ഒരു മാസം നീണ്ട നൈറ്റ് ക്യാമ്പ് അടക്കം നടത്തിയ ശേഷമുള്ള ഫെയര്‍വെല്‍; പാട്ട് നിന്ന് പോയത് എളേറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡാന്‍സിനിടയില്‍; ആ ട്യൂഷന്‍ സെന്ററില്‍ ഇല്ലാത്ത ഷഹബാസും അടികൂടാന്‍ എത്തി; അന്നത്തെ പ്രശ്‌നം ഞങ്ങളാരും വിചാരിക്കാത്തത് ആണെന്ന് കുറ്റസമ്മത ഓഡിയോ! നഞ്ചക്കുമായി വന്നവര്‍ പുതിയ നമ്പരുമായി രംഗത്ത്; താമരശ്ശേരിയിലേത് ഗൂഡാലോചന തന്നെ
കോഴിക്കോട്: മര്‍ദ്ദനമേറ്റ് മരിച്ച ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച കുട്ടി അയച്ച സന്ദേശം പുറത്ത്. തന്നെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശമാണ് പുറത്തു വന്നത്. ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതില്‍ നിന്നൊഴിവാക്കിത്തരാന്‍ വേണ്ടി അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള രീതിയിലാണ് സന്ദേശം. ഷഹബാസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്‌സാപ്പിലേക്ക് അയച്ചിരിക്കുന്നത്. സംഘര്‍ഷത്തിന് പിന്നാലെ ഷഹബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞതിന് ശേഷം അയച്ച സന്ദേശമാണ് ഇതെന്നാണ് വിവരം.
'ചൊറക്ക് നിക്കല്ലാ, നിക്കല്ലാന്ന് കൊറേ പറഞ്ഞതല്ലേ മോനേ.. പിന്നെയും പിന്നെയും... മോളില്‍ അയച്ച മെസേജ് നോക്ക്... ഞാന്‍ നിന്നോട് നല്ലോണം അല്ലേ പറഞ്ഞത്. ചൊറ ഒഴിവാക്കി ഒഴിവാക്കി പോകുമ്പോള്‍ പിന്നെയും പിന്നെയും നീ വന്നതാ. അന്നത്തെ പ്രശ്‌നം ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല... എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ട് കൊണ്ടാട്ടോ...'- കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ വിദ്യാര്‍ത്ഥി പറയുന്നു. താന്‍ ആരെ തല്ലിയാലും പിന്നെ പൊരേല്‍ വന്നിട്ട് ഒരു സമാധാനം ഉണ്ടാകില്ലെന്നും ഈ വിദ്യാര്‍ത്ഥി സന്ദേശത്തില്‍ പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയോ വാട്‌സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാര്‍ത്ഥി പറയുന്നത്. മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ നഞ്ചക്ക് അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിക്കാന്‍ വന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ഗൂഡാലോചന സംഭവത്തിലുണ്ട്. ഷഹബാസിനെ സ്ഥലത്തേക്ക് എത്തിച്ചതും വളഞ്ഞിട്ട് ആക്രമിച്ചതുമെല്ലാം ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. ഇതിനൊപ്പമാണ് കുറ്റസമ്മത ഓഡിയോയും വന്നത്.
ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍വെച്ച് ട്രിസ് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വിവിധ സ്‌കൂളുകളില്‍നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികള്‍ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്‌നത്തെത്തുടര്‍ന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടര്‍ന്ന് രണ്ടു സ്‌കൂളിലെയും ട്യൂഷന്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘര്‍ഷം. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുമായി എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മുഹമ്മദ് ഷഹബാസ് ഉള്‍പ്പെടെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളും ചേര്‍ന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് പരിക്കേറ്റത്.
്അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് ട്യൂഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രവീഷ് രംഗത്ത് എത്തി. ഷഹബാസ് ട്യൂഷന്‍ സെന്ററില്‍ പഠിച്ച വിദ്യാര്‍ത്ഥിയല്ലായെന്ന് പ്രവീഷ് പറയുന്നു. 250 ഓളം വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്നുണ്ട്. ഒരു മാസം നീണ്ട നൈറ്റ് ക്യാമ്പ് അടക്കം നടത്തിയാണ് ഫെയര്‍വെല്‍ നടത്താറുള്ളത്. പത്ത് വര്‍ഷമായി ഫെയര്‍വെല്‍ നടത്താറുള്ളതാണ്. അത് പോലൊരു പ്രോഗ്രാമായിരുന്നു ഞായറാഴ്ച നടത്തിയതെന്നും ട്യൂഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. 'വൈകീട്ട് 4 മണിക്ക് തുടങ്ങി 7 മണിക്ക് നിര്‍ത്തുന്ന തരത്തിലായിരുന്നു പരിപാടി. എളേറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഡാന്‍സിനിടയില്‍ പാട്ട് നിന്നു പോയി. മറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ കൂവിവിളിച്ചു.
പുറത്ത് നിന്നുള്ള ആരും ഹാളിലുണ്ടായിരുന്നില്ല. മരിച്ച ഷഹബാസും അന്ന് അവിടെ ഉണ്ടായിരുന്നില്ല. കൂവിയപ്പോഴും അപ്പോള്‍ അതൊരു പോസിറ്റീവായിട്ടാണ് എടുത്തത്. പിന്നീടാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഹാളിന് പിന്നില്‍ പ്രശ്‌നം ഉണ്ടായത്. ടീച്ചര്‍മാര്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് മാറ്റിയിരുന്നു. അടി കിട്ടിയ എംജെ സ്‌കൂളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെയാണ് വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. പിന്നാലെ രക്ഷിതാക്കളെ അറിയിക്കുകയും വിദ്യാര്‍ത്ഥികളോട് ഇനി ട്യൂഷന്‍ ക്ലാസില്‍ വരേണ്ട എന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഓഫീസിലേക്ക് വിളിച്ചാല്‍ മതിയെന്ന് അറിയിച്ചു.' പ്രവീഷ് വെളിപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നത് ഇന്നലെയാണ് താനറിഞ്ഞതെന്നും വ്യാഴാഴ്ച വൈകീട്ടാണ് അടി നടക്കുന്നതെന്നും പ്രവീഷ് അറിയിച്ചു. ചായക്കടക്കാരാണ് സംഘര്‍ഷത്തെ കുറിച്ച് അറിയിച്ചത്. അധ്യാപകനും സ്റ്റാഫും അവിടെ ചെന്നിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് മാറ്റാന്‍ സാധിച്ചത്. തല്ലിയതില്‍ ട്യൂഷന്‍ സെന്ററിലുള്ള വിദ്യാര്‍ത്ഥികളുമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.