ഇവിടെ എല്ലാം കിട്ടും! പുന:സംഘടനയില്‍ തഴഞ്ഞ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെ വലയിലാക്കാന്‍ ബിജെപി; സിപിഎമ്മിനും പഴയ വക്താവിനെ കൂടെ കൂട്ടാന്‍ താല്‍പ്പര്യം; സി രഘുനാഥിന് ശേഷം മറ്റൊരു നേതാവ് കൂടി പരിവാര്‍ പാളയത്തിലേക്കൊ? മനസ്സ് തുറക്കാതെ വനിതാ നേതാവ്; ഷമയുടെ പരസ്യ പ്രതികരണം നിര്‍ണ്ണായകം; 'കഴിവ് ഒരു മാനദണ്ഡമാണോ ?' പരസ്യ പ്രതിഷേധം ചര്‍ച്ചകളില്‍

Update: 2025-10-17 06:52 GMT

കണ്ണൂര്‍ : കണ്ണൂരുകാരിയായ ഡോ.ഷമാ മുഹമ്മദിനെ പരിപൂര്‍ണമായി ഒതുക്കിയതില്‍ അതൃപ്തി പുകയുന്നു. കണ്ണൂരില്‍ സി. രഘുനാഥിന് പിന്നാലെ പാര്‍ട്ടിയിലെ അതൃപ്തി മുതലെടുത്തു കൊണ്ടു ഷമയെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള തന്ത്രം മെനയുകയാണ് ബി.ജെ.പി. പാര്‍ട്ടി ദേശീയ തലത്തില്‍ അര്‍ഹമായ സ്ഥാനവും ഭരണഘടന പദവിയുമാണ് ഓഫര്‍. എന്നാല്‍ ഷമ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കെ. പി. സി. സി ജംബോ കമ്മിറ്റിയില്‍പ്പോലും ഇടം പിടിക്കാത്ത അവസ്ഥയില്‍ ഇനി കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് സമയം പാഴാക്കലാണെന്ന വിലയിരുത്തല്‍ ഷമയോട് അടുത്ത കേന്ദ്രങ്ങള്‍ക്കുണ്ട്. അതിനിടെ സിപിഎമ്മും ഷമയെ അടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സൂചനയുണ്ട്.

ഏതായാലും ഷമ കോണ്‍ഗ്രസ് വിടുമെന്ന അഭ്യുഹവും പരന്നിട്ടുണ്ട്. ഇതിനോടെല്ലാം ഷമ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണ്ണായകം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വക്താവായിരുന്ന ഷമാ മുഹമ്മദിന് രാജ്യസഭാ എം.പി സ്ഥാനമോ മറ്റു അംഗീകാരങ്ങളോ നല്‍കിയിരുന്നില്ല. രാഹുല്‍-പ്രിയങ്ക ഗാന്ധി മാരുടെ ഗുഡ് ബുക്കില്‍ കയറി പറ്റാനും ഷമയ്ക്ക് കഴിഞ്ഞില്ല. ഇതോടെ കണ്ണൂരിലേക്ക് ഡല്‍ഹി വാസം നിര്‍ത്തി ഷമ വണ്ടി കയറി. എന്നാല്‍ പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പടയെന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍ കെ.സുധാകര വിഭാഗത്തിന് ആധിപത്യമുള്ള കണ്ണൂരില്‍ അര്‍ഹമായ പരിഗണന ഷമയ്ക്ക് ലഭിച്ചില്ലെന്നു മാത്രമല്ല അവരുടെ പ്രശസ്തിയില്‍ വേവലാതി പൂണ്ട നേതാക്കള്‍ ചവിട്ടി തേയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറി സണ്ണി ജോസഫ് വന്നിട്ടും ഇതിന് മാറ്റമൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കെപിസിസി പുനഃസംഘടനാ പട്ടികയില്‍ നിന്നും ഷമയെ തഴയുന്നത്. ഈക്കാര്യത്തില്‍ അതൃപ്തി പരസ്യമായി കോണ്‍ഗ്രസ് വക്താവ് കൂടിയായ ഷമ മുഹമ്മദ് തുറന്നടിച്ചിട്ടുണ്ട്. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ജംബോ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ ഷമ മുഹമ്മദ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പുനഃസംഘടനയില്‍ പരിഗണിക്കാമെന്ന് ഷമയ്ക്ക് നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ക്ക് ഒറ്റ പദവി മാനദണ്ഡം പോലും എടുത്തുകളഞ്ഞ് ചുമതല നല്‍കിയപ്പോള്‍ താന്‍ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന അതൃപ്തിയാണ് ഷമ പരസ്യമാക്കിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഷമ കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കേരളത്തില്‍ സജീവമായി ഇടപെടുന്നില്ലെന്നത് ഷമയ്ക്ക് തിരിച്ചടിയായിരുന്നു. അന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയില്‍ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു. ഇത് പാലിക്കപ്പെടാതെവന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവില്‍ കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും. സജീവമാണ് ഷമ.

Similar News