'എത്ര തിരക്കുണ്ടെങ്കിലും കാണാനോ കേൾക്കാനോ തോന്നിയാൽ ഒപ്പമുണ്ടാകും'; സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അച്ഛനെപ്പോലെ നല്ലൊരു സർക്കാർ ജോലി ലഭിക്കുമായിരുന്നു; ടിവി ഓൺ ചെയ്താൽ അവനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ല; അന്ന് മോഹൻലാലിന്റെ അമ്മ കുറിച്ചത്

Update: 2025-12-30 11:05 GMT

കൊച്ചി: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച് പല വേദികളിലും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ വാചാലനായിട്ടുണ്ട്. തന്റെ വിജയങ്ങളുടെയെല്ലാം പിന്നില്‍ അമ്മ ശാന്തകുമാരിയുടെ സ്‌നേഹവും അനുഗ്രഹവുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹൻലാൽ എന്ന അതുല്യനടൻ ഇത്രയേറെ സ്വാധീനമുണ്ടാക്കിയ മറ്റൊരു വ്യക്തിയുണ്ടാവില്ല. ശാന്തകുമാരി ഓർമയാകുമ്പോൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ അമ്മ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുകയാണ്.

വിരിഞ്ഞ പൂക്കളിൽ' അഭിനയിക്കാൻ വീടിന്റെ പടിയിറങ്ങിയപ്പോൾ അത് ഒരുപാട് സിനിമകളിലേക്കുള്ള യാത്രയുടെ തുടക്കമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അവർ പറഞ്ഞിരുന്നു. എത്ര തിരക്കുണ്ടെങ്കിലും തനിക്ക് കാണാനോ കേൾക്കാനോ തോന്നിയാൽ മോഹൻലാൽ ഒപ്പമുണ്ടാകാറുണ്ടായിരുന്നെന്നും അവർ വെളിപ്പെടുത്തി. ടിവി ഓൺ ചെയ്താൽ മോഹൻലാലിനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ലെന്നും, മോഹൻലാൽ സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അച്ഛനെപ്പോലെ സർക്കാർ തലത്തിൽ നല്ലൊരു ജോലി ലഭിക്കുമായിരുന്നെന്നും അല്ലെങ്കിൽ കലയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലയിൽ തിളങ്ങുമായിരുന്നെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. അച്ഛനും സഹോദരനും ഇല്ലാത്തപ്പോഴും അമ്മയായിരുന്നു മോഹൻലാലിന്റെ കൂട്ടെന്നും ആ ലേഖനത്തിൽ പറയുന്നു. അവസാന നാളുകളിൽ മോഹൻലാൽ എപ്പോഴും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു.

ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര നേട്ടം അറിഞ്ഞ് മോഹൻലാൽ ആദ്യം സന്ദർശിച്ചത് എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന അമ്മയെയാണ്. 'അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്.' പുരസ്‌കാര ലബ്ദിക്ക് ശേഷം മോഹൻലാൽ പറഞ്ഞതിങ്ങനെയാണ്. കഴിഞ്ഞവർഷം അമ്മയുടെ 89-ാം ജന്മദിനം എളമക്കരയിലെ വീട്ടിൽ വലിയ ആഘോഷത്തോടെ മോഹൻലാൽ കൊണ്ടാടുകയും ചെയ്തിരുന്നു.

കൊച്ചിയിലെ എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു വിയോഗം. 90 വയസ്സായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അവർ. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തകുമാരിയുടെ വിയോഗവാർത്തയറിഞ്ഞ് മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. "ലാലു" എന്ന് വാത്സല്യത്തോടെ മകനെ വിളിച്ചിരുന്നത്. 

89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ അമ്മയ്ക്കായി മോഹൻലാൽ ഒരു സംഗീതാർച്ചന ഒരുക്കിയത് വലിയ വാർത്തയായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മോഹന്‍ലാല്‍, തിരക്കുകള്‍ക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. മൂത്തമകന്‍ പ്യാരിലാല്‍ 2000 ല്‍ മരണപ്പെട്ടിരുന്നു. എളമക്കരയില്‍ വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മരണവിവരം അറിഞ്ഞ് സഹപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്.

Tags:    

Similar News