ഇന്നൊരു പോലീസ് കഥ ചൊല്ലട്ടുമാ...; മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിയടിച്ചപ്പോള്‍ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് അഭിമാനക്ഷതം; എസ് ഐക്ക് സ്ഥലം മാറ്റം; അന്വേഷണം കൂടാതെ നടപടി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവില്‍; ഭര്‍ത്താവിന് പണി പാഴ്‌സലായി വന്ന കഥ പറഞ്ഞ് എസ് ഐയുടെ ഭാര്യ സുമയ്യ കബീര്‍
ദേശാഭിമാനി ന്യൂസ് എഡിറ്ററെ പെറ്റിയടിച്ചതിന് എസ്‌ഐക്ക് സ്ഥലംമാറ്റം
കൊച്ചി: 'നിയമം നിയമത്തിന്റെ വഴിക്ക് കൊണ്ടുപോകാന്‍ കേരള പൊലീസിന് കൃത്യമായി കഴിയുന്നുണ്ട്': കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പറഞ്ഞതാണീ വാക്കുകള്‍. എന്നാല്‍, നിയമം നിയമത്തിന്റെ വഴിക്ക് പോകാന്‍ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും സമ്മതിക്കുന്നുണ്ടോ? ഇടതുസര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍, മുഖം നോക്കാതെ പ്രവര്‍ത്തിക്കാന്‍ പൊലീസിന് സാധിക്കുന്നുണ്ടോ? സിപിഎമ്മും, പാര്‍ട്ടി അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന വിഷയങ്ങളില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമ്പോള്‍ പാവം പൊലീസുകാര്‍ക്ക് പണി കിട്ടാറുണ്ടോ?
ഇക്കാര്യം പരിശോധിക്കാനാണ് ഇനി ഒരു പൊലീസ് കഥ പറയുന്നത്. ദേശാഭിമാനി ന്യൂസ് എഡിറ്ററും കേരള മീഡിയ അക്കാഡമി വൈസ് ചെയര്‍മാനുമായ ഇ.എസ്. സുഭാഷിനെ മദ്യപിച്ചു വാഹനമോടിച്ചതിനു പെറ്റിയടിച്ചു എന്നൊരു കുറ്റമാണ് എസ് ഐ കബീര്‍ ചെയ്തത്. ഇതോടെ, എസ് ഐ യെ സ്ഥലംമാറ്റം അടക്കം മൂന്നുതരം അച്ചടക്ക നടപടികള്‍ക്ക് വിധേയമാക്കി. എസ്‌ഐയുടെ ഭാര്യ സുമയ്യ കബീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം തുറന്നെഴുതി.
സംഭവം സുമയ്യ പറയുന്നത് ഇങ്ങനെ:
രാത്രി ഡ്യൂട്ടി കഴിഞ്ഞ് എസ്‌ഐ കബീര്‍ അന്ന് ജോലിയെടുത്തിരുന്ന പഴയന്നൂര്‍ സ്റ്റേഷനില്‍ നിന്ന് രാവിലെ 7. 45 ഓടെ, ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഒരു കാര്‍ ബൈക്കിന് നേരേ വരുന്നത് കണ്ട് എസ് ഐ ഞെട്ടി. ഹോണടിച്ചിട്ടും കാര്‍ മാറ്റാതിരുന്നത് കൊണ്ട് ബൈക്ക് ഫുട്ഫാത്തിലേക്ക് കയറ്റി രക്ഷപ്പെടുകയായിരുന്നു. കാറോടിച്ചയാളെ പിന്നീട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പെറ്റിയടിച്ചതോടെ കാര്യം മാറി, കഥ മാറി. താന്‍ ദേശാഭിമാനിയുടെ ന്യൂസ് എഡിറ്ററും മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആണെന്നും ഇ എസ് സുബാഷ് വ്യക്തമാക്കി.
