പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കം; ആരോഗ്യത്തിനായി പ്രത്യേക വ്യായാമങ്ങള്‍; പന്തുകളിയും യോഗയും ചെയ്യാറുണ്ട്; കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ശുഭാംശു ശുക്ല

Update: 2025-07-04 06:56 GMT

തിരുവനന്തപുരം: ജൂണ്‍ 25നാണ് ശുഭാംശു ശുക്ല ബഹിരാകശത്തിലേക്ക് യാത്ര തിരിച്ചത്. അവിടെ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുകയാണ് സ്‌കൂള്‍ കുട്ടികള്‍. തിരുവനന്തപുരം വിഎസ്എസ്സി സംഘിപ്പിച്ച പരിപാടിയിലാണ് 150 കുട്ടികള്‍ തല്‍സമയം ശുഭാംശുവുമായി സംവദിച്ചത്. ഗുരുത്വാകര്‍ഷണ ബലമില്ലാത്ത ബഹിരാകാശത്ത് എങ്ങനെ ഉറങ്ങും? ആലപ്പുഴ തിരുവമ്പാടി എച്ച് എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എസ് നിധിയുടേതായിരുന്നു ചോദ്യം. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28000 കിലോമീറ്റര്‍വേഗത്തില്‍ സഞ്ചരിക്കുന്ന നിലയത്തിലിരുന്നാണ് ശുഭാംശുവിന്റെ മറുപടി , പ്രത്യേകം തയ്യാറാക്കിയ കിടക്കയിലെ കൊളുത്തില്‍ നാട ഉപയോഗിച്ച് സ്വയം കെട്ടിയിട്ടിട്ടാണ് ഉറക്കമെന്ന് മറുപടിയും കൊടുത്തു.

തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച 2.30 മുതല്‍ പത്തുമിനിറ്റു സമയമാണ് കിട്ടിയത്. കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്കുപുറമേ ശുഭാംശു പഠിച്ച ലഖ്നൗ സ്‌കൂളിലെ കുട്ടികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ വിഎസ്എസ്സി ശാസ്ത്രജ്ഞനായ വി ടി റോബിനാണ് ഹാംറേഡിയോയും വീഡിയോവാളും ചേര്‍ന്ന സംവിധാനത്തിലൂടെ ശുഭാംശുവിനോട് ചോദിച്ചത്.

അവിടെയെത്തിയപ്പോഴുണ്ടായ മാനസികസമ്മര്‍ദം എന്തൊക്കെയായിരുന്നു എന്നായിരുന്നു മറ്റൊരു കുട്ടിയുടെ ചോദ്യം. പരിശീലനം ലഭിച്ചിരുന്നെങ്കിലും ബഹിരാകാശനിലയത്തിലെത്തിയ ആദ്യ 15 മിനിറ്റ് ഞങ്ങള്‍ നിശബ്ദരായിപ്പോയി. പതിയെ പൊരുത്തപ്പെട്ടു. ഒറ്റപ്പെടലാണ് വെല്ലുവിളി. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അസാന്നിധ്യം അനുഭവിക്കുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ എങ്ങനെ തരണം ചെയ്യും? സീറോ ഗ്രാവിറ്റിയായതിനാല്‍ എല്ലുകള്‍ക്കും പേശികള്‍ക്കും അപകടമാണ്. പ്രത്യേക വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. ബാന്‍ഡ് ഉപയോഗിച്ചുള്ള വ്യായാമം, സൈക്ലിങ്, സ്ട്രച്ചിങ് തുടങ്ങിയവ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കും.

ഒഴിവുസമയങ്ങളില്‍ എന്തുചെയ്യും? ഒഴിവുസമയം കുറവാണ്. എന്നാലും ഞങ്ങളിവിടെ ചെറിയ പന്തുപയോഗിച്ച് കളിക്കാറുണ്ട്. ഇടയ്ക്ക് ഞാന്‍ യോഗ ചെയ്യും. പിന്നെ വ്യൂപോയിന്റിലൂടെ ഭൂമിയെ നോക്കും. അത് വല്ലാതെ വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. അസുഖം വന്നാല്‍ എന്തുചെയ്യും ? മരുന്നുകളൊക്കെ കരുതിയിട്ടുണ്ട്. പ്രാഥമികചികിത്സയ്ക്കുള്ള പരിശീലനം കിട്ടിയിട്ടുണ്ട്. വരുന്ന വഴിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ എന്തെങ്കിലും സംഭവിച്ചാല്‍ പേടകം തിരികെയിറക്കുമായിരുന്നു. ലോഞ്ചിങ് എങ്ങനെയായിരുന്നു? അതുഗ്രന്‍ അനുഭവമായിരുന്നു. തിരികെ ഭൂമിയില്‍ വന്നിറങ്ങുമ്പോള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കും.

Tags:    

Similar News