ഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെങ്കില്‍ ബിഎല്‍ഒമാര്‍ അവസാനഘട്ടമായി വീടുകളിലെത്തും; കേന്ദ്ര കണക്കില്‍ കേരളം ഫോം വിതരണത്തില്‍ പിന്നില്‍; 7,42,568 പേര്‍ക്ക് ഇനിയും ഫോം നല്‍കിയിട്ടില്ല; സുപ്രീംകോടതി തീരുമാനം നിര്‍ണ്ണായകം; പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും നിര്‍ദേശങ്ങളുടെ അഭാവവും ചര്‍ച്ചകളില്‍

Update: 2025-11-26 01:03 GMT

തിരുവനനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി (എസ്‌ഐആര്‍) ഇനിയും ഫോം ലഭിക്കാത്ത വോട്ടര്‍മാരുണ്ടെങ്കില്‍ ബിഎല്‍ഒമാര്‍ അവസാനഘട്ടമായി ഇനിയും വീടുകളിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധനയിലെ എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ഏറ്റവും പിന്നില്‍ കേരളവും തമിഴ്നാടുമാണ്. കേന്ദ്ര കമീഷന്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം കേരളത്തില്‍ 97.33 ശതമാനം പേര്‍ക്കും തമിഴ്നാട്ടില്‍ 96.22 ശതമാനം പേര്‍ക്കും മാത്രമാണ് ഫോം നല്‍കിയിട്ടുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുച്ചേരിയാണ് ഏറ്റവും പിന്നില്‍.

ഈ സാഹചര്യത്തിലാണ് ഇനിയും ഫോം വിതരണം ചെയ്യുന്നത്. 99.5 ശതമാനം ഫോം വിതരണം ചെയ്‌തെന്നാണ് കമ്മീഷന്‍ കണക്ക്. ഇനിയും ഫോം വിതരണം ചെയ്യാന്‍ ആളുകളുണ്ട്. ഇവര്‍ക്കായുള്ള ഫോം വിതരണം അവസാനിപ്പിച്ചിട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു. ആര്‍ക്കെങ്കിലും എന്യുമറേഷന്‍ ഫോം ഇനിയും ലഭിച്ചിട്ടില്ലെങ്കില്‍ ബിഎല്‍ഒയെ ബന്ധപ്പെടാം. ബിഎല്‍ഒമാര്‍ ക്യാമ്പുകള്‍ വിളിച്ച് ഫോം വിതരണവും പൂരിപ്പിച്ചു വാങ്ങലും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു ശേഷം ഫോം വിതരണം അവസാനിപ്പിച്ചു എന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

കേരളത്തില്‍ 7,42,568 പേര്‍ക്ക് ഇനിയും ഫോം നല്‍കിയിട്ടില്ല. ഇതിന്റെ കാരണം കമീഷന്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മയും നിര്‍ദേശങ്ങളുടെ അഭാവവുമാണ് വിതരണം വൈകാന്‍ പ്രധാന കാരണമായി രാഷ്ട്രീയ പാര്‍ടികള്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലുമാണ്. കേരളത്തില്‍ 99.5 ശതമാനത്തില്‍ കൂടുതല്‍ ഫോം വിതരണം ചെയ്‌തെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം. എന്നാല്‍, കേന്ദ്ര കമീഷന്റെ കണക്കുകള്‍ ഈകണക്കുമായി പൊരുത്തപ്പെടുന്നില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ധൃതിപിടിച്ച് കേരളത്തില്‍ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) നടത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അടക്കം നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്. സിപിഐയുടെ ഹര്‍ജിയും ഇതിനൊപ്പം പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്ന എസ്ഐആര്‍ ഭരണ സ്തംഭനത്തിനിടയാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നടപടികള്‍ നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി ഹര്‍ജിയില്‍ പറഞ്ഞു. സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ടികളാണ് മറ്റ് ഹര്‍ജിക്കാര്‍.

തമിഴ്നാട്ടില്‍ നടത്തുന്ന എസ്ഐആറിനെതിരെ എംഡിഎംകെ അധ്യക്ഷന്‍ വൈകോ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനുമുന്പ് മറുപടി നല്‍കണം. എസ്ഐആര്‍ നടത്താന്‍ പുറപ്പെടുവിച്ച കമീഷന്‍ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹര്‍ജി. സിപിഎം, ഡിഎംകെ, ടിവികെ എന്നീ പാര്‍ടികളുടെ ഹര്‍ജിയിലും കോടതി നോട്ടീസ് അയച്ചിരുന്നു.

Tags:    

Similar News