പെറ്റിയടിച്ചതോടെ വൈസ് ചെയര്‍മാന് അഭിമാനക്ഷതം ഉണ്ടായി. അവിടെ തുടങ്ങി ഉപദ്രവം. സിപിഎം പ്രാദേശിക നേതാവ്, പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇവര്‍ക്കെല്ലാം പരാതി പോകുകയും, അവരെല്ലാം എസ്‌ഐയെ വിളിക്കുകയും ചെയ്തു. കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല.
തൊട്ടുതാഴെയുള്ള പോലീസിലെ രഹസ്യന്വേഷണ വിഭാഗത്തോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുക്കാന്‍ അവശ്യപ്പെട്ടു. വീണ്ടും അതിന് മുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എം എല്‍ എയുടെ കുറിപ്പോടെ പരാതി പോയി. അതോടെ എസ്‌ഐക്ക് എതിരെ അന്വേഷണം പോലും നടത്താതെ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജില്ലാ ആസ്ഥാനത്ത് നിര്‍ദ്ദശം വന്നു. മൂന്നുദിവസത്തെ അച്ചടക്ക കോഴ്‌സിന് പുറമേ ശിക്ഷയുടെ കടുപ്പം കൂട്ടി സ്ഥലംമാറ്റവും.
'ഒരു കുറ്റത്തിന് മൂന്ന് ശിക്ഷ(ORM, course, transfer ) പോലീസില്‍ ഇത്തരത്തില്‍ ശിക്ഷ കേട്ടിട്ടില്ല പോലും...ഓ...
സോറി.. ഇത് തമ്പ്രാനെ പെറ്റിയടപ്പിച്ചതല്ലേ....സുമയ്യ കബീര്‍ കുറിച്ചു.
സുമയ്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ഇന്നൊരു പോലീസ് കഥ ചൊല്ലട്ടുമാ... വെറും കഥയല്ലിത് എന്റെ കണവന് ലഭിച്ച സമ്മാനത്തിന്റെ കഥയാണ്. കഥ തുടങ്ങുന്നത് ഡിസംബര്‍ 26ന്.
പുള്ളിക്കാരന്‍ 25-ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു കാലത്ത് അന്ന് പണിയെടുത്തിരുന്ന പഴയന്നൂര്‍ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് വരുന്ന സമയം -കാലത്ത് 07.45--08.00-മണി
ഒരു കാറു കണവന്റെ ബൈക്കിനു നേരെ പതുക്കെ വരുന്നു..
കെട്ടിയവന്‍ ഹോണ്‍ അടിക്കുന്നു.
No രക്ഷ... കാറു ബൈക്കിനു നേരെ തന്നെ വരുന്നു
ബൈക്ക് ഫുട് പാത്തിലേക്ക് കയറ്റുന്നു.
ഭാഗ്യം രക്ഷപെട്ടു.
ഇടിച്ചതു കൊണ്ട് തട്ടി പോകില്ലെങ്കിലും അത്യാവശ്യം ഡാമേജ് വരാന്‍ സാധ്യത ഉണ്ടായിരുന്നു.
കണവന്‍ വിട്ടില്ല. ഫുട് പാത്തില്‍ നിന്നും ബൈക്ക് ഇറക്കി കാറിനൊപ്പം ചെന്ന് എന്താ ചെങ്ങായി ഈ കാട്ട്ണേ ന്ന് ചോദിക്കാന്‍ വണ്ടി നിറുത്താന്‍ ആവശ്യപെട്ടപ്പോള്‍ മാന്യന്‍ മൈന്‍ഡ് ചെയ്യാതെ പോയി.
കണവന്‍ വീടോ..
പോലീസല്ലേ.
കാറിന്റെ നമ്പര്‍ എടുത്തു സ്റ്റേഷനില്‍ വിളിച്ച് അഡ്രസ്സും ഫോണ്‍ നമ്പറും കളക്ട് ചെയ്ത് വിളിച്ചു വരുത്താന്‍ പറഞ്ഞു. വന്നാല്‍ വാഹനം ഓടിച്ച മാന്യന്‍ മദ്യ സേവ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും നടപടി എടുക്കാനും പറഞ്ഞ് കക്ഷി വീട്ടിലേക്ക് പൊന്നു.
