മോഹന്‍ലാല്‍ എവിടെ ഉണ്ടോ ഇന്‍സ്പെക്ടറും അവിടെയുണ്ട്; പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ കൃഷ്ണന്‍ കട്ട മോഹന്‍ലാല്‍ ഫാന്‍; ചെങ്ങന്നൂരില്‍ വന്നപ്പോഴും പൈലറ്റ് പോകാന്‍ ചോദിച്ച് അവസരം വാങ്ങി; എവിടെപ്പോയാലും ലാലേട്ടനെ ഫോളോ ചെയ്യുന്നത് കൈയിലുളള സ്‌ക്രിപ്റ്റില്‍ അഭിനയിപ്പിക്കാനോ?
എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന്‍ പിടിച്ചത് ശരിക്കും പുലിവാല്‍
പത്തനംതിട്ട: ശബരിമല ദര്‍ശനം ജീവിതസൗഭാഗ്യമാണെന്നും അനുവദിക്കണമെന്നും പറഞ്ഞ് മേലുദ്യോഗസ്ഥനില്‍ നിന്ന് പെര്‍മിഷന്‍ വാങ്ങി മോഹന്‍ലാലിന് എസ്‌കോര്‍ട്ട് പോയ മുന്‍ തിരുവല്ല എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന്‍ പിടിച്ചത് ശരിക്കും പുലിവാല്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുളള ക്രമീകരണമാണെന്ന രീതിയില്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചാണ് പോലീസ് ഇന്‍സ്പെക്ടര്‍ പമ്പയില്‍ നിന്ന് ഒപ്പം കൂടിയത് എന്നാണ് വിവരം. ഇതിനായി ആദ്യം തെറ്റിദ്ധരിപ്പിച്ചത് തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിനെയാണ്. അതു കൊണ്ടു തന്നെയാണ് അമളി പറ്റിയ അദ്ദേഹം സുനില്‍ കൃഷ്ണന് മെമ്മോ കൊടുത്തത്. ഈ വാര്‍ത്ത ഇന്നലെ രാത്രി ആദ്യം പുറത്തു വിട്ടത് മറുനാടനാണ്.
ശബരിമല ദര്‍ശനം നടത്താന്‍ അനുമതി നല്‍കണമെന്നാണ് സുനില്‍ കൃഷ്ണ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നത്. മോഹന്‍ലാല്‍ അവിടെ വരുന്ന കാര്യവും താന്‍ അദ്ദേഹത്തിനൊപ്പം മല കയറാന്‍ പോവുകയാണെന്ന കാര്യവും മേലുദ്യോഗസ്ഥനില്‍ നിന്ന് മറച്ചു വച്ച സുനില്‍ കൃഷ്ണന്‍ പക്ഷേ, പമ്പയില്‍ ചെന്നതോടെ ഔദ്യോഗിക പരിവേഷം എടുത്തണിഞ്ഞു. മോഹന്‍ലാലിനൊപ്പം ഒട്ടി മുട്ടി നീങ്ങുന്ന തിരുവല്ല എസ്എച്ച്ഓയെ കണ്ട് എസ്പിയും ഡിവൈഎസ്പിയും അടക്കം ഞെട്ടി. ഇങ്ങനെ ഒരു ഡ്യൂട്ടി കൊടുത്ത് ആരും സുനില്‍ കൃഷണനെ പമ്പയ്ക്ക് അയച്ചിരുന്നില്ല. പമ്പ മുതല്‍ സന്നിധാനം വരെ മോഹന്‍ലാലിന്റെ സുരക്ഷ ചുമതല ഏകോപിപ്പിച്ച് സുനില്‍ കൃഷ്ണന്‍ ചാനല്‍ ഫ്രെയിമുകളില്‍ നിറഞ്ഞു നിന്നു. ശബരിമല ദര്‍ശനം നടത്തുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്ന് പറഞ്ഞാണ് ഡിവൈഎസ്പിയോട് ഇയാള്‍ അനുമതി വാങ്ങിയത്.
സുനില്‍കൃഷ്ണന്‍ എങ്ങനെ ലാലിന് അരികില്‍ എത്തി എന്ന മേലുദ്യോഗസ്ഥന്റെ സംശയമാണ് മെമ്മോയില്‍ കലാശിച്ചത്. ഇതിന്റെ പേരില്‍ എസ്എച്ച്ഓയ്ക്കെതിരേ നടപടി ഒന്നും എടുത്തിട്ടില്ല. സ്ഥലം മാറ്റിയെന്ന പ്രചാരണം ശരിയല്ല. ഈ സംഭവം നടക്കുന്നതിന് മുന്‍പ് തന്നെ ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഇറങ്ങിയിരുന്നു. അതു പ്രകാരം തിരുവല്ലയില്‍ ചുമതലയേല്‍ക്കേണ്ട ഇന്‍സ്പെക്ടര്‍ എത്താന്‍ വൈകിയതാണ് സുനില്‍ കൃഷ്ണന്‍ സ്ഥാനമൊഴിയുന്നത് വൈകാന്‍ ഇടയാക്കിയത്. അതിനാല്‍ സ്ഥലം മാറ്റവും മോഹന്‍ലാലിന് എസ്‌കോര്‍ട്ട് പോയതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഉന്നത പോലീസ് അധികൃതര്‍ പറയുന്നത്.
സുനില്‍ കൃഷ്ണന്‍ ഏറെ നാളായി മോഹന്‍ലാലിനെ വട്ടമിട്ടു നടക്കുകയാണ്. ഇതിന് മുന്‍പ് ചെങ്ങന്നൂരില്‍ ദേശീയ സരസ് മേള ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ എത്തിയിരുന്നു. അന്ന് അവിടേക്ക് വിഐപിക്ക് പൈലറ്റ് ഡ്യൂട്ടി സംഘടിപ്പിച്ചെടുത്ത സുനില്‍ കൃഷ്ണന്‍ പത്തനംതിട്ട ബോര്‍ഡറില്‍ തീരേണ്ട ഡ്യൂട്ടി ചെങ്ങന്നൂര്‍ വരെ സ്വയം നീട്ടി അവിടെയും വേദിയില്‍ ഇടിച്ചു കയറിയ സംഭവം ഉണ്ടായി. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ തീരേണ്ട പൈലറ്റ് അവിടെ നിര്‍ത്താതെ ചെങ്ങന്നൂരിലെ സമ്മേളന വേദി വരെ സ്വയം നീട്ടി വിട്ടത് വിവാദമായിരുന്നു.
ഇതിന് പുറമേ കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മോഹന്‍ലാലിന്റെ ഒരു സന്ദേശ വീഡിയോ ഒപ്പിക്കാമെന്ന് സുനില്‍ കൃഷ്ണന്‍ വാക്കു കൊടുത്തിരുന്നു. ഇതിനായി കുമളിയില്‍ ഷൂട്ടിങ് നടക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം തുടരും സെറ്റില്‍ പോയിരുന്നു. അവിടെ ചെന്ന് ഒരു വീഡിയോ സംഘടിപ്പിച്ച് കൊടുത്ത് മോഹന്‍ലാലില്‍ തനിക്കുള്ള സ്വാധീനം തെളിയിക്കുകയും ചെയ്തു. അതിന് ശേഷമാണ് ശബരിമല വിവാദം ഉണ്ടാകുന്നത്. സുനില്‍ കൃഷ്ണയുടെ യഥാര്‍ഥ ലക്ഷ്യം താന്‍ തയാറാക്കി വച്ചിരിക്കുന്ന തിരക്കഥയില്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കുക എന്നതാണെന്ന് പറയുന്നു.