20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ; നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന ഭര്‍തൃമാതാവിന്റെ ചോദ്യം ആ പെണ്‍കുട്ടിയെ തളര്‍ത്തി; പഠനത്തില്‍ മിടുക്കിയായ ഷഹാനയെ വിവാഹ ശേഷം ക്ലാസില്‍ കണ്ടത് മ്ലാനവതിയായി; വീട്ടില്‍ 'വിഷാദ' സൂചന നല്‍കിയത് അധ്യാപകര്‍; ഗള്‍ഫിലുള്ള ആ ഭര്‍ത്താവും സമ്മര്‍ദ്ദം കൂട്ടി; കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ 'കറുപ്പു നിറം'!

Update: 2025-01-15 03:03 GMT

മലപ്പുറം: മലപ്പുറത്ത് നവവധു ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് വധുവിന്റെ നിറം പ്രശ്‌നമാണെന്ന് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് വിളിച്ച് പറഞ്ഞതെന്നാണ് സൂചന. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഷഹാനയുടെ നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നും ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നു.

'20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും പെണ്‍കുട്ടിയോട് ഭര്‍തൃമാതാവ് ചോദിച്ചു. കുറേ ദിവസം വിളിക്കാതിരിക്കുന്നത് പെണ്‍കുട്ടിക്ക് മാനസിക സംഘര്‍ഷമുണ്ടാക്കി. ഒന്ന് തന്നെ വിളിക്കൂ എന്ന് ചോദിച്ച് ഒരു നൂറ്റമ്പത് തവണയെങ്കിലും മെസേജ് അയച്ചത് ഷഹാന കാണിച്ചു തന്നു',- ബന്ധു ആരോപിക്കുന്നു. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ശേഷമാണ് ഭര്‍ത്താവ് നിറത്തിന്റെ പേരില്‍ നിരന്തരം യുവതിയെ മാനസികമായി ഉപദ്രവിച്ചതെന്നാണ് കുടുംബം പരാതിയില്‍ പറയുന്നത്. നിറം കുറവെന്ന ആക്ഷേപത്തിന് പുറമെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചു. ഇതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി മാനസിക പ്രയാസത്തിലായിരുന്നു.വിവാഹമോചിതയായ ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക കുടുംബത്തോട് യുവതി പങ്കുവച്ചിരുന്നു. ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്‍മെന്റ് കോളേജില്‍ ബിരുദവിദ്യാര്‍ഥിയായ ഷഹാനയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളാണ് ഷഹാന. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് 10 മണിയോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു എന്നാണ് വിവരം.

ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും ഭാഷ മോശമാണെന്നും സംസാരത്തിന് നിലവാരമില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരമായി അപമാനിച്ചിരുന്നു. ക്ലാസില്‍ എല്ലാ കാര്യങ്ങളിലും സ്മാര്‍ട്ട് ആയിരുന്ന ഷഹാന പഠനത്തില്‍ പിന്നോക്കം പോവുകയും വിഷാദവതിയായിരിക്കുകയും ചെയ്യുന്നതു കണ്ട് കോളേജില്‍നിന്ന് വിളിച്ച് അന്വേഷിച്ചപ്പോളാണ് വീട്ടുകാരും കാര്യങ്ങള്‍ തിരക്കിയത്. അപ്പോളാണ് ഭര്‍ത്തൃവീട്ടില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ പുറത്തറിഞ്ഞത്.

അബ്ദുല്‍വാഹിദ് ആക്ഷേപിച്ചിരുന്നതായി വീട്ടിലും പറഞ്ഞതോടെ കുട്ടി കൂടുതല്‍ വിഷാദവതിയായി. ഏതാനും ദിവസംമുന്‍പ് കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം കബറടക്കത്തിനുശേഷം തുടങ്ങുമെന്നും കൊണ്ടോട്ടി പോലീസ് അറിയിച്ചു. ഗള്‍ഫിലുള്ള പിതാവ് എത്തിയശേഷം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് കൊണ്ടോട്ടി പഴയങ്ങാടി ജമാ അത്ത് പള്ളിയിലാണ് കബറടക്കം. വിദ്യാര്‍ഥികളായ ഹബീബ് റഹ്‌മാനും അന്‍ഷിദുമാണ് ഷഹാനയുടെ സഹോദരങ്ങള്‍.

Tags:    

Similar News