പാവം പോലീസുകാരന്‍ SI പറഞ്ഞതല്ലേ അനുസരിക്കുക തന്നെ.
നമ്പര്‍ എടുത്തു വിളിച്ചു, മാന്യന്‍ സ്റ്റേഷനില്‍ വന്നു.
പോലീസുകാരന്‍ ചോദിച്ചു
ഇയാള് കാലത്ത് തന്നെ മദ്യപിച്ചിട്ടുണ്ടോ എന്ന്. ഇല്ലെന്ന് മാന്യന്‍..
അപ്പൊ എന്താ ഇങ്ങനെ കാറോടിച്ചു ആളുകളെ കൊല്ലാനാണോ പരിപാടി.. SI സര്‍ ആയിരം രൂപ ഫൈന്‍ അടക്കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.
തന്റെ അടുത്ത് പണമില്ലെന്ന് മാന്യന്‍..
പിന്നെ ഓണ്‍ലൈന്‍ ആയി അടച്ചാല്‍ മതി എന്ന് പോലീസുകാരന്‍.
ആയിരം രൂപ പെറ്റി രസീതി ആക്കി കൊടുത്തു.
അപ്പോളാണ് മാന്യന്‍ പറയുന്നത് ഞാന്‍ ദേശാഭിമാനിയുടെ എന്തോ എഡിറ്റര്‍ ആണെന്നും മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ ആണെന്നും. ആരാണെങ്കിലും ആ മിഷ്യനില്‍ അടിച്ചു കൊടുത്താല്‍ അത് മാറ്റാന്‍ പറ്റില്ലത്രേ..
പ്രധാന മന്ത്രി ആണെങ്കിലും..
എന്താ ല്ലേ..
ഇനിയാണ് ട്വിസ്റ്റ്
മാന്യന് അഭിമാനക്ഷതം ണ്ടായി..
ഔ.....ഭരണ കക്ഷിയിലെ പ്രധാന പങ്കാളിയുടെ ജിഹ്വ ആയ സ്ഥാപനത്തിന്റെ എഡിറ്ററും മീഡിയ അക്കാദമി വൈസ് ചെയര്‍മാനുമായ തന്നെ മദ്യപാനിയായി സംശയിക്കുക... പെറ്റി അടപ്പിക്കുക.. അതും ഒരു SI..
ച്ചെയ്.. മോശം.
വിട്ടാല്‍ പറ്റില്ല..
രക്തം തിളച്ചു..
ആദ്യം അവരുടെ പ്രാദേശിക നേതാവിന്റെ അടുത്ത്.
നേതാവ് കണവനെ വിളിക്കുന്നു. കാര്യം തിരക്കുന്നു, സംഭവം പറയുന്നു. ശുഭം....
നേതാവും കണവനും വിചാരിച്ചു ഓ കഴിഞ്ഞെന്ന്..
എവിടെ... അഭിമാനക്ഷതം..
തമ്പ്രാന്‍ നേരെ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചു പരാതി പറയുന്നു.
സാറും കണവനെ വിളിക്കുന്നു. കാര്യം പറയുന്നു.കഴിഞ്ഞു എന്ന് കരുതി സാറും കണവനും.
എവിടെ.. അഭിമാനക്ഷതം...
അതിലും മുകളിലേക്ക് പരാതി പത്രത്തിന്റെ ലെറ്റര്‍ ഹെഡില്‍..
അദ്ദേഹം
തൊട്ട്താഴെയുള്ള പോലീസിലെ രഹസ്യന്വേഷണ വിഭാഗത്തോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുക്കാന്‍ അവശ്യപ്പെടുന്നു. കണവനെ തൃശൂരിലേക്ക് വിളിപ്പിക്കുന്നു. വാഹനം ഇടിക്കാന്‍ വന്നതിന്റെ CCTV ദൃശ്യം കളക്ട് ചെയ്യുന്നു. റിപ്പോര്‍ട്ടാക്കി കൊടുക്കുന്നു. ഇതില്‍ തീരുമാനം ആകും എന്ന് കരുതി.
