അവന് ഭയങ്കര പേടിയാണ്; അവന്‍ എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല; പേടി കാരണം മൂന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് റിസ്‌ക് എടുത്ത് ചാടുന്ന മകന്‍! ജീവന്‍ പോലും അപായപ്പെടുത്തി പോലീസിന് പിടി കൊടുക്കാതെ രക്ഷപ്പെടുമെന്ന് ഉപദ്രവ ഭയത്തില്‍; ഷൈന്‍ ടോം ചാക്കോയുടെ അമ്മയുടെ പ്രതികരണവും വിചിത്രം

Update: 2025-04-17 07:48 GMT

കൊച്ചി: ഷൈന്‍ ടോം ചാക്കോയുടെ ഹോട്ടലില്‍ നിന്നുള്ള രക്ഷപ്പെടലില്‍ വിചിത്ര ന്യായീകരണവുമായി അമ്മ. പേടിച്ചാണ് മകന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതെന്ന് ഷൈന്‍ ടോം ചാക്കോയുടെ അമ്മ മരിയ കാര്‍മല്‍ പ്രതികരിച്ചത്. മകന്‍ എവിടെയാണെന്ന് അറിയില്ല. ഷൈനിനെ എല്ലാവരും ചേര്‍ന്ന് വേട്ടയാടുകയാണെന്നും മരിയ കാര്‍മല്‍ പറഞ്ഞു. ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ അമ്മയുടെ പ്രതികരണം പുറത്ത് വന്നത്.

'' പരിശോധിക്കാനല്ലേ അവര്‍ വന്നത്. പരിശോധിച്ചിട്ട് അവര്‍ക്ക് റൂമില്‍ നിന്നും എന്തെങ്കിലും കിട്ടിയോ. അവന്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പൊലീസിന്റെ ഡ്രസിലല്ല അവര്‍ വന്നത്. വലിയൊരു മനുഷ്യനാണ് വന്നത്. റൂം സര്‍വീസിന് വന്നതാണോ അവന്‍ വിളിച്ച് ചോദിച്ചിട്ടുണ്ട്. പൊലീസാണോ എന്നും ചോദിച്ചു. അല്ലെന്ന് അവര്‍ പറഞ്ഞു. ഉറക്കിത്തിനിടേയല്ലേ അവരെ പെട്ടന്ന് കാണുന്നത്. ഉപദ്രവിക്കുമന്ന് പേടിച്ചിട്ടാണ് അവന്‍ ഇറങ്ങി ഓടിയത്. അവനെ ഞങ്ങള്‍ക്ക് നന്നായി അറിയാം. അവന് ഭയങ്കര പേടിയാണ്. അവന്‍ എവിടെയാണ് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഡാര്‍സാഫ് ആണെങ്കിലും പൊലീസ് ആണെങ്കിലും റെയ്ഡ് നടത്തിയിട്ടുണ്ടാവില്ലേ. എന്നിട്ട് അവര്‍ക്ക് എന്തെങ്കിലും കിട്ടിയോ എന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും, ഷൈന്‍ ടോം ചാക്കോയുടെ അമ്മ പറഞ്ഞു. എന്നാല്‍ അമ്മ പറയുന്ന തരത്തില്‍ പേടിയുള്ള ആള്‍ ചെയ്യുന്നതല്ല ഷൈന്‍ ടോം ചാക്കോ ചെയ്തത്. ജീവന്‍ പോലും പണയപ്പെടുത്തിയാണ് ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ടത്.

കൊച്ചിയിലെ ഹോട്ടലിലേക്കാണ് ഡാന്‍സാഫ് സംഘമെത്തിയത്. ലഹരിഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു ഡാന്‍സാഫ് സംഘം. തുടര്‍ന്ന് മൂന്നാം നിലയിലെ മുറിയില്‍ താമസിക്കുകയായിരുന്ന ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി. ജനല്‍വഴി ഊര്‍ന്നിറങ്ങി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടുകയായിരുന്നു. ഇതോടെ ഷീറ്റ് പൊട്ടി. ശേഷം സ്വിമ്മിംഗ് പൂളിന് അടുത്തേക്ക് ചാടി. അതിന് ശേഷം സമീപമുള്ള കോണിപ്പടി വഴി ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്‌തെന്നാണ് വിവരം. ബൈക്കിന് കൈകാട്ടിയാണ് ഷൈന്‍ രക്ഷപ്പെട്ടത്. അതിസാഹസികമായിരുന്നു അമ്മയുടെ പേടിയുള്ള മകന്റെ രക്ഷപ്പെടല്‍. അതിനിടെ ഹോട്ടല്‍ മുറിയില്‍ നിന്നൊന്നും കിട്ടാത്തതു കൊണ്ട് ഷൈനിനെതിരെ കേസെടുക്കാന്‍ കഴിയില്ല. രക്തസാമ്പിള്‍ പരിശോധന നടക്കാത്തതു കൊണ്ട് ലഹരി ഉപയോഗിച്ചതിനും തെളിവില്ല. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച വിന്‍സി അലോഷ്യസും പോലീസില്‍ പരാതി നല്‍കില്ല.

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എന്നും കുടുംബം ഷൈനിനൊപ്പമായിരുന്നു. മുമ്പ് കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനാക്കപ്പെട്ടതില്‍ പ്രതികരണവുമായി പിതാവ് സി. പി ചാക്കോ എത്തിയത് മാധ്യമങ്ങളെ അടക്കം കുറ്റപ്പെടുത്തിയാണ്. 10 വര്‍ഷമായിട്ടുള്ള ഭാരം ഇറക്കിവെച്ചെന്നും ഷൈനിനെ വെറുതെവിട്ട വിധിയില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും ചാക്കോ പറഞ്ഞിരുന്നു. 'പോലീസ് കെട്ടിച്ചമച്ച കേസ് ആണെന്ന് കോടതി തന്നെ പറഞ്ഞു. ഷൈന്‍ അങ്ങനെ ചെയ്യില്ലെന്ന് ഞങ്ങളോട് ചോദിച്ച എല്ലാവരോടും ഞങ്ങള്‍ പറഞ്ഞിരുന്നു. ഈ പത്തു വര്‍ഷവും പത്മവ്യൂഹത്തില്‍പ്പെട്ടത് പോലെ കോടതിയുടെ ചട്ടകൂട്ടില്‍ നടക്കുകയായിരുന്നു. അതില്‍ നിന്നും ഇപ്പോള്‍ പുറത്തേക്ക് വന്നു. ദൈവം സഹായിച്ചു. ഞങ്ങളിപ്പോള്‍ നല്ലൊരു സമയത്തിലൂടെ ആണ് കടന്നുപോകുന്നത്. പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി. ഷൈനും സഹോദരനും അഭിനയിച്ച ഞങ്ങളുടെ പ്രൊഡക്ഷന്റെ സിനിമ വൈകാതെ പുറത്തിറങ്ങും'-അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

കേസില്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ എല്ലാ പ്രതികളേയും എറണാകുളം സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്. അത് തെളിയാത്തതിന് പിന്നില്‍ പോലീസ് വീഴ്ചകളായിരുന്നു.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News