പുണ്യത്തിന്റെ ആഘോഷമായി റംസാന്‍; ആദ്യ പത്ത് അനുഗ്രഹത്തിന്റെ ദിനങ്ങള്‍; രണ്ടാമത്തെ പത്ത് ദിനങ്ങള്‍ പാപമോചനത്തിന്റെ ദിനങ്ങള്‍; ആഘോഷം അവസാന ഘട്ടത്തില്‍; അറിയാം പ്രാധാന്യവും ചരിത്രവും
എറണാകുളം: റമദാന്‍ വ്രതാനുഷ്ഠാനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ കൂടുതല്‍ സജീവമാകുകയാണ്. റമദാനിന്റെ ആദ്യത്തെ പത്തു ദിനങ്ങള്‍ അനുഗ്രഹത്തിന്റെ ദിനങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ സൃഷ്ടാവിന്റെ അനുഗ്രഹത്തിനായുള്ള പ്രാര്‍ഥനകളിലായിരുന്നു വിശ്വാസികള്‍. അതേസമയം രണ്ടാമത്തെ പത്ത് ദിനങ്ങള്‍ പാപമോചനത്തിന്റെ ദിനങ്ങളാണ്. ജീവിതത്തില്‍ സംഭവിച്ച് പോയ വീഴ്ചകള്‍ സൃഷ്ടാവിനോട് ഏറ്റുപറഞ്ഞ് പാപമോചനത്തിനായാണ് ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ ശ്രമിക്കുന്നത്. പാപമോചനത്തിനായി നിങ്ങള്‍ വേഗം വരികയെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതെന്ന് നാസുറുദ്ധീന്‍ സഖാഫി പറയുന്നു. ചൂടേറിയ കാലാവസ്ഥയിലും സൃഷ്ടാവിന്‍ പ്രീതി പ്രതീക്ഷിച്ചാണ് എല്ലാ വിശ്വാസികളും വ്രതമനുഷ്ഠിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ബദര്‍ ദിനം: പ്രവാചകന്‍ മുഹമ്മദ് നബിയെയും അനുചരരെയും കായികമായി ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങി തിരിച്ച ശത്രുപക്ഷത്തെ നേരിടുകയും വിജയം വരിക്കുകയും ചെയ്ത ബദര്‍ പോരാട്ടം നടന്നതും വിശ്വാസികള്‍ വിജയിച്ചതും റമദാന്‍ പതിനേഴിനായിരുന്നു. ഇതിന്റെ സ്മരണക്കായാണ് വിശ്വാസികള്‍ റമദാന്‍ പതിനേഴിന് ബദര്‍ദിനം ആചരിക്കുന്നത്. മദീന കേന്ദ്രീകരിച്ച് മുഹമ്മദ് നബിയുടെ കീഴില്‍ ഇസ്ലാമിക് റിപ്പബ്ലിക്ക് സ്ഥാപിതമായതിന് ശേഷമായിരുന്നു പ്രതിരോധമെന്ന നിലയില്‍ ബദര്‍ യുദ്ധം നടന്നത്. സായുധമായ ഒരു പോരാട്ടത്തിന് പ്രോത്സാഹനം നല്‍കുന്നതല്ല ബദ്‌റിന്റെ സന്ദേശം. മറിച്ച് ഒരു രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള പ്രതിരോധ പോരാട്ടമായിരുന്നുവെന്നാണ് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ പൂര്‍ണമായും വെടിഞ്ഞാണ് വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നത്. പകല്‍ സമയം അന്നപാനീങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്ന വിശ്വാസികള്‍ അഞ്ചു നേരത്തെ നിര്‍ബന്ധമായ നമസ്‌കാരങ്ങള്‍ക്ക് പുറമെ സുന്നത്തായ നമസ്‌കാരങ്ങളും വര്‍ധിപ്പിക്കുന്നു.
റമദാനിലെ പ്രത്യേക രാത്രി നമസ്‌കാരമായ തറാവീഹിലും അവര്‍ പങ്കെടുക്കുന്നു. പള്ളികളില്‍ ഭജനയിരുന്ന് ആത്മീയമായ പുരോഗതി നേടാനും അവര്‍ പരിശ്രമിക്കുന്നു. പുണ്യങ്ങളുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കുന്ന റമദാന്‍ നാളില്‍ ദാന ധര്‍മ്മങ്ങള്‍ വര്‍ധിപ്പിച്ച് ദാരിദ്രത്തിന്റെ പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക് വിശ്വാസികള്‍ ആശ്വാസം പകരുന്നു. സമൂഹത്തിന് ആകെ നന്മയും ഐശര്യവും ഉണ്ടാകാനുളള പ്രാര്‍ഥനകളിലും അവര്‍ വ്യാപൃതരാകുന്നു.