എവിടെ.. അഭിമാനക്ഷതം..
വീണ്ടും മാന്യന്‍ പരാതി അതും പത്രത്തിന്റെ ലെറ്റര്‍ ഹെഡില്‍. ഇത് ഏറ്റവും മുകളിലേക്കാ..
CM ന്റെ ഓഫീസിലേക്ക്, അതും MLA യുടെ കുറിപ്പോടു കൂടി..
ദേ .. വരുന്നു CM ന്റെ നേരിട്ടുള്ള നിര്‍ദേശം ജില്ലാ ആസ്ഥാനത്തേക്ക്.
നടപടി എടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍.
അന്വേഷണം വേണ്ട പോലും..
ആസ്ഥാനത്തുള്ളയാള്‍ക്ക് നിവര്‍ത്തി ഇല്ല.
CM ന്റെ ഓര്‍ഡര്‍ ആണ്.
കണവനെയും ആ പാവം പോലീസുകാരനെയും ആസ്ഥാനത്തേക്ക് വിളിപ്പിക്കുന്നു.
മൂന്നു ദിവസത്തെ കോഴ്‌സ് കൊടുക്കുന്നു..
ഇതുകൊണ്ടരിശം തീരാത്ത മാന്യന്‍ ശിക്ഷ യുടെ കാഠിന്യം കൂട്ടാന്‍ വീണ്ടും ഇടപെടുന്നു.
ശിക്ഷ ട്രാന്‍ഫര്‍ ആക്കി ഉയര്‍ത്തുന്നു.
ഒരു കുറ്റത്തിന് മൂന്ന് ശിക്ഷ(ORM, course, transfer ) പോലീസില്‍ ഇത്തരത്തില്‍ ശിക്ഷ കേട്ടിട്ടില്ല പോലും...
ഓ...
സോറി.. ഇത് തമ്പ്രാനെ പെറ്റിയടപ്പിച്ചതല്ലേ....
*
അങ്ങനെ തന്നെ വേണം എന്റെ കണവന്.*
ഇത്തരക്കാരെ കുറിച്ച് പറയുമ്പോള്‍ കണവന് നൂറു നാക്കായിരുന്നു.
ഇതേ പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ കൊടുക്കല്... അത് പുതുക്കല്... എന്തായിരുന്നു....
ഇപ്പൊ എങ്ങനെ ഇരിക്കണ്...
എന്റെ ഒരു സംശയം ആണ് കെട്ടോ...
ഇവരൊക്കെ നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കാന്‍ പാടില്ലേ..
ചേലക്കരക്ക് സ്വന്തമായി ഒരു MLA ഉള്ളപ്പോള്‍ കുന്ദംകുളം MLA ക്ക് തന്നെ മാന്യന്‍ പരാതി കൊടുക്കാന്‍ കാരണം എന്താ...
MLA ക്ക് ഒരു പരാതി കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിക്കാറില്ലേ..
ബന്ധപ്പെട്ട സംഘടനയോടെങ്കിലും ചോദിക്കില്ലേ..
എന്തോ എന്തരോ..
അനുഭവിക്കട്ടെ ന്റെ കണവന്‍..
ഇത് ഇവിടെ കുറിച്ചതിന് അടുത്ത ശിക്ഷ ഉണ്ടാകോ ആവോ..
സസ്‌പെന്‍ഷന്‍....
പിരിച്ചു വിടല്‍...
ഞാനും ന്റെ കുട്ടികളും പട്ടിണി കിടക്കേണ്ടി വരോ..
ഒരു സമാധാനമുള്ളത്
കിട്ടിയ അടി
കൈക്കൂലി വാങ്ങിയിട്ടല്ല....
നിപരാധിയെ തല്ലിയിട്ടല്ല....
മേലാപ്പിസറുടെ മേല്‍ കുതിര കയറിയിട്ടല്ല...
മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തി കൊണ്ടല്ല.. ??