'ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല; മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്; ലഹരിയില്‍ നിന്നും മോചനം വേണം'; നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്; ചികിത്സയ്ക്ക് എക്സൈസിന്റെ മേല്‍നോട്ടം

നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്

Update: 2025-04-28 15:36 GMT

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റും. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്കാണ് കൊണ്ട് പോകുക. എക്‌സൈസ് വാഹനത്തില്‍ തന്നെയാണ് കൊണ്ട് പോകുന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍ നിന്ന് മോചനം നേടണമെന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് നീക്കം.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈന്‍ ടോം ചാക്കോ എക്‌സൈസിനോട് ഇക്കാര്യം പറഞ്ഞത്. എക്‌സൈസ് വിമുക്തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി ചികില്‍സ കേന്ദ്രത്തില്‍ എത്തിക്കുന്നത്. കൂത്താട്ടുകുളത്ത് ലഹരി ചികില്‍സ നടത്തിയതിന്റെ രേഖകള്‍ മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട ഷൈന്‍ ടോം ചാക്കോയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നടന്‍ രാസലഹരിയുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പോലീസിനോട് സമ്മതിച്ചത്. എക്സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും നടന് ലഹരി വിമുക്തി ചികിത്സ നല്‍കുക. സര്‍ക്കാറിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഷൈനിനെ ഉടന്‍ തന്നെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകള്‍ ഇല്ലെന്നും ഷൈന്‍ എക്‌സൈസിനു മൊഴി നല്‍കി. ലഹരി വിമുക്തിക്കായി എറണാകുളത്തെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണെന്നും ഷൈന്‍ പറഞ്ഞിരുന്നു.

ചികിത്സാ രേഖകളുമായി ഷൈന്‍ ടോം ചാക്കോയുടെ മാതാപിതാക്കള്‍ ആലപ്പുഴ എക്‌സൈസ് ഓഫിസില്‍ എത്തിയിരുന്നു. ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സാരേഖയാണ് ഹാജരാക്കിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍നിന്നു മോചനം നേടണമെന്നും ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്‌സൈസിനോട് പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് വിട്ടയച്ചു.

തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ ടോം ചാക്കോ ആലപ്പുഴ എക്‌സൈസ് കമ്മിഷണര്‍ ഓഫിസിലെത്തിയത്. ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്‌സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. അതേസമയം, സൗമ്യ മൊഴി നല്‍കിയ ശേഷം എക്‌സൈസ് ഓഫിസില്‍നിന്ന് മടങ്ങി.

തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ ടോം ചാക്കോ ആലപ്പുഴ എക്‌സൈസ് കമ്മിഷണര്‍ ഓഫിസിലെത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസില്‍ രാവിലെ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതില്‍ ഷൈന്‍ ടോം ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് തന്റെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു താഴത്തെ നിലയിലേക്ക് വന്ന ഷൈന്‍ പിന്നീട് അഭിഭാഷകനെ കണ്ട ശേഷം തിരികെ എക്‌സൈസ് ഓഫിസിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഷൈനിനെ ചോദ്യം ചെയ്തു തുടങ്ങിയത്.

തന്നെ ഒരു മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യണമെന്നു രാവിലെയെത്തിയ ഷൈന്‍ ടോം ചാക്കോ എക്‌സൈസിനോട് ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവില്‍നിന്നാണ് ഷൈന്‍ ചോദ്യം ചെയ്യലിനെത്തിയതെന്നും അവിടെ ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നുവെന്നുമാണ് താരം ആദ്യം പറഞ്ഞത്. രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഷൈന്‍ രണ്ടര മണിക്കൂറിനു മുന്നേ എത്തുകയായിരുന്നു.

Similar News