രാവിലെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോയത് രഹസ്യ കേന്ദ്രത്തിലേക്ക്; ശബരിമലയിലെ എത്ര സ്വര്‍ണം തട്ടിയെടുത്തു? ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; അറസ്റ്റിലേക്ക് നീങ്ങുമെന്ന് സൂചന; ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസിലും എസ്‌ഐടിയുടെ പരിശോധന; ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും ചോദ്യം ചെയ്‌തേക്കും
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിലെത്തി സംഘം കസ്റ്റഡിയിലെടുത്തത്. നിലവില്‍ ഒരു രഹസ്യ കേന്ദ്രത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റഡിയിലെടുത്ത വിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നേരത്തെയും നിരവധി തവണ ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നീക്കം. ശബരിമല സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേസ് അന്വേഷിക്കുന്ന കോടതിയില്‍ പത്ത് ദിവസത്തിനകം സമര്‍പ്പിക്കേണ്ടതുണ്ട്. ചോദ്യം ചെയ്യലിലൂടെ എത്രത്തോളം സ്വര്‍ണ്ണമാണ് പോറ്റി തട്ടിയെടുത്തത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. പത്തനംതിട്ട എ.ആര്‍ ക്യാംപിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ദ്വാരപാലക, കട്ടിള സ്വര്‍ണപ്പാളി കേസുകളില്‍ പ്രതിയാണ് പോറ്റി.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന സുനില്‍ കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ സര്‍വീസില്‍ ബാക്കിയുള്ള രണ്ട് ഉദ്യോഗസ്ഥരില്‍ ഒരാളാണ് സുനില്‍ കുമാര്‍. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെയും നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചിരുന്നു.
2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് മുരാരി ബാബു റിപ്പോര്‍ട്ട് നല്‍കിയതായും, 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളി കൈമാറിയത് മുരാരി ബാബുവാണെന്നും വിവരങ്ങളുണ്ട്. അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു 2019ല്‍ സ്വര്‍ണം ചെമ്പാണെന്ന് എഴുതിനല്‍കിയതായും ആരോപണമുണ്ട്.
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം കാണേണ്ടതുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചകളെ വിമര്‍ശിച്ച പ്രശാന്ത്, പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം നടപടി സ്വീകരിക്കും.
അതേസമയം, പ്രത്യേക അന്വേഷണ സംഘം ശബരിമലയിലും പരിശോധന നടത്തി. എക്‌സിക്യൂട്ടീവ് ഓഫീസിലെ ഫയലുകളാണ് പരിശോധിക്കുന്നത്. സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വര്‍ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് അനുബന്ധ റിപ്പോര്‍ട്ടായി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എന്നാല്‍, ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണെന്നായിരുന്നു എന്‍ വാസുവിന്റെ പ്രതികരണം.