ഞാന്‍ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു; ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്; ഇത്രയും കുറ്റപ്പെടുത്താന്‍ ഞാന്‍ എന്തു തെറ്റ് ചെയ്തുവെന്ന് അറിയില്ല; തെളിവ് എന്റെ മുഖത്തുണ്ട്. സഹപ്രവത്തകര്‍ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണബോധ്യമായി; യുവ അഭിഭാഷക ശ്യാമിലിയുടെ ശബ്ദ സന്ദേശം പുറത്ത്; വാട്‌സാപ്പ് ചര്‍ച്ചകള്‍ വിലക്കി ബാര്‍ അസോസിയേഷനും

Update: 2025-05-17 07:28 GMT

തിരുവനന്തപുരം: ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. അഭിഭാഷകരുടെ വാട്സാപ് ഗ്രൂപ്പിലാണ് യുവഅഭിഭാഷക ശ്യാമിലിയുടെ പ്രതികരണം. വിഷയത്തില്‍ സഹപ്രവര്‍ത്തകര്‍ തന്റെ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണ ബോധ്യമായെന്ന് ശ്യാമിലി പറയുന്നു. സീനിയര്‍ അഭിഭാഷകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായ അഭിഭാഷകയാണ് ശ്യാമിലി. അതിനിടെ വാട്‌സാപ്പ് ചര്‍ച്ചകള്‍ ബാര്‍ അസോസിയേഷന്‍ നിരോധിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ഗുരുതരമായ ആരോപണമാണ് ശ്യാമിലി ഉയര്‍ത്തുന്നത്. ''ബാര്‍ അസോസിയേഷനില്‍ പലരും എനിക്കു വേണ്ടി സംസാരിക്കുന്നുണ്ടെന്ന് അറിയാം. നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. പക്ഷേ അതിലുപരി, കാര്യം എന്താണെന്നു പോലും അറിയാതെ പലരും തെറ്റായ പ്രചാരണം നടത്തുകയാണ്. ഞാന്‍ തുണി പിടിച്ചുവലിച്ചു എന്നുവരെ പറയുന്നു. ഇതുവരെ കേള്‍ക്കാത്ത കാര്യമാണ്. ഇത്രയും കുറ്റപ്പെടുത്താന്‍ ഞാന്‍ എന്തു തെറ്റ് ചെയ്തുവെന്ന് അറിയില്ല. തെളിവ് എന്റെ മുഖത്തുണ്ട്. സഹപ്രവത്തകര്‍ കൂടെ നില്‍ക്കില്ലെന്ന് പൂര്‍ണബോധ്യമായി. ഇതുവരെ ഞാന്‍ ബാര്‍ അസോസിയേഷനോ സെക്രട്ടറിക്കോ എതിരായി മനഃപൂര്‍വം സത്യസന്ധമല്ലാത്ത യാതൊരു കാര്യവും പറഞ്ഞിട്ടില്ല. കേസിനെതിരെ എന്തു നിലപാടും എടുത്തോട്ടെ. ഇനി പ്രതിയെ വെറുതെ വിട്ടാലും കുഴപ്പമില്ല. എനിക്കു നീതി കിട്ടിക്കഴിഞ്ഞു.''

''നാളെ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ സഹോദരിമാര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ. എന്റെ സ്ഥാനത്ത് നിങ്ങളുടെ ആരെങ്കിലും വന്നാലെ ഈ അവസ്ഥ മനസ്സിലാകൂ. ഇതിപ്പോള്‍ എന്റെ കാലു കൊണ്ട് ഞാന്‍ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം. എനിക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഇന്നാണ് ഞാന്‍ കൂടുതല്‍ അറിയുന്നത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളെയും സമൂഹത്തെയും അറിയിക്കും. ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കുന്നില്ല. കേരളജനതയാണ് ഒപ്പമുള്ളത്. എന്താണ് ഇതിനകത്തു നടക്കുന്നതെന്ന് അവര്‍ അറിയട്ടെ. മാധ്യമങ്ങളാണ് എന്നെ സഹായിക്കുന്നതെങ്കില്‍ ഞാന്‍ അവര്‍ക്ക് ഒപ്പം തന്നെയാണ്. അതില്‍ ഇനി ഏത് കൊടികുത്തി വാഴുന്ന സീനിയര്‍ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എനിക്കെതിരെ കേസ് എടുക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്താല്‍ പോലും പറഞ്ഞതില്‍ ഒരു മാറ്റവും ഇല്ല'' - ശ്യാമിലിയുടെ സന്ദേശത്തില്‍ പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശ്യാമിലിയെ മര്‍ദിച്ച ബെയ്ലിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പൊലീസുകാരെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തടഞ്ഞിരുന്നുവെന്ന് ശ്യാമിലി മാധ്യമങ്ങളോടു പറഞ്ഞതിനെതിരെ കടുത്ത അതൃപ്തിയാണ് നേതാക്കള്‍ക്കുള്ളത്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണം.

Tags:    

Similar News