തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം; ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിനെന്ന തെറ്റായ രേഖ നല്‍കിയെന്ന് ആരോപണം; പിന്നില്‍ മുസ്ലീം ലീഗിലെ ഗ്രൂപ്പ് തര്‍ക്കമെന്ന് സൂചന; ആരോപണം ഏറ്റുപിടിച്ച് സിപിഎം; വഖഫ് ഭൂമി തട്ടിയെടുക്കാന്‍ നീക്കമെന്ന് എം വി ജയരാജന്‍

സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം

Update: 2025-04-16 13:44 GMT

കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലി വിവാദം മുറുകുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നരിക്കോട്ട് ഇല്ലത്തിന് ആണെന്നുകാണിച്ച്, ഹൈക്കോടതിയില്‍ കോളജ് മാനേജ്‌മെന്റ് തെറ്റായ രേഖ നല്‍കിയെന്നും, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും വഖഫ് സംരക്ഷണ സമിതി ആരോപിച്ചു. എന്നാല്‍, വാദം പൂര്‍ണമായും തള്ളിയ കോളജ്, തണ്ടപ്പേര്‍ മാറ്റാന്‍ മാത്രമാണ് കോടതിയില്‍ പോയതെന്ന് വിശദീകരിച്ചു. വിവാദമായതോടെ വിഷയം സിപിഎമ്മും ഏറ്റുപിടിച്ചു.

ലീഗ് നേതാക്കള്‍ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങള്‍ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാന്‍ നീക്കം നടത്തിയെന്നാണ് സിപിഎം നേതാവ് എം.വി.ജയരാജന്റെ ആരോപണം. കോളേജിന്റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്‌മെന്റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.

വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്താണ് കണ്ണൂരില്‍ സിപിഎം വിമര്‍ശനം. കാനന്നൂര്‍ ഡിസ്ട്രിക്സ്റ്റ് മുസ്ലിം എഡ്യുക്കേഷണല്‍ അസോസിയേഷന് കീഴിലാണ് കോളേജ്. 1967ല്‍ ജുമാ അത്ത് പളളി അസോസിയേഷന് പാട്ടവ്യവസ്ഥയില്‍ കൈമാറിയതാണ് ഭൂമി. ഇതിന്റെ തണ്ടപ്പേര്‍ ഉള്‍പ്പെടെ റവന്യൂ രേഖകളില്‍ കൃത്രിമം കാണിച്ച് മാനേജ്മന്റ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. തണ്ടപ്പേര്‍ പളളിയുടെ പേരിലേക്ക് മാറ്റുന്നതിനെതിരെ മാനേജ്‌മെന്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇത് വ്യക്തമെന്നാണ് വാദം. ലീഗ് നേതാക്കളാണ് ഭരണസമിതിയിലെന്നതിനാല്‍ സിപിഎം വിഷയം ആയുധമാക്കി.

സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷനെതിരെയാണ് ആരോപണം. 1967 ല്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ നാല് വര്‍ഷം മുമ്പുവരെ കരമടച്ചവരാണ് കോളജെന്നും ഇപ്പോള്‍ തണ്ടപ്പേര്‍ മാറ്റണമെന്ന് പറയുന്നത് ഭൂമി തട്ടിയെടുക്കാനാണെന്നും വഖഫ് സംരക്ഷണ സമിതി ആരോപിച്ചു.

കാലങ്ങളായി കോളജ് നികുതിയടക്കുന്നത് തളിപ്പറമ്പ് മുസ്ലിം ജമാഅത്തിന്റെ പേരിലായതിനാല്‍ ഇനിമുതല്‍ കോളജിന്റെ ഉടമസ്ഥത വഹിക്കുന്ന മുസ്ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ പേരില്‍ അടക്കാനാണ് തണ്ടപ്പേര്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് മറുവാദം. ഭൂമി ജമാഅത്തിന്റേതു തന്നെയാണെന്നും വഖഫ് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിക്കുന്നേയില്ലെന്നും കോളജ് മാനേജ്‌മെന്റ്.

എന്നാല്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഭരിക്കുന്ന കോളജ്, ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഖാസിയായ പള്ളിയുടെ ഭൂമി തട്ടിയെടുക്കാന്‍ നോക്കുകയാണെന്ന് പറഞ്ഞാണ് വിഷയം സിപിഎമ്മും ഏറ്റുപിടിക്കുന്നത്. എന്നാല്‍ പള്ളിയും സര്‍ സയ്യിദ് കോളജും മുസ്ലിം ലീഗ് അനുഭാവികളുടേതാണ്. ഇവര്‍ക്കിടയിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഭൂമിപ്രശ്‌നത്തിലേക്കെത്തിച്ചതെന്നാണ് വിവരം.

രാഷ്ട്രീയ ലക്ഷ്യത്തോടെ അസംബന്ധം പറയുകയാണ് സിപിഎമ്മെന്ന് കോളേജ് മാനേജ്‌മെന്റ് തിരിച്ചടിക്കുന്നു. ഭൂമിയില്‍ ഉടമസ്ഥാവകാശമില്ലെന്നും അത് വഖഫ് ഭൂമി തന്നെയാണെന്നും പറഞ്ഞ മാനേജ്‌മെന്റ് 57 വര്‍ഷമായി നികുതിയൊടുക്കുന്നതായും സിഡിഎംഇഎ സെക്രട്ടറി അള്ളാംകുളം മഹമൂദ് പറഞ്ഞു.

ലീഗിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താന്‍ തീരുമാനിച്ച സിപിഎം നാളെ തളിപ്പറമ്പില്‍ പ്രതിഷേധ യോഗവും സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ തളിപ്പറമ്പ് നഗരഹൃദയത്തിലെ ഏക്കറുകണക്കിന് ഭൂമിയില്‍ വഖഫ് സംരക്ഷണ സമിതി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഎം നിയന്ത്രണത്തിലുളള സ്ഥാപനങ്ങളുടെ ഭൂമിയും ഉള്‍പ്പെട്ടതോടെ നടപടിയില്‍ നിന്ന് പിന്നോട്ടുപോയെന്ന് ആക്ഷേപമുണ്ട്. ആ വഖഫ് ഭൂമി ആദ്യം തിരികെ കൊടുക്കാന്‍ സിപിഎമ്മിനെ ലീഗ് നേതാക്കള്‍ വെല്ലുവിളിക്കുന്നുമുണ്ട്.

മുസ്ലീം ലീഗിനെതിരെ ആരോപണം

1967-ല്‍ 25 ഏക്കര്‍ വഖഫ് ഭൂമി ഒരേക്കറിന് അഞ്ചുരൂപ നിരക്കിലാണ് അസോസിയേഷന് പള്ളിക്കമ്മിറ്റി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. തുച്ഛമായ തുകയായിട്ടും 2004 വരെ കരാര്‍പ്രകാരമുള്ള പാട്ടത്തുകയായ 4525 രൂപ പോലും തളിപ്പറമ്പ് ജമാഅത്ത് പള്ളി കമ്മിറ്റിക്ക് അസോസിയേഷന്‍ നല്‍കിയില്ല. 2004-ല്‍ പാട്ടത്തുക 3000 രൂപയായും 2016-ല്‍ മൂന്ന് ലക്ഷമായും വര്‍ധിപ്പിച്ചു. 58 വര്‍ഷത്തിനിടെ ആകെ നാല് വര്‍ഷം മാത്രമാണ് പാട്ടത്തുക അടച്ചത്. പാട്ടത്തുക അടച്ചില്ലെങ്കില്‍ത്തന്നെ കരാര്‍ റദ്ദാക്കപ്പെടാം. എന്നിട്ടും ഭൂമി കൈവശംവെക്കാന്‍ അനുവദിച്ചു.

1967-ല്‍ വഖഫ് ബോര്‍ഡ് പാട്ടവ്യവസ്ഥപ്രകാരം അനുമതി നല്‍കിയത് 21.53 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ അസോസിയേഷന്റെ കൈവശം 30 ഏക്കറുണ്ട്. പാട്ടത്തിനെടുത്തും കൈയേറിയതുമായ ഈ ഭൂമിയിലാണ് സര്‍ സയ്യിദ് കോളേജ് ഉള്‍പ്പടെയുള്ള അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഏകദേശം 10 ഏക്കര്‍ കൈയേറി. അങ്ങനെ കൈവശപ്പെടുത്തിയ ഭൂമിയില്‍ 1973-ല്‍ ഹോസ്റ്റല്‍ പണിതു. ഹോസ്റ്റല്‍ ഭൂമി വഖഫിന്റേതാണെന്ന് വഖഫ് ട്രിബ്യൂണല്‍ ഉത്തരവിറക്കി. പാട്ടവ്യവസ്ഥയില്‍ ലഭിച്ച വഖഫ് ഭൂമി വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താനായിരുന്നു ലീഗ് നേതൃത്വം പരിശ്രമിച്ചത്. രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വെവ്വേറെ ഭൂമികള്‍ വേണം. എന്നാല്‍ ഒരേഭൂമി തന്നെ രണ്ടുതവണ കാണിച്ചാണ് ട്രെയിനിങ് കോളേജിനും സ്‌കൂളിനും അനുമതി വാങ്ങിയത്.

1966-ല്‍ വഖഫ് ബോര്‍ഡിന്റെ അന്നത്തെ സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡിന്റെ നിയമാനുസൃതമായ അനുമതിപ്രകാരമാണ് 1967-ല്‍ തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ മുതവല്ലി കെ.വി. സൈനുദ്ദീന്‍ ഹാജി ഭൂമി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തറവാടക നല്‍കിയാണ് കോളേജും മറ്റു സ്ഥാപനങ്ങളും നടത്തുന്നത്.

സര്‍ സയ്യിദ് കോളേജ് നിലനില്‍ക്കുന്ന വസ്തുവിന്റെ നിയമപ്രകാരമുള്ള ഹോള്‍ഡര്‍ എന്നനിലയില്‍ കൈവശക്കാരായിട്ടുള്ള സിഡിഎംഇഎയുടെ പേരിലുള്ള രേഖകള്‍ മാറ്റാന്‍ ചിലര്‍ നീക്കംനടത്തിയത് കേസിലേക്ക് നയിച്ചു. തളിപ്പറമ്പ് ആര്‍ഡിഒ മുന്‍പാകെയുള്ള കേസില്‍ വിധിപറയുന്നതുവരെ വിഷയത്തില്‍ നടപടിയെടുക്കരുതെന്ന ആവശ്യത്തോടെയാണ് സിഡിഎംഇഎ ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷമായി കോളേജിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ചിലര്‍ നടത്തിവരുന്ന കുത്സിതശ്രമങ്ങളെ സിഡിഎംഇഎ നിയമസഹായത്തോടെയും തളിപ്പറമ്പിലെ ജനങ്ങളുടെ നിരുപാധിക പിന്തുണയോടെയും തടഞ്ഞിട്ടുണ്ട്.

വസ്തുവിന്റെ ഉടമസ്ഥാവകാശം തളിപ്പറമ്പിലെ ജമാഅത്ത് കമ്മിറ്റിക്കാണെന്നും ലീസ് ഹോള്‍ഡര്‍ എന്നനിലയില്‍ നിയമാനുസൃതം വസ്തു കൈവശംവെച്ച് കോളേജ് നടത്തുക മാത്രമാണ് സിഡിഎംഇഎ ചെയ്യുന്നതുമെന്ന വാദമാണ് എല്ലാകാലത്തും എടുത്തുപോന്നിരുന്നത്. ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയിലും ഈ വാദം ഒന്നിലധികം സ്ഥലങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. അഡ്വ. പി. മഹമൂദ് അധ്യക്ഷനായി. കെ. ഹുസൈന്‍ ഹാജി, എം.ബി.എം. അഷ്‌റഫ്, അഡ്വ. എസ്. മുഹമ്മദ്, എ. അബ്ദുള്ള ഹാജി, കെ. മുസ്തഫ ഹാജി, മഹമൂദ് അള്ളാംകുളം, എ.കെ. അബൂട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News