനീഷയുടെ ആദ്യവിവാഹത്തിലെ ഒരു കുട്ടിയെയും നോക്കുന്നതിന്റെ പേരിലുള്ള പ്രശ്നങ്ങളാണു ഇയാളെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഷെഫീക്കിന്റെ സഹോദരനെ അനാഥാലയത്തില്‍ ആക്കുകയാണ് ആദ്യം ചെയ്തത്.

മുന്‍പു ചെങ്കരയില്‍ താമസിക്കുന്ന സമയത്തും ഇയാള്‍ മക്കളെ ഉപദ്രവിക്കുമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ചെങ്കരയിലെ കടയില്‍നിന്ന് ഒരിക്കല്‍ മിഠായി വാങ്ങാനെത്തിയ കുട്ടിയുടെ കയ്യിലെ പൊള്ളിച്ച പാട് കടയുടമ ശ്രദ്ധിച്ചു. രക്ഷിതാക്കള്‍ ഉപദ്രവിച്ചതാണെന്നു കുട്ടി പറഞ്ഞു. കടയുടമ പറഞ്ഞ് ഇക്കാര്യം നാട്ടുകാര്‍ അറിഞ്ഞതോടെ ഷെരീഫ് അവിടെ നിന്നു വീടുമാറുകയായിരുന്നു.

മൂന്ന് വര്‍ഷമാണ് ഷെഫീക്കിനെ സ്വന്തം അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. മരണത്തോടള മല്ലിട്ടാണ് കുഞ്ഞ് ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 150 ലധികം മുറിവ് ഉണ്ടായിരുന്നു ഷെഫീക്കിന്റെ ദേഹത്ത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിയപ്പോഴാണ് ഈ കൊടും ക്രൂരത ലോകം അറിയുന്നത്.

ജീവന്‍ നിലനിര്‍ത്താന്‍ പോലും സാധ്യത ഇല്ലാതെയാണ് ഷെഫീക്കിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. എന്ത് പറ്റിയതെന്ന് ആശുപത്രി അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പിതാവ് ഷെരീഫ് ഓരോ കള്ളങ്ങള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു. വീടിനു സമീപം കളിച്ചപ്പോള്‍ വീണതാണെന്ന് ആദ്യ മറുപടി. കുട്ടി അബോധാവസ്ഥയിലായ കുട്ടി മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണെന്നു ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. കുമളിയിലെ ആശുപത്രിയില്‍ കുട്ടിയെ കാണിച്ചെന്നും കുറയാത്തതിനാലാണ് ഇവിടേക്ക് കൊണ്ടുവന്നതെന്ന് വീണ്ടും ഷെരീഫ് കള്ളം പറഞ്ഞു.

എന്നാല്‍ സ്‌കാനിങ്ങില്‍ തലച്ചോറിലെ മാരകമായ മുറിവുകള്‍ ശ്രദ്ധയില്‍പെട്ടു. കുട്ടി വീട്ടിലെ പടിക്കെട്ടില്‍ നിന്നു വീണതാണെന്നും നാലഞ്ചു പടികള്‍ മറിഞ്ഞു താഴേക്കു വീണതിന്റെ പരുക്കാണെന്നും പിതാവ് മാറ്റിപ്പറഞ്ഞു. കുട്ടി അത്യാസന്നനിലയിലാണെന്നും വെന്റിലേറ്റര്‍ സഹായത്തിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ കാശില്ലെന്നും കുട്ടിയുമായി തിരിച്ചുപോകുകയാണെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ഒരു ബന്ധുവാണ് കുട്ടിയെ അഡ്മിറ്റാക്കാന്‍ അനുവാദം നല്‍കിയത്.

ദേഹമാസകലമുള്ള പരുക്കുകളെയും പാടുകളെയും പറ്റി ചോദിച്ചപ്പോള്‍ ഷെഫീക്ക് സ്വയം നുള്ളിപരുക്കേല്‍പിച്ചതാണ്, ചിക്കന്‍പോക്‌സ് വന്നതാണ് എന്നീ കള്ളങ്ങള്‍ ഷെരീഫ് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈനിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്നാന് ഫെരീഫ് കുട്ടിയെ മൂന്ന് വര്‍ഷമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പുറത്ത് അറിയുന്നത്.

Tags:    

Similar News