രണ്ട് പെണ്‍മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍

Update: 2025-03-02 10:23 GMT

ഏറ്റുമാനൂര്‍: ഭര്‍തൃമതിയായാല്‍ ജോലി വേണ്ടെന്ന് പറഞ്ഞ് വീട്ടിലിരിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ധാരളമുണ്ട്. ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചാല്‍ പോലും പലപ്പോഴും ഭര്‍തൃവീട്ടിലെ സാഹചര്യങ്ങള്‍ അതിന് അനുവദിച്ചേക്കില്ല. അത്തരം അനുഭവമാണ് ഷൈനിയെന്ന ഏറ്റുമാനൂരിലെ യുവതിയും നേരിട്ടത്. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നകതോടെ കരിയര്‍ ഗ്യാപ്പ് വന്നു. പിന്നീട് അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ ബിഎസ്സി നഴ്‌സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്. മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ഷൈനി.

12 ആശുപത്രികള്‍ ഷൈനി കുര്യന് ജോലി നിഷേധിച്ചു എന്നാണ് പുറത്തുവരുന്നത്. ഇതിന് ആശുപത്രികള്‍ മാനദണ്ഡമാക്കിയത് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ഭര്‍ത്താവുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നതോടെ പെണ്‍മക്കളെ നോക്കാന്‍ ജോലി തേടിയ ഷൈനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതെയായി. അമ്മ മനസ്സിന്റെ ആധി കൂടിയയതോടെയാണ് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. അതേസമയം ഷൈനിയും മക്കളും ജീവനൊടുക്കിയത് ഭര്‍ത്താവ് നോബി ലൂക്കോസ് ഇറാഖിലേക്ക് പോകുന്ന ദിവസമായിരുന്നു.

Full View

അതേസമയം നാളെയാണ് മരിച്ചവരുടെ സംസ്‌ക്കാരം നടക്കുക. നേരത്തെ ഷൈനിയുടെ തെള്ളകത്തെ ഇടവകയില്‍ സംസ്‌ക്കാരം നടത്തുമെന്നാണ് കരുതിയത്. എന്നാല്‍, ജീവിചിരിക്കുന്ന ഏക മകന്റെ താല്‍പ്പര്യം പറഞ്ഞ് ഭര്‍ത്താവിന്‍രെ ഇടവകയിര്‍ സംസ്‌ക്കാരം നടത്താനാണ് ഇപ്പോഴത്തെ ആലോചന. അതിനിടെ ഒരു നഴ്‌സിന് കരിയര്‍ ഗ്യാപ്പ് എടുത്താല്‍ പിന്നീട് ജോലിയില്‍ കയറാന്‍ ആവശ്യമായ വഴിയൊരുക്കേണ്ട കാര്യത്തെ കുറിച്ച് യുഎന്‍എ അടക്കം സമരരംഗത്ത് ഇറങ്ങണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ക്‌നാനായ കുടുംബങ്ങളില്‍ വലിയ ചര്‍്ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അടക്കം രോഷത്തിനും ഇത് കാരണമായിട്ടുണ്ട്. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അമ്മയെയും സഹോദരിമാരെയും നഷ്ടമായതോടെ മൂത്ത മകനും ആകെ തകര്‍ന്ന നിലയിലാണ്.

ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.

നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലു ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്‌സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്‌നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചു എന്നാല്‍, എന്നാല്‍, നഴ്‌സ് ജോലി ലഭിച്ചില്ല പകരം ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.

ജീവിതത്തില്‍ സഹായം ആവശ്യമുള്ള ഘട്ടത്തില്‍ സഹായവുമായി ആരും എത്താതിരുന്നതായിരുന്നു ഷൈനിക്ക് മുന്നിലെ പ്രതിസന്ധി. ഷൈനിയുടെ മരണം ക്‌നാനായ ഗ്രൂപ്പുകളിലെല്ലാം ചര്‍ച്ചയായിട്ടുണ്ട്. വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോള്‍ ഇവര്‍ ചെയ്ത് പോയതാണ് എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത്.

അമ്മയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയാകണം ആ പെണ്‍മക്കളും ജീവനൊടുക്കാന്‍ റെയില്‍വേ ട്രാക്കില്‍ എത്തിയത്. റെയില്‍വേ പാളത്തില്‍ മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തില്‍ ഇരിക്കുന്ന കാഴ്ച നെഞ്ച് തകര്‍ത്തെന്ന് ലോക്കോ പൈലറ്റ് പയുന്നതും വാര്‍ത്തകളില്‍ വന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.20 ന് ഇവരുടെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കിലാണ് ജീവനൊടുക്കല്‍ നടന്നത്.

ട്രെയിന്‍ പല തവണ ഹോണ്‍ മുഴക്കിയിട്ടും മാറാതെ ട്രാക്കില്‍ തന്നെ മക്കളെയും കെട്ടിപുണര്‍ന്ന് നില്‍ക്കുകയായിരുന്നു അമ്മ. നിമിഷങ്ങള്‍ക്കകം തന്നെ ട്രെയിന്‍ ഇടിച്ച് അവര്‍ തെറിച്ചു പോയി. ഛിന്നഭിന്നമായ ശരീര ഭാഗങ്ങള്‍ പലയിടത്തു നിന്നുമാണ് പോലീസുകാര്‍ എടുത്തത്. എല്ലാ ദിവസവും പതിവു പോലെ മക്കളെയുമായി പള്ളിയിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. വരാന്‍ താമസിച്ചതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങി. പിന്നീടാണ് അവര്‍ ട്രെയിന്‍ തട്ടി മരിച്ചതായി അറിയുന്നതെന്ന് ഷൈനിയുടെ പിതാവ് പറഞ്ഞു.

സ്‌കൂളിലും പള്ളിയിലുമെല്ലാം മിടുക്കരായിരുന്ന രണ്ട് ഓമന മുഖമുള്ള ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ വീടിനടുത്തുള്ള ചെറുപുഷ്പം ആശ്രമത്തില്‍ കുര്‍ബാനയ്ക്കായി മൂവരും പോകുമായിരുന്നു. അമ്മയുടെ രണ്ട് കൈകളിലും പിടിച്ചാണ് കുട്ടികള്‍ പോകുന്നതും തിരികെ വരുന്നതും. സ്‌നേഹത്തോടെ അവര്‍ അമ്മയുമൊത്ത് വരുന്നത് ഇപ്പോഴും മനസ്സില്‍ നിന്നും മായുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

Tags:    

Similar News