റമദാനിന്റെ ലക്ഷ്യം: നോമ്പുകാരന്റെ മനസും ശരീരവും സൃഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ച് ആത്മസംസ്‌കരണം നേടിയെടുക്കുകയെന്നതാണ് റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ താത്പര്യം. കേവലം പട്ടിണി കിടക്കല്‍ മാത്രമല്ല റമദാന്‍ വ്രതം. മനസും ശരീരവും ആത്മനിയന്ത്രണത്തിലൂടെ എല്ലാത്തരം തിന്മകളില്‍ നിന്നും വിമുക്തമാക്കി, സംശുദ്ധമായ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുകയെന്നതാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യം.
പട്ടിണി കിടക്കുന്നതിലൂടെ വിശപ്പിന്റെ വില തിരിച്ചറിയുകയും പട്ടിണി പാവങ്ങളായ ഒരോ മനുഷ്യരോടും ഐക്യപ്പെടുക കൂടിയാണ് വിശ്വാസികള്‍ ചെയ്യുന്നത്. വ്രതനാളുകളില്‍ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഏറെയാണ്. ധാന ധര്‍മ്മങ്ങള്‍ ചെയ്തും മറ്റ് സത്കര്‍മങ്ങളില്‍ പങ്കാളിയായും ആത്മീയമായ പ്രതിഫലം വാരിക്കൂട്ടുകയെന്നതാണ് വിശ്വാസികളുടെ ലക്ഷ്യം. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ഹിജ്‌റ കലണ്ടര്‍ പ്രകാരമാണ് റമളാന്‍ വ്രതാനുഷ്ഠാനം ക്രമീകരിച്ചിരിക്കുന്നത് എന്നതിനാല്‍ ഒരോ വര്‍ഷവും വ്യത്യസ്തമായ കാലാവസ്ഥയില്‍ വ്രതം അനുഷ്ഠിക്കാനാണ് വിശ്വാസികള്‍ക്ക് അവസരം ലഭിക്കുന്നത്. 36 വര്‍ഷത്തിനുള്ളില്‍ എല്ലാ കാലാവസ്ഥയിലും ഒരു വിശ്വാസിക്ക് വ്രതം അനുഷ്ഠിക്കാന്‍ കഴിയും.
ലൈലത്തുല്‍ ഖദ്ര്‍: ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ദിനമാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏതു രാത്രിയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ രാവുകളില്‍ പ്രതീക്ഷിക്കണമെന്നാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചത്. ഇതില്‍ തന്നെ കൂടുതല്‍ സാധ്യത റമദാന്‍ ഇരുപത്തിയേഴാം രാവിനാണ് കല്‍പിച്ചത്. ഇത് തന്നെയാണ് റമദാന്‍ ഇരുപത്തിയേഴാം രാവിന് വിശ്വസികള്‍ അമിത പ്രാധാന്യം നല്‍കുന്നതിനും കാരണം.
ഖുര്‍ആന്‍ വാര്‍ഷികം: വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട മാസായ റമദാന്‍ മാസം ഖുര്‍ആനിന്റെ വാര്‍ഷികം കൂടിയാണ്. ഈ മാസം വിശ്വാസികള്‍ ധാരാളമായി ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനുമായി സമയം ചെലവഴിക്കും. റമദാന്‍ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടുവെന്നതാണ്.
ലൈലത്തുല്‍ ഖദ്ര്‍ രാത്രിയിലാണ് ഖുര്‍ആന്റെ അവതരണമെന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലും പരാമര്‍ശിക്കുന്നത്. ഈ പുണ്യമേറിയ രാത്രിയില്‍ നന്മയില്‍ മുഴുകി ആത്മീയ വിജയം നേടാനുള്ള പ്രാര്‍ഥനയിലാണ് ഒരോ വിശ്വാസികളും കഴിയുക. ഈ ദിവസം വിപുലമായ പ്രാര്‍ഥന സംഗമങ്ങള്‍ നടക്കും.
മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒത്തുചേരുന്ന പ്രാര്‍ഥന സംഗമങ്ങളും പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. റമദാന്‍ 29ന് മാസപ്പിറ കാണുകയോ മുപ്പത് പൂര്‍ത്തിയാക്കുകയോ ചെയ്താണ് വിശ്വാസികള്‍ ഈദുഫിത്വര്‍ അഥവ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക.