എസ്.ഐ.ആര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; പട്ടികയില്‍ പേരുള്ള ഇത്രയും പേരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍; പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്; കൂട്ട ഒഴിവാക്കലിനെതിരെ എതിര്‍പ്പ് അറിയിച്ചു ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും
എസ്.ഐ.ആര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25,72,889 വോട്ടര്‍മാര്‍ പുറത്ത്. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും. ഒക്ടോബറില്‍ എസ്.ഐ.ആര്‍ നടപടി തുടങ്ങിയപ്പോള്‍ പട്ടികയിലുണ്ടായിരുന്നവര്‍ 2,78,59,855പേര്‍. കരട് പട്ടികയില്‍ ഉണ്ടാവുക 2,52,86,966പേരകും. 25 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ ആയില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കറാണ് അറിയിച്ചത്.
സംസ്ഥാനത്തെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേല്‍ക്കര്‍. സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ അതിശക്തമായ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പട്ടികയില്‍ 6.44 വോട്ടര്‍മാര്‍ മരിച്ചതായും 8.19 ലക്ഷം വോട്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ഇരട്ടവോട്ടുള്ള 1.31 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. 7.12ലക്ഷം പേരുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും കേല്‍ക്കര്‍ പറഞ്ഞു. ബിഎല്‍ഒമാര്‍ക്ക് ഫോമുകള്‍ നല്‍കാത്ത വോട്ടര്‍മാര്‍ ഉള്‍പ്പടെയാണ് വിവരങ്ങള്‍ ലഭ്യമല്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അതുവഴി ആളുകള്‍ക്ക് അവരുടെ പേര് പരിശോധിക്കാന്‍ കഴിയും. ഈവിവരം രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കും.കാസര്‍കോട്്, കൊല്ലം, വയനാട് ജില്ലകളില്‍ എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തിയായതായും ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും കേല്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ മാസം ആരംഭിച്ച എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിയിരുന്നു.
പുറത്താക്കപ്പെടുന്നവരില്‍ കൂടുതല്‍ തിരുവനന്തപുരത്ത്- 4,36,857. പുറത്താകുന്നവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവര്‍ക്ക് തെളിവ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കും. ബോദ്ധ്യപ്പെട്ടാല്‍ നിലനിറുത്തും. അല്ലെങ്കില്‍ ഒഴിവാക്കും. എന്യൂമറേഷന്‍ ഫോം ഡിജിറ്റൈസ് ചെയ്യാന്‍ പറ്റാത്തതിലൂടെ ഉള്‍പ്പെടാതെ പോയവര്‍ 71,877, മരിച്ചവര്‍ 6,44,547, കണ്ടെത്താന്‍ സാധിക്കാത്തവര്‍ 7,11,958, സ്ഥിരമായി താമസം മാറിയവര്‍ 8,19,346, ഇരട്ടിപ്പ് 1,31,530, മറ്റുകാരണങ്ങളാല്‍ ഉള്‍പ്പെടാത്തവര്‍ 1,93,631 എന്നിങ്ങനെയാണ് പുറത്താക്കപ്പെടുന്നവരെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു.
പുറത്തായ വോട്ടര്‍മാര്‍ (ജില്ല തിരിച്ച്)
തിരുവനന്തപുരം............... 4,36,857
എറണാകുളം..................... 3,34,962
കാസര്‍കോട്...................... 63,114
വയനാട്.............................. 37,422
കൊല്ലം................................ 1,68,018
മലപ്പുറം............................... 1,79,673
പാലക്കാട്............................ 2,00,070
തൃശൂര്‍................................. 2,56,842
ഇടുക്കി............................... 1,28,333
കോഴിക്കോട്.......................1,94,588
പത്തനംതിട്ട...................... 1,00,948
ആലപ്പുഴ............................. 1,44,243
കോട്ടയം.............................. 1,66,010
കണ്ണൂര്‍................................. 89,932
അതേസമയം വോട്ടര്‍പട്ടികയില്‍ നിന്ന് ഇത്രയധികം പേരെ ഒഴിവാക്കുന്നതില്‍ ബി.ജെ.പി ഒഴികെയുള്ള പല രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തു. പുറത്താക്കപ്പെടുന്നവരുടെ പട്ടിക കൈമാറണം. പരിശോധിച്ച് ഇവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പട്ടികയിലെ ഇരട്ടിപ്പ് ഇപ്പോള്‍ കണ്ടെത്തിയതിലും കൂടുതലായിരിക്കാനാണ് സാദ്ധ്യതയെന്ന് ബി.ജെ.പി പ്രതിനിധി ജെ.ആര്‍.പത്മകുമാര്‍ പറഞ്ഞു.
എന്യൂമറേഷന്‍ ഫോം തിരിച്ചുനല്‍കാന്‍ വിസമ്മതിച്ചവരുണ്ടെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍ വ്യക്തമാക്കി. ഒഴിവാക്കിയവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയാകണം കരട് പട്ടിക പ്രസിദ്ധീകരിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ.റഹ്‌മാന്‍ ആവശ്യപ്പെട്ടു. സത്യന്‍മൊകേരി (സി.പി.ഐ), മാത്യു ജോര്‍ജ് (കേരള കോണ്‍.), മുഹമ്മദ് ഷാ (മുസ്‌ളിംലീഗ്) തുടങ്ങിയവരും പങ്കെടുത്തു.
