ആഴ്ച്ചയിലെ അവധി ചോദിച്ചിട്ടു ലഭിച്ചത് ശകാരം, അവധിയൊട്ട് കിട്ടിയതുമില്ല; നിരാശനായ എസ്‌ഐ വാട്‌സാപ് ഗ്രൂപ്പില്‍ 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്'... പാട്ടിട്ടു; അച്ചടക്ക ലംഘനമെന്ന് കാട്ടി എസ്‌ഐയുടെ കസേര തെറിച്ചു; അവധി ചോദിച്ചു പണി വാങ്ങിയ ഉദ്യോഗസ്ഥന്റെ കഥ!

‘പാമ്പുകള്‍ക്ക് മാളമുണ്ട്…’പാട്ട് പോസ്റ്റ് ചെയ്തു; പിന്നാലെ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

Update: 2025-03-13 08:50 GMT

കോഴിക്കോട്: കേരളാ പോലീസിലെ ആള്‍ക്ഷാമം കാരണം ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. മാനസിക സംഘര്‍ഷം ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടും അതൊന്നും നടന്നിട്ടില്ല. ഇതിന് ഉദാഹരണമാണ് കോഴിക്കോട് ജില്ലയിലെ എസ്‌ഐകക് ലഭിച്ച സ്ഥലം മാറ്റം സൂചിപ്പിക്കുന്നത്. അവധി ചോദിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് വാട്‌സ്ആപ്പില്‍ 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട്'... പാട്ട് പോസ്റ്റു ചെയ്ത എലത്തുര്‍ എസ്‌ഐക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.

'പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്കാകാശമുണ്ട്... മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ലാ...മണ്ണിലിടമില്ലാ...' തലമുറകളായി കേരളം പാടിനടക്കുന്ന ഈ പാട്ട് വാട്‌സാപ് ഗ്രൂപ്പിലിടുന്നത് ഒരു തെറ്റാണോ? എന്നാണ് ഇതോടെ പോലീസുകാര്‍ ചോദിക്കുന്നത്. കാരണം പാട്ട് വാട്‌സാപ് ഗ്രൂപ്പിലിട്ട എസ്.ഐയെ രായ്ക്കുരാമാനം സ്ഥലം മാറ്റിയത്. എലത്തൂരില്‍ നിന്ന് ഫറോക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം.

ആദ്യം പലര്‍ക്കും സംഗതി മനസിലായില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വാട്‌സാപ് ഗ്രൂപ്പില്‍ പാട്ടിട്ടത് എങ്ങനെ അച്ചടക്കലംഘനമായി മാറിയെന്ന് മനസിലായത്. എലത്തൂര്‍ എസ്‌ഐ ഫെബ്രുവരി 25ന് മേലുദ്യോഗസ്ഥനോട് ആ ആഴ്ചയിലെ അവധി ആവശ്യപ്പെട്ടു. തിരക്കുപിടിച്ച സമയത്ത് അവധി ചോദിച്ചതിന് ശകാരമായിരുന്നു മറുപടി. അവധിയൊട്ട് കിട്ടിയതുമില്ല. എസ്‌ഐ നിരാശനായി. ഉള്ളിലാകെ ദേഷ്യവും.

മനസില്‍ വിഷമവും നിരാശയും പിടിമുറുക്കിയതോടെ എസ്‌ഐ ഫോണെടുത്തു. 'പാമ്പുകള്‍ക്ക് മാളമുണ്ട്...' എന്നുതുടങ്ങുന്ന പാട്ട് പൊലീസ് വാട്‌സാപ് ഗ്രൂപ്പില്‍ത്തന്നെ അങ്ങ് പോസ്റ്റ് ചെയ്തു. തൊട്ടുതാഴെ എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ സംഭവങ്ങളുമായി പാട്ടിന് ഒരു ബന്ധവുമില്ല എന്നൊരു കുറിപ്പുകൂടി ഇട്ടു. അതോടെ അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും കാര്യം പിടികിട്ടി.

എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ അഡ്മിനായ ഗ്രൂപ്പിലാണ് എസ്‌ഐ പ്രതിഷേധപ്പാട്ടിട്ടത്. പിന്നാലെ 'എലത്തൂര്‍ ഒഫീഷ്യല്‍' എന്ന വാട്‌സാപ് ഗ്രൂപ്പിന്റെ പേര് 'ടീം എലത്തൂര്‍' എന്ന് തിരുത്തുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ സ്ഥലംമാറ്റ ഉത്തരവെത്തി. നടപടിയുടെ കാരണം എന്തെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു. നടപടി നേരിട്ട എസ്‌ഐയ്ക്കുപോലും. പക്ഷേ സ്ഥലംമാറ്റത്തിന് പിന്നില്‍ വാട്‌സാപ് പോസ്റ്റ് അല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതികരണം. ഈ വിശദീകരണം ബോധമുള്ള ആരും വിശ്വസിക്കില്ലെന്നാണ് പൊലീസുകാരുടെ നിലപാട്. ആവശ്യത്തിന് അവധി നല്‍കിയില്ല എന്ന ആരോപണവും മേല്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.ഈ വര്‍ഷം ഇതുവരെ 20 ഓളം ദിവസങ്ങളില്‍ എസ്ഐ അവധി എടുത്തിട്ടുണ്ടെന്നാണ് മേല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Tags:    

Similar News