' ഹോണടി കേട്ടിട്ടും അവര്‍ മാറിയില്ല; ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും ട്രെയിനിന് മുന്നില്‍ ആത്മഹത്യ ചെയ്യുന്നത് കണ്ടത് ആദ്യമായാണ്; ഇളയ കുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നി'; ആ ദാരുണ ദുരന്തത്തിന് സാക്ഷിയായത് ലോക്കോ പൈലറ്റ് വേണുഗോപാല്‍; നടുങ്ങിയ ആ നിമിഷത്തെ കുറിച്ച് വേണുഗോപാല്‍ നെമ്പരത്തോടെ പറയുന്നു

ഇളയ കുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി തോന്നി';

Update: 2025-03-10 14:37 GMT

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ഷൈനിയും കുഞ്ഞുങ്ങളും മലയാളികളെ ഇപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്. കടുത്ത അമര്‍ഷമാണ് ഇവരുടെ മരണത്തെ തുടര്‍ന്ന് മലയാളികള്‍ക്കിടയില്‍ ഉണ്ടായത്. അവരുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ക്‌നാനായ പള്ളികളില്‍ ഇതിനെതിരെ പ്രതിഷേധവും അലയടിച്ചു.

ഇതിനിടെ അന്ന് നേരില്‍ കാണേണ്ടി വന്ന ദുരന്തത്തെ കുറിച്ച് ലോക്കോ പൈലറ്റ് വിവണവുമായി രംഗത്തുവന്നു. നടുക്കത്തോടെയാണ് ലോക്കോ പൈലറ്റ് വേണുഗോപാല്‍ തന്റെ ദുരനുഭവം വിവരിച്ചത്. കെട്ടിപ്പിടിച്ച് നിന്നാണ് മൂന്നുപേരും മരണത്തെ വരവേറ്റതെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രെയിനിന്റെ ഹോണ്‍ അടി കേട്ടിട്ടും ഇവര്‍ മാറിയില്ലെന്ന് ലോക്കോപൈലറ്റ് പറയുന്നു. പലപ്പോഴും വലിയ ട്രോമയാണ് ലോക്കോപൈലറ്റുമാര്‍ അനുഭവിക്കുന്നത്. പലരും തൊട്ടുമുന്‍പില്‍ ചിന്നിചിതറുമ്പോള്‍ ഒന്നും ചെയ്യാനാവില്ലെന്നത് വല്ലാത്ത വേദനയാണുണ്ടാക്കുന്നു, പുറത്ത് വന്ന സിസിടിവിയില്‍ ഇളയ കുട്ടി ഷൈനിയെ പിന്തിരിപ്പിക്കാന്‍ നോക്കുന്നതായി തോന്നിയെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും ട്രെയിനിന്റെ മുന്നില്‍ കയറി ആത്മഹത്യ ചെയ്യുന്നത് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്നും വേണുഗോപാല്‍ പറയുന്നു. വളരെ ഉത്തരവാദിത്തവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണത് ലോക്കോപൈലറ്റെന്നും കൃത്യമായ സമയത്തും സുരക്ഷിതമായും യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും വേണുഗോപാല്‍ പറയുന്നു.

അതേ സമയം ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു മുന്‍പു കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ വഴിയില്ലെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണു തിരിച്ചടവ് മുടങ്ങിയതെന്നുമാണ് ഷൈനി ഫോണില്‍ പറയുന്നത്.

മരിച്ച ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസില്‍ തൊടുപുഴ ചുങ്കം ചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസ് (44)നെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരും ജീവനൊടുക്കിയ ദിവസം പുലര്‍ച്ചെ നോബി ഭാര്യയെ വാട്സ് ആപ്പ് കോളിലൂടെ വിളിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയും അച്ഛനേയും അമ്മയേയും കുറ്റപ്പെടുത്തി നോബിയെ രക്ഷിച്ചെടുക്കാനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം.

നോബിയുടെ ഭാര്യയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ 28നു പുലര്‍ച്ചെയാണ് നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ആദ്യ ദിവസങ്ങളില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന മൊബൈല്‍ ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പൊലീസ് കണ്ടെത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് നോബിയുടെ മൊബൈല്‍ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.

ഡിലീറ്റ് ചെയ്ത വാട്സ് ആപ് സന്ദേശങ്ങളടക്കം തിരികെ പിടിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതോടെ എല്ലാം വ്യക്തത വരും. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു ഷൈനിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണു വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയതും ഫോണ്‍ കണ്ടെടുത്തതും. ഷൈനിയുടെ ഫോണ്‍ ലോക്ക് ചെയ്ത നിലയിലാണ്. ഭാര്യയ്ക്കു ചില വാട്സ് ആപ്പ് സന്ദേശങ്ങള്‍ അയച്ചതായി നോബി സമ്മതിച്ചിട്ടുണ്ട്. ഇത് കണ്ടെടുക്കുക ആണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനിടെ ഭര്‍ത്താവില്‍ നിന്നും താന്‍ വലിയ തോതില്‍ മാനസിക പീഡനം ഏല്‍ക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി മരിച്ച ഷൈനി കൂട്ടുകാരിയ്ക്ക് അയച്ച ശബ്ദം സന്ദേശവും പുറത്തു വന്നിരുന്നു. ഇതെല്ലാം മറുനാടനാണ് പുറത്തു വിട്ടത്.

കുടുംബ ശ്രീ ലോണിലെ ചതിയും നോബിയുടെ ക്രൂരതയായിരുന്നു. നോബിയുടെ അച്ഛന്റെ ചികില്‍സയ്ക്ക് വേണ്ടി ഷൈനിയെ കൊണ്ട് വായ്പ എടുപ്പിച്ചു. അതിന് ശേഷം അത് നല്‍കിയില്ല. കുടുംബശ്രീക്കാര്‍ ആ വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് ഷൈനിയ്ക്ക് കഴിയുമായിരുന്നില്ല. ഇതും കുട്ടികളേയും കൊണ്ടുള്ള ആത്മഹത്യയ്ക്ക് കാരണമായി.

ഷൈനി മരണത്തിന് മുമ്പ് കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണം മറുനാടന്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ വഴിയില്ലെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും ഷൈനി വ്യക്തമാക്കുന്നു. സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസില്‍ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്. ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്റ് മറുപടി നല്‍കുന്നത്. ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് മധ്യസ്ഥത വഹിച്ച് വായ്പതുക തിരിച്ചടപ്പിച്ചിരുന്നു. ഷൈനി ഇനി 1,26000 രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ വ്യക്തമാക്കുന്നത്. തന്റെ മകനും ഷൈനിയുമായി ഒരു പ്രശ്നവുമില്ലെന്ന് നോബിയുടെ അമ്മ മറുനാടനോട് പറഞ്ഞിരുന്നു. ഈ അഭിമുഖത്തില്‍ അമ്മയുടെ വിശദീകരണം പച്ചക്കള്ളമെന്ന് തെളിയുകയാണ് കുടുംബ ശ്രീക്കാരുടെ വിശദീകരണം.

കേസില്‍ നിര്‍ണായക തെളിവാണ് ഷൈനിയുടെ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചെന്നാണ് പോലീസും പറയുന്നത്. വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലില്‍ നോബി സമ്മതിച്ചിട്ടുണ്ട്.

Tags:    

Similar News