വേദാന്ത ഹോട്ടലില്‍ നടന്‍ എത്തിയത് ഓട്ടോയില്‍! പിന്നാലെ വന്ന യുവതി രാത്രി ഏഴു വരെ ഹോട്ടലില്‍ ഉണ്ടായിരുന്നു; മറ്റ് രണ്ടു പേരും അതിന് ശേഷം എത്തി; നഖവും മുടിയും പരിശോധിക്കുന്നത് അതിനിര്‍ണ്ണായകം; പെറ്റി അടച്ചാല്‍ കേസൊഴിവാക്കാമെങ്കിലും അത് കുറ്റസമ്മതമാകും; ഷൈന്‍ ടോം ചാക്കോ ഇനി എന്തു പറയും?
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ തുടരന്വേഷണം ശക്തമാക്കും ശനിയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയാണിത്. തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഷൈന്‍ എന്തെല്ലാം പറയുമെന്നത് നിര്‍ണ്ണായകമാണ്. വിശദമായ ചോദ്യം ചെയ്യല്‍ അന്നും നടക്കും.
സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന്‍ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ ഒരു യുവതി എത്തി. രാത്രി ഏഴുവരെ ഇവര്‍ ഹോട്ടല്‍മുറിയിലുണ്ടായിരുന്നു. ഇതിനുശേഷം രണ്ടുപേര്‍കൂടി മുറിയില്‍ വന്നുപോയി. ഇവരിലേക്കെല്ലാം അന്വേഷണം നീളും. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിനുസമീപമുള്ള വേദാന്ത ഹോട്ടല്‍മുറിയില്‍നിന്ന് ജനല്‍വഴി എന്തിന് ഇറങ്ങി ഓടിയെന്ന വിഷയവും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍. 32 ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്. ഒന്നിനും ഷൈനിന് മറുപടി നല്‍കാനായില്ല. ഒടുവില്‍ കുറ്റസമ്മതവും നടത്തി. ലഹരി ഇടപാടുകാരായ സജീറുമായും തസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു.ഷൈനിന്റെ രക്തസാംപിളും നഖത്തിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുള്ളതിനാല്‍ പരിശോധനാഫലം നിര്‍ണ്ണായകമാകും. എത്രകാലമായി ഷൈന്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുകായണ് ലക്ഷ്യം.
പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ഷൈനിന്റെ പേരില്‍ എന്‍ഡിപിഎസ് നിയമത്തിലെ 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്. എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലില്‍ പോലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ഓടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. ആദ്യ ചോദ്യംചെയ്യലില്‍ ലഹരിയിടപാടുകാരെ അറിയില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് ഭയന്നിട്ടാണെന്നും പറഞ്ഞു. എന്നാല്‍, സജീറുമായുള്ള ഫോണ്‍വിളികളും വാട്സാപ്പ് സന്ദേശങ്ങളും നിരത്തി ചോദ്യംചെയ്തതോടെ സത്യം പറഞ്ഞു. അങ്ങനെ കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മയക്കു മരുന്ന് പിടിച്ചെടുക്കാത്ത സാഹചര്യത്തിലാണ് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയത്. രക്തത്തില്‍ ലഹരിയുടെ ഘടകങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ കാണില്ല. എന്നാല്‍ നഖത്തിലും മുടിയിലുമൊക്കെ മയക്കുമരുന്നിന്റെ സാന്നിധ്യം ഏറെനാള്‍ നില്‍ക്കും. ഈ പരിശോധനയ്ക്ക് കേസെടുക്കേണ്ടത് അനിവാര്യതയായിരുന്നു. സ്വമേധയാ രക്തപരിശോധനയ്ക്ക് പോലും ഷൈന്‍ ആദ്യം തയ്യാറായിരുന്നില്ല.
മയക്കുമരുന്ന് ഉപയോഗിച്ചതിന് ചുമത്തുന്നതാണ് എന്‍ഡിപിഎസിലെ വകുപ്പ് 27 ബി. ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. കൊക്കെയ്ന്‍ പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ചുമത്തുന്നത് വകുപ്പ് 27 എ ആണ്. ഗൂഢാലോചനക്കുറ്റമാണ് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29. ബന്ധപ്പെട്ട കുറ്റം എന്താണോ അതിനുള്ള ശിക്ഷയാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കും ബാധകമാകുക. ഇവിടെ ഷൈനിനെതിരേയുള്ള കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ ഗൂഢാലോചനക്കുറ്റവും വലിയ ശിക്ഷ നല്‍കില്ല. തെളിവ് നശിപ്പിച്ചതിന് ബിഎന്‍എസ് 238 പ്രകാരമുള്ള ശിക്ഷയും ഏത് കുറ്റവുമായി ബന്ധപ്പെട്ടാണോ എന്നതിനെ ആശ്രയിച്ചാണ്. അതിനാല്‍ ഈ കേസില്‍ പിഴയൊടുക്കി ഷൈനിന് രക്ഷപ്പെടാം. അങ്ങനെ കുറ്റസമ്മത രീതിയില്‍ പിഴ അടച്ചാല്‍ അത് മറ്റ് പല പ്രതിസന്ധികളും ഉണ്ടാക്കും. നടന്‍ പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച സുഹൃത്ത് അഹമ്മദ് മുര്‍ഷാദിനൊപ്പം ഹോട്ടലില്‍ താമസിച്ചതെന്നും എഫ്െഎആറില്‍ പറയുന്നു. പോലീസിന് തെളിവ് നല്‍കാതിരിക്കാനാണ് ഹോട്ടല്‍മുറിയില്‍നിന്ന് രക്ഷപ്പെട്ടതെന്നും എഫ്െഎആറിലുണ്ട്.
നര്‍കോട്ടിക്സ് അസി. കമ്മിഷണര്‍ കെ.എ. അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, കൊച്ചി സിറ്റി എസിപി പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകീട്ട് മൂന്നോടെ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ഷൈന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തി. പിന്നീട് ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.