'മേഴ്സി കോപ്സ്' കാരിക്കടവ് ഉന്നതിയിലെ 14 കുടുംബങ്ങള്‍ക്ക് വേണ്ടി നടപ്പാക്കിയ കുടിവെള്ള പദ്ധതി; തനിക്കും ചുറ്റമുള്ളവര്‍ക്കും വെള്ളം കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വൈദ്യുതി കൊടുത്ത ശിവനും; ബില്ലാന്‍ അടയ്ക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ ഇരുട്ടിലായത് ഒറ്റ കുടുംബം; വാതിലുകള്‍ മാറി മാറി മുട്ടിയിട്ടും ആരും കണ്ണു തുറന്നില്ല; ഒടുവില്‍ മാസ് ഇടപെടലുമായി ആക്ഷന്‍ ഹീറോ; ഒന്നര വര്‍ഷത്തെ ദുരിതം ഒറ്റ ചെക്കില്‍ തീര്‍ത്ത കഥ
തൃശ്ശൂര്‍: അയല്‍വാസികള്‍ക്ക് വെള്ളം കിട്ടാന്‍ വൈദ്യുതി കൊടുത്ത് വെട്ടിലായ മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് ഉന്നതിയിലുള്ള എം.കെ. ശിവന്‍. വൈദ്യുതി ബില്‍ അടയ്‌ക്കേണ്ടവര്‍ അടയ്ക്കാതെ വന്നപ്പോള്‍ ഇരുട്ടിലായി ജീവിതം. ഇതിനിടെ ശിവന് ഒരു രക്ഷകനെത്തി. സാക്ഷാല്‍ സുരേഷ് ഗോപി. തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ ചര്‍ച്ചയാവുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ വൈദ്യുതിയില്ലാതെ ദുരിതത്തിലായിരുന്ന കുടുംബത്തിന് വെളിച്ചം ലഭിച്ചെന്ന വാര്‍ത്തയും. എല്ലാവരും ആക്ഷന്‍ ഹീറോയ്ക്ക് ഈ വാര്‍ത്തയില്‍ കൈയ്യടി നല്‍കുകയാണ്.
സുരേഷ് ഗോപിയെ മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുന്നുവെന്ന് ബിജെപി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത സജീവ ചര്‍ച്ചയായിരിക്കുന്നത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ സുരേഷ് ഗോപി പ്രതികരിക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ ജയിലില്‍ അടയ്ക്കപ്പെട്ട വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ലെന്ന വിമര്‍ശനം ഉയര്‍ന്നതോട സുരേഷ് ഗോപി അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തിയിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് ഉന്നതിയിലുള്ള എം.കെ. ശിവന്‍, എം.ആര്‍. ബിന്ദു എന്നിവരുടെ വീട്ടിലെ വൈദ്യുതിയാണ് മന്ത്രിയുടെ സഹായത്തോടെ പുനഃസ്ഥാപിച്ചത്. കെഎസ്ഇബിക്ക് നല്‍കാനുണ്ടായിരുന്ന 60,142 രൂപയുടെ കുടിശ്ശിക മന്ത്രി അടച്ചതോടെയാണ് കുടുംബത്തിന്റെ ദുരിതത്തിന് അറുതിയായത്. ഒന്നര വര്‍ഷമാണ് കുടുംബത്തിന് വൈദ്യുതി മുടങ്ങിയത്. വാര്‍ത്തയെ തുടര്‍ന്നാണ് വിഷയം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ബിജെപി നേതാക്കള്‍ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.
സന്നദ്ധ സംഘടനയായ 'മേഴ്‌സി കോപ്‌സ്' പ്രദേശത്തെ 14 കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. ഇതിനായി ശിവന്റെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരുന്നത്. പദ്ധതിയുടെ തുടക്കത്തില്‍ ചെറിയ തുകയുടെ ബില്ലുകളാണ് വന്നിരുന്നു. അത് അടച്ചിരുന്നതായും 'മേഴ്‌സി കോപ്‌സ്' ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ പിന്നീട് വന്ന ഭീമമായ തുക വന്ന് തുടങ്ങിയതോടെ വൈദ്യുതി ബില്‍ അടക്കാതെയായി. കുടിവെള്ള പദ്ധതികൊണ്ട് മാത്രം ഇത്രയും ഭീമമായ തുക ബില്‍ വന്നതല്ലെന്നാണ് മേഴ്‌സി കോപ്‌സിന്റെ നിലപാട്. ഒന്നര വര്‍ഷത്തോളം വൈദ്യുതി ബില്‍ അടക്കാതായതോടെയാണ് ഭീമമായ തുക കുടിശ്ശികയായി വന്നത്. തുടര്‍ന്നാണ് ശിവന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്.
അതേസമയം, പദ്ധതിയില്‍ പങ്കില്ലാത്തതിനാല്‍ സാമ്പത്തികമായി സഹായിക്കാനാവില്ലെന്ന് മറ്റത്തൂര്‍ പഞ്ചായത്തും അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. കുടിശ്ശികയും പലിശയുമടക്കമുള്ള മുഴുവന്‍ തുകയും അദ്ദേഹം അടച്ചു. വ്യാഴാഴ്ച, മന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി രാജേഷ് നായര്‍, ബിജെപി എറണാകുളം മേഖലാ പ്രസിഡന്റ് എ. നാഗേഷ്, പി. ഗോപിനാഥ്, കൃഷ്ണദത്ത് എന്നിവര്‍ ശിവന്റെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മാധ്യമ വാര്‍ത്തയെ തുടര്‍ന്നുണ്ടായ കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ ഒരു കുടുംബത്തിന്റെ ഒന്നര വര്‍ഷം നീണ്ട ദുരിതമാണ് അവസാനിച്ചത്.