'അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നു; വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുന്നു; പുറത്തു പോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടും; സ്ഥിരമായി മര്‍ദിക്കും; എന്നിട്ടും എന്റെ ചേച്ചി അയാളെ സ്നേഹിച്ചു'; കണ്ണീരോടെ വിവരിച്ച് സഹോദരി അഖില; മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍
മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍
കൊല്ലം: സമൂഹത്തില്‍ മാന്യനായി അഭിനയിച്ച് തന്റെ കുടുംബത്തിനുള്ളില്‍ ക്രൂരതയുടെ അങ്ങേയറ്റം പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവായിരുന്നു കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രം. ദുര്‍ബലരായ ഭാര്യയും സഹോദരിയും അമ്മയുമായിരുന്ന അയാളുടെ ഇരകള്‍. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഫ്ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങള്‍ ക്രൂരത മറച്ചുവെച്ച് ചിരിച്ചുകൊണ്ട് അഭിനയിക്കുന്ന ഭര്‍ത്താവിനെയാണ്.
കൊടിയ പീഡനമാണ് മുപ്പതുകാരിയായ അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്ന് നേരിട്ടുകൊണ്ടിരുന്നതെന്നാണ് വിവരം. കടുത്ത മദ്യപാനിയായ സതീഷ് അതുല്യയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യ അനുഭവിച്ചിരുന്ന ശാരീരിക, മാനസിക പീഡനത്തിന്റെ വ്യക്തമായ തെളിവുകള്‍ ആയിരുന്നു അത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുറത്ത് അറിഞ്ഞത് ആകട്ടെ അതുല്യയുടെ മരണ ശേഷമാണെന്ന് മാത്രം.
എന്നാല്‍ തന്റെ സഹോദരി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരിക്കുന്നതിന് തലേദിവസം വരെ പുതിയ പ്രതീക്ഷകള്‍ പങ്കുവച്ചിരുന്നുവെന്നും അതുല്യയുടെ സഹോദരി അഖില പറയുന്നു. ഇത്ര പെട്ടെന്ന് ജീവിതം അവസാനിപ്പിക്കാനാണെങ്കില്‍ തന്റെ സഹോദരി ഇത്രയേറെ സഹിക്കില്ലായിരുന്നുവെന്ന് അഖില പറഞ്ഞു. നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് എല്ലാവരും പറഞ്ഞിട്ടും മകളെ ഓര്‍ത്തും സതീഷിനോടുള്ള സ്നേഹം കൊണ്ടുമാണ് സഹോദരി പിടിച്ചുനിന്നത്. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയാണെന്ന് മരിക്കുന്നതിന്റെ തലേന്ന് വരെ തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരി പറഞ്ഞു.
സതീഷ് സഹോദരിയെ മര്‍ദിക്കുമായിരുന്ന കാര്യം അറിയാമായിരുന്നുവെന്ന് അഖില പറഞ്ഞു. ഉപേക്ഷിച്ചുപോരാന്‍ എല്ലാവരും പറഞ്ഞിട്ടും ചേച്ചിയ്ക്ക് അയാളെ അത്രയേറെ ഇഷ്ടമായിരുന്നു. അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നെന്നും വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുനെന്നും അഖില പറഞ്ഞു. അയാള്‍ പുറത്തുപോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടുമായിരുന്നു. സതീഷ് സ്ഥിരമായി മര്‍ദിക്കുന്നയാളാണ്. വെളുപ്പിന് നാലുമണി മുതല്‍ മദ്യപാനം തുടങ്ങും. തങ്ങള്‍ പോലും ചേച്ചിയെ ഫോണില്‍ വിളിക്കുന്നത് സതീഷിന് ഇഷ്ടമായിരുന്നില്ലെന്നും അഖില കൂട്ടിച്ചേര്‍ത്തു.
ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവില്‍നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സതീഷും അതുല്യയും ഷാര്‍ജയില്‍ താമസിച്ചുവന്നിരുന്ന വീട്ടിലാണ് അതുല്യയെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അതുല്യയുടെ പിറന്നാള്‍ ദിവസം കൂടിയാണ്.
ഇത്രയുംകാലം പിടിച്ചുനിന്ന മകള്‍ ഇപ്പോള്‍ മരിക്കില്ല അതേ സമയം മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്‍ പറഞ്ഞു. മകള്‍ കുറേക്കാലമായി പീഡനം അനുഭവിക്കുന്നുവെന്നും മദ്യപിച്ചുവന്ന് മര്‍ദനം സ്ഥിരമെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു. 'ഇത്രയുംകാലം പിടിച്ചുനിന്ന മകള്‍ ഇപ്പോള്‍ മരിക്കില്ല. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. ഷൂ ലെയ്‌സ് വരെ കെട്ടികൊടുക്കണമായിരുന്നു അവനെന്നും വേദനയോടെ പിതാവ് പറയുന്നു.