മണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്; ടൂറിസ്റ്റ് ബസ് അപകടത്തില്‍ സിന്ധു മരിച്ചെന്ന വാര്‍ത്ത കേട്ടു നടുങ്ങി നാട്ടുകാര്‍; ഭൗതിക ശരീരം ഇന്ന് വൈകീട്ടോടെ മണത്തണയില്‍ എത്തിക്കും; സംസക്കാരം നാളയെന്ന് ബന്ധുക്കള്‍; അപകടത്തില്‍ പെട്ട രണ്ട്‌പേരുടെ നില ഗുരുതരം
മണത്തണ ഗ്രാമം ഇന്ന് ഉണര്‍ന്നെണീറ്റത് ദുരന്ത വാര്‍ത്ത കേട്ട്
കണ്ണൂര്‍: വിനോദ യാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ അപകട മരണത്തില്‍ നടുങ്ങി മണത്തണ ഗ്രാമം. കോട്ടയം കുറവിലങ്ങാട് വിനോദയാത്ര കഴിഞ്ഞു മടങ്ങവെ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച മണത്തണ കരിയാടന്‍ഹൗസില്‍ സിന്ധു പ്രബീഷിന്റെ (45) വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. ഇന്ന് പുലര്‍ച്ചെ ദുരന്തവാര്‍ത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങള്‍ ഉണരുന്നത്.
സിന്ധുവിന്റെഭൗതിക ശരീരം തിങ്കളാഴ്ച്ച വൈകിട്ട് മണത്തണയിലെ ത്തിക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ സുധാകരന്‍ നമ്പ്യാര്‍ - ദേവിയമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പ്രബീഷ്' മക്കള്‍: സിദ്ധാര്‍ത്ഥ് (ഗള്‍ഫ് ) അഥര്‍വ്വ് (വിദ്യാര്‍ത്ഥി മണത്തണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) സഹോദരങ്ങള്‍: സുരേഷ് കുമാര്‍, രാജീവന്‍.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോട് കൂടിയാണ് വളവില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേര്‍ ബസിലുണ്ടായിരുന്നു.
ഇതില്‍ 18ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ദുരന്തവാര്‍ത്തയറിഞ്ഞ് മണത്തണയില്‍ നിന്നും ഇരിട്ടി ഭാഗങ്ങളില്‍ നിരവധി പേര്‍